മൊഹാലി: തെരഞ്ഞെടുപ്പിന് മുമ്പേ പഞ്ചാബില്‍ വിജയം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ടെലിവോട്ടിംഗിലൂടെ ജനങ്ങള്‍ക്കിടയില്‍ നടന്ന സര്‍വേ പ്രകാരമാണ് ആം ആദ്മിയുടെ ലാന്‍ഡ് സ്ലൈഡ് വിജയമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ പറയുന്നു.
ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും നടത്തിയ വോട്ടെടുപ്പില്‍ 93 ശതമാനം ആളുകളും പഞ്ചാബ് ആം ആദ്മി പാര്‍ട്ടി ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അത്രതന്നെ ആളുകളുടെ പിന്തുണ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിനുണ്ടെന്നും കെജ്‌രിവാള്‍ പറയുന്നു.
വോട്ടെടുപ്പില്‍ പങ്കെടുത്ത മൂന്ന് ശതമാനം ആളുകള്‍ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ പിന്തുണയ്ക്കുന്നുണ്ടെന്നും, ചിലയാളുകള്‍ ദല്‍ഹി മുഖ്യമന്ത്രിയായ തനിക്കും വോട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അവ അസാധുവായി കണക്കാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്നുറപ്പാണ്. ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തന്നെയായിരിക്കും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രി,’ കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ചയായിരുന്നു പഞ്ചാബിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ എ.എ.പി ജനങ്ങളോടാവശ്യപ്പെട്ടത്. തന്നിരിക്കുന്ന നമ്പറിലേക്ക് എസ്.എം.എസ് അല്ലെങ്കില്‍ ഫോണ്‍കോള്‍ മുഖേനെയോ വാട്‌സ്ആപ്പ് മുഖേനെയോ വോട്ട് രേഖപ്പെടുത്താനായിരുന്നു അവര്‍ നിര്‍ദേശിച്ചിരുന്നത്. ‘ജന്‍താ ചുനേംഗി അപ്‌നാ സി.എം’ (ജനങ്ങള്‍ അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും) എന്നായിരുന്നു ടെലിവോട്ടിംഗിലൂടെ എ.എ.പി പറഞ്ഞത്.
21 ലക്ഷത്തിലധികം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്നാണ് എ.എ.പി അറിയിച്ചിത്. ഇതില്‍ 19 ലക്ഷത്തിലധികം ആളുകളും ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് മന്നിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും എ.എ.പി അറിയിച്ചു.
മറ്റേതെങ്കിലും പാര്‍ട്ടിയുമായി ധാരണയില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന് മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ഷക നേതാക്കളുടെ പാര്‍ട്ടിയുമായി യാതൊരു തരത്തിലുള്ള ധാരണയും പാര്‍ട്ടിക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മന്‍ അറിയിച്ചിരുന്നു.
പഞ്ചാബിന്റെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു മന്‍ ജനങ്ങളോട് പറഞ്ഞത്. വോട്ട് എന്നത് ശക്തിയേറിയ ഒരു ആയുധമാണെന്നും, അത് ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും മന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘തെരഞ്ഞെടുപ്പിന്റെ സമയത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കാണിക്കുന്നവരെ കരുതിയിരിക്കണം. യാതൊരു തരത്തിലുള്ള ഭയമോ ആശങ്കയോ അത്യാഗ്രഹമോ ഇല്ലാതെ നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക,’ മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശങ്ങളും എ.എ.പി സ്വാഗതം ചെയ്യുന്നുവെന്നും, നിര്‍ദേശങ്ങളെല്ലാം തന്നെ പാര്‍ട്ടി പാലിക്കുമെന്നും മന്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യമായി തന്നെ നടക്കുമെന്നും, ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചായിരിക്കും തങ്ങള്‍ പ്രചരണവും തെരഞ്ഞെടുപ്പ് ക്യാമ്പെയ്നുകളും നടത്തുന്നതെന്നും മന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ആറ് ദിവസത്തേയ്ക്ക് നീട്ടിവെച്ചിരിക്കുകയാണ്.
തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതിയെ കുറിച്ചുള്ള സുപ്രധാനമായ തീരുമാനം ഉണ്ടായത്. ഇതോടെ ഫെബ്രുവരി 14ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുക.
തെരഞ്ഞെടുപ്പ് തിയ്യതി ആറ് ദിവസം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കത്ത് നല്‍കിയിരുന്നു.
ഫെബ്രുവരി 16ന് ശ്രീ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനമാണ്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ദളിത് വിഭാഗങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ തെരഞ്ഞടുപ്പ് നീട്ടിവെക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കാണ് കത്തയച്ചത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന എസ്.സി വിഭാഗത്തില്‍ പെട്ട ചില പ്രതിനിധികള്‍ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനത്തിന്റെ കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതിനാലാണ് ആവശ്യം മുന്നോട്ട് വെക്കുന്നതെന്നും കത്തില്‍ പറയുന്നു.
”എസ്.സി വിഭാഗത്തില്‍ പെട്ട വിലിയൊരു വിഭാഗം ഭക്തര്‍ (ഏകദേശം 20 ലക്ഷം) ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ ബനാറസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ പലര്‍ക്കും തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല,” കത്തില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.