ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും നിരാഹാരമിരിക്കുമെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്.
‘കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നാളെ ഒരു ദിവസത്തെ നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ഞാനും ഒരു ദിവസത്തെ നിരാഹാരമിരിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയിലെ അംഗങ്ങളോടും കര്‍ഷകരുടെ ഉപവാസ സമരത്തിനൊപ്പം പിന്തുണ പ്രഖ്യാപിച്ച് നിരാഹാരമിരിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കര്‍ഷക സമരത്തെ പിന്തുണച്ച് ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ ഉപവാസമനുഷ്ഠിക്കുമെന്ന് പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം.പിയുമായുള്ള സഞ്ജയ് സിംഗ് പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളാണ് ഡിസംബര്‍ 14ന് നിരാഹാരമിരിക്കുന്നത്. കര്‍ഷക സമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കര്‍ഷക നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ഏത് ശ്രമവും ഞങ്ങള്‍ പരാജയപ്പെടുത്തും. ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ മുന്നേറ്റത്തെ ഞങ്ങള്‍ സമാധാനപരമായി വിജയത്തിലേക്ക് നയിക്കും’, സംയുക്ത കിസാന്‍ ആന്തോളന്‍ നേതാവ് കമല്‍ പ്രീത് സിംഗ് പറഞ്ഞു.
അതേസമയം കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദല്‍ഹി അതിര്‍ത്തിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രക്ഷോഭം നീട്ടുകയോ അക്രമത്തിലേക്ക് എത്തിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ചില ‘തീവ്രവാദ’ ഗ്രൂപ്പുകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ കുറഞ്ഞത് 10 ഗ്രൂപ്പുകളെങ്കിലും ഇത്തരത്തില്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്നും സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമാധാനപരമായി നടക്കുന്ന കാര്‍ഷിക പ്രതിഷേധം അടിച്ചമര്‍ത്താന്‍ തുടക്കംമുതല്‍ തന്നെ സര്‍ക്കാരും പൊലീസും ശ്രമിക്കുന്നുണ്ട്. ചര്‍ച്ചയ്ക്ക് അപ്പുറത്തേക്ക് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും പൂര്‍ണമായി കര്‍ഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യാവാഴ്ച പറഞ്ഞത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ഭേദഗതി മാത്രം ചര്‍ച്ചയ്ക്കെടുക്കാമെന്നാണ് തോമര്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരജിയില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Aravind Kejriwal to sit on hunger strike with farmers on december 14