ന്യൂദല്‍ഹി: സര്‍ക്കാരിനെ അറിയിക്കാതെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ബൈജാലിന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നും ജനാധിപത്യ മൂല്യങ്ങളെ മാനിക്കാന്‍ പഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
‘തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഇത്തരം ഔദ്യോഗിക ഉത്തരവുകള്‍ പ്രഖ്യാപിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണിത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭ ദല്‍ഹിയില്‍ ഉണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് മന്ത്രിമാരോടാണ്. ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തുകയല്ല വേണ്ടത്. ജനാധിപത്യത്തെ ബഹുമാനിക്കാന്‍ പഠിക്കൂ സര്‍,’ കെജ്‌രിവാള്‍ പറഞ്ഞു.
നേരത്ത ദല്‍ഹി പൊലീസിന് അമിതാധികാരം നല്‍കുന്ന ഉത്തരവിറക്കിയ ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നടപടിയും ഏറെ വിവാദമായിരുന്നു. പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവാണ് അനില്‍ ബൈജാല്‍ പുറത്തിറക്കിയത്.
ദേശ സുരക്ഷ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നല്‍കിയത്.
ഈ നിയമത്തിന് കീഴില്‍ 2021 ഒക്ടോബര്‍ പതിനെട്ട് വരെ ആരെയും കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പൊലീസ് കമ്മീഷണര്‍ക്കുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
ദല്‍ഹി ജന്തര്‍ മന്തറില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവ് പുറത്തിറക്കിയത്.