സാധാരണക്കാരന്‍ അരിവാങ്ങിയാല്‍ നികുതി ചോദിച്ചുവാങ്ങും, സമ്പന്നന്റെ ലോണ്‍ എഴുതിതള്ളുകയും ചെയ്യും; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെജ്‌രിവാള്‍
national news
സാധാരണക്കാരന്‍ അരിവാങ്ങിയാല്‍ നികുതി ചോദിച്ചുവാങ്ങും, സമ്പന്നന്റെ ലോണ്‍ എഴുതിതള്ളുകയും ചെയ്യും; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 9:55 am

ന്യൂദല്‍ഹി: ഫ്രീബീസ് വിവാദത്തില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാവപ്പെട്ടവരില്‍ നിന്നും യാചകരില്‍ നിന്നും നികുതി ഈടാക്കുന്ന പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കളുടെ ലക്ഷക്കണക്കിനുള്ള ലോണുകള്‍ എഴുതിത്തള്ളുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘സാധാരണക്കാര്‍ അരിയും ഗോതമ്പും വാങ്ങുമ്പോള്‍ സര്‍ക്കാര്‍ നികുതി ഈടാക്കുന്നു. അതേ സര്‍ക്കാരിന് രാജ്യത്തെ സമ്പന്നരുടെ ലോണുകള്‍ എഴുതിത്തള്ളാന്‍ മടിയില്ല. പെന്‍ഷന്‍ കൊടുക്കാന്‍ പൈസയില്ലെന്ന് പറഞ്ഞ് അഗ്നിപഥ് കൊണ്ടുവന്നു. സൈനികര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാതിരിക്കുന്ന അവസ്ഥ സ്വതന്ത്ര്യ ഇന്ത്യയില്‍ ഒരുകാലത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.എസ്.ടി നിരക്ക് വര്‍ധനയ്‌ക്കെതിരേയും കെജ്‌രിവാള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

‘രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജി.എസ്.ടി നിരക്ക് കുത്തനെ ഉയര്‍ത്തി. സംസ്ഥാനങ്ങളുടെ കേന്ദ്രനികുതിയിലെ വിഹിതം കുറച്ചു. ആവശ്യവസ്തുക്കള്‍ക്കെല്ലാം ജി.എസ്.ടി എന്ന അധികഭാരം ചുമത്തി.

രാജ്യത്തെ തൊഴിലുറപ്പ് ഫണ്ടില്‍ നിന്ന് 25ശതമാനം വെട്ടിക്കുറച്ചു. പെട്രോളിന്റേയും ഡീസലിന്റേയും നികുതിയായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നത് 3.5ലക്ഷം കോടി രൂപയാണ്. 2014ല്‍ ഈടാക്കിയതിനേക്കാള്‍ ഏറെ കൂടുതലാണിത്. ഈ പണമെല്ലാം എങ്ങോട്ടാണ് പോകുന്നത്?,’ അദ്ദേഹം ചോദിച്ചു.

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സജീവമായ പ്രവര്‍ത്തനങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. നിരവധി വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പിനു മുന്നോടിയായി കെജ്‌രിവാള്‍ നല്‍കിയിരുന്നു.

ഇതിനിടെ മോദി കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടിയേയും കെജ്‌രിവാളിനെയും വിമര്‍ശിച്ചിരുന്നു. രാജ്യം സാശ്രയമാകുന്നതിന് സൗജന്യങ്ങള്‍ തടസമാണെന്നും നികുതിദായകരുടെ മേലുള്ള ഭാരം വര്‍ധിപ്പിക്കുമെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

രാഷ്ട്രീയ സ്വാര്‍ത്ഥതയുള്ളവര്‍ സൗജന്യമായി പെട്രോളും ഡീസലും പ്രഖ്യാപിക്കുകയാണെന്നും മോദി ചടങ്ങില്‍ പറഞ്ഞിരുന്നു.

അതേസമയം ആം ആദ്മി- ബി.ജെ.പി പോര് സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ലക്ഷ്യമിട്ട് ‘സൗജന്യങ്ങള്‍’ നിരോധിക്കാന്‍ ബി.ജെ.പി നേതാവ് കോടതിയെ സമീപിച്ചിരുന്നു. ക്ഷേമപദ്ധതികള്‍ ‘സൗജന്യങ്ങള്‍’ ആയി കാണരുതെന്നും അവ തമ്മിലുള്ള വ്യത്യാസം വകതിരിച്ച് കാണണമെന്നും ആം ആദ്മി പാര്‍ട്ടി കോടതിയില്‍ വാദിച്ചു. ഗുജറാത്തില്‍ സൗജന്യ വൈദ്യുതി അടക്കമുള്ള ഡല്‍ഹി മോഡല്‍ വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാള്‍ ഇറങ്ങിയതിനു പിന്നാലെയാണ് ‘രേവ്ഡി’ എന്നു വിളിച്ച് സൗജന്യങ്ങളുടെ സംസ്‌കാരം നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി രംഗത്തുവന്നത്.

Content Highlight: Aravind Kejriwal slams Prime minister Narendra Modi on Freebies controversy