ന്യൂദല്‍ഹി: രാജ്യത്തെ പ്രതിപക്ഷത്തിന്റെ സ്ഥാനത്ത് ശൂന്യതയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടിയ്ക്ക് ഒരു നേതൃത്വത്തെപ്പോലും തെരഞ്ഞെടുക്കാന്‍ കഴിയാത്ത രീതിയില്‍ കോണ്‍ഗ്രസ് മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡെക്കാണ്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് എവിടെയൊക്കെ മന്ത്രിസഭ രൂപീകരിച്ചാലും തിരിച്ചടികള്‍ മാത്രമാണ് നേരിടുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം സ്വന്തം എം.എല്‍.എമാര്‍ തന്നെ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നു. ഇത് നിര്‍ഭാഗ്യകരമാണ്- കെജ് രിവാള്‍ പറഞ്ഞു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മരിച്ചുകഴിഞ്ഞു. ഒരു ബദലായി ഇനിയും കോണ്‍ഗ്രസിനെ പരിഗണിക്കാന്‍ കഴിയില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. രാജ്യം വളരെ നിര്‍ണ്ണായക നിമിഷത്തിലൂടെ കടന്നുപോകുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ പരിഹരിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം ഇല്ലാതാകുകയും അവര്‍ വഞ്ചിക്കപ്പെടുകയും ചെയ്തു. സ്വന്തം തലവനെ തെരഞ്ഞെടുക്കാന്‍ കഴിയാത്തപ്പോള്‍ ഒരു പാര്‍ട്ടിക്ക് രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും? 2024 ലെ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. തിരിച്ചറിഞ്ഞാല്‍ നന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു.
‘രണ്ട് പാര്‍ട്ടികളും ഇന്ത്യന്‍ ജനതയുടെ വിശ്വാസം തകര്‍ത്തവരാണ്. ഒരു കൂട്ടര്‍ സ്വന്തം എം.എല്‍.എ മാരെ വില്‍ക്കുന്നു, രണ്ടാമത്തെ വര്‍ഗ്ഗം എം.എല്‍.എ മാരെ വാങ്ങിക്കൂട്ടുന്നു’. ജനങ്ങള്‍ ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ രണ്ടുപേരിലും ജനങ്ങള്‍ സംതൃപ്തരല്ല. അതിനാല്‍ ഒരു ബദല്‍ മുന്നണി ഉയര്‍ന്നുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: aravind kejriwal slams congress