| Thursday, 17th December 2020, 5:03 pm

ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത്; കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പരസ്യമായി കീറിയെറിഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കാര്‍ഷിക നിയമങ്ങളുടെ ബില്‍ കീറിയെറിഞ്ഞ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ദല്‍ഹി നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്. ഈ ബില്‍ കര്‍ഷകര്‍ക്കായി പാസാക്കിയതല്ലെന്നും മറിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് ധനസഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ഈ കൊവിഡ് കാലത്ത് ഇത്ര തിടുക്കപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട ആവശ്യം എന്തായിരുന്നു? ചരിത്രത്തിലാദ്യമായിട്ട് ആണ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബില്‍ നിയമമാകുന്നത്. ആയതിനാല്‍ ഈ മൂന്ന് ബില്ലുകളും ഞാന്‍ കീറിയെറിയുന്നു. കൂടാതെ കേന്ദ്രത്തോട് ഒരു നിര്‍ദ്ദേശം കൂടി, ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത് നിങ്ങള്‍’, കെജ്‌രിവാള്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നത് കര്‍ഷകരുമായി ചര്‍ച്ചകള്‍ക്ക് സാധ്യത ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നോട്ട് വരില്ലെന്നാണ് കേന്ദ്രം വാദിച്ചത്.

ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനങ്ങള്‍ കേള്‍ക്കുകയായിരുന്നു കോടതി.

ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ അംഗീകരിക്കുന്നതായി കോടതി പറഞ്ഞു, അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെയോ ബാധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് തങ്ങള്‍ മനസ്സിലാക്കുന്നെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രതിഷേധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ യൂണിയനോട് ചോദിക്കുമെന്നും കോടതി പറഞ്ഞു.

അതേസമയം, ദല്‍ഹി അതിര്‍ത്തിയിലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം 22-ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aravind Kejriwal Tears Up Farm Laws

We use cookies to give you the best possible experience. Learn more