ന്യൂദല്‍ഹി: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ദല്‍ഹി സ്റ്റാന്‍ഡിങ്ങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ച് അരവിന്ദ് കെജ്‌രിവാള്‍. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുന്ദര്‍ സിങ് വിജയിച്ചതിനെ തുടര്‍ന്നാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.
ചട്ടങ്ങളൊന്നും പാലിക്കാതെയുള്ള തെരഞ്ഞെടുപ്പാണിതെന്നും ബി.ജെ.പിയുടെ ഗൂഢാലോചനയാണ് വെളിപ്പെടുന്നതെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.
ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും നടപടി ക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി എ.എ.പി കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
‘ഇത് തെരഞ്ഞെടുപ്പാണോ. ചട്ടം അനുസരിച്ച് യോഗത്തിന് 72 മണിക്കൂര്‍ മുമ്പ് ഓരോ കൗണ്‍സിലര്‍മാര്‍ക്കും നോട്ടീസ് അയക്കേണ്ടതുണ്ട്. പക്ഷേ അത് നിലവില്‍ പാലിക്കപ്പെട്ടില്ല,’ എ.എ.പി കണ്‍വീനര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് പിന്നാലെ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ ബി.ജെ.പിക്ക് പത്ത് അംഗങ്ങളും ഭരണകക്ഷിയായ എ.എ.പിക്ക് എട്ട് അംഗങ്ങളുമാണുള്ളത്. ചട്ടലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസും എ.എ.പിയും തെരഞ്ഞടുപ്പ് ബഹിഷ്‌ക്കരിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു.
മേയറുടെ നേതൃത്വത്തില്‍ നടക്കേണ്ട എം.സി.ഡി യോഗം ലെഫറ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം സിവില്‍ ബോഡിയുടെ അഡീഷണല്‍ കമ്മീഷണര്‍ നടത്തിയതിലും കെജ്‌രിവാള്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി.
ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്ന് ദല്‍ഹി മേയരും അതൃപ്തി അറിയിച്ചിരുന്നു. ഭരണഘടനാ വിരുദ്ധമായാണ് തെരഞ്ഞടുപ്പ് നടക്കുന്നതെന്നും എ.എ.പി കൗണ്‍സിലര്‍മാര്‍ തെരഞ്ഞടുപ്പില്‍ പങ്കെടുക്കില്ലെന്നുമായിരുന്നു മേയര്‍ അറിയിച്ചിരുന്നത്.
അതേസമയം തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള എ.എ.പിയുടെ ആരോപണങ്ങളില്‍ ബി.ജെ.പി നേതാവ് സുന്ദര്‍ സിംങ് പ്രതികരിച്ചിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന എ.എ.പി തങ്ങളുടെ കൗണ്‍സിലര്‍മാരില്‍ വിശ്വാസമില്ലാത്തതിനാല്‍ ഓടി ഒളിക്കുകയായിരുന്നുവെന്നാണ് സുന്ദര്‍ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പില്‍ യാതൊരു ക്രമക്കേടും ഉണ്ടായിരുന്നില്ലെന്നും എല്ലാവര്‍ക്കും യഥാക്രമം സമയം നല്‍കിയിരുന്നുവെന്നുമായിരുന്നു ബി.ജെ.പിയുടെ വാദമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Aravind Kejriwal said there was violation of the Delhi standing committee election