ന്യൂദല്‍ഹി: ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസത്തിനും പ്രാഥമിക പരിഗണന നല്‍കിയ ശേഷം ആം ആദ്മി പാര്‍ട്ടി പരിഗണന നല്‍കുന്നത് ദല്‍ഹിയുടെ ശുചിത്വത്തിനും ജലമലിനീകരണം നടത്തുന്നതിനുമായിരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെക്കുന്നത് പൊതു ജനങ്ങളുടെ പ്രശ്‌നങ്ങളാണെങ്കില്‍ ബി.ജെ.പി സംസാരിച്ചു കൊണ്ടിരിക്കുന്നത് ഹിന്ദുവിനെയും മുസ്‌ലിങ്ങളെയും കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഷാഹീന്‍ ബാഗിലെ സമരത്തെ ദല്‍ഹിയില്‍ തുടരാനനുവദിക്കുന്നത് കൃത്യമായ ഉദ്ദേശ്യം വെച്ചു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കൂടുതല്‍ സ്‌കൂളുകളുണ്ടാക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ അവര്‍ പറയുന്നു ഷാഹീന്‍ ബാഗ്. നമുക്ക് കൂടുതല്‍ ആശുപത്രികള്‍ നിര്‍മിക്കേണ്ടേ എന്നു ഞാന്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു ഷാഹീന്‍ ബാഗ്. ഞാന്‍ വൈദ്യുതി നിലക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴും അവര്‍ പറയുന്നു ഷാഹീന്‍ ബാഗ്. ദല്‍ഹിയില്‍ വേറെ പ്രശ്‌നങ്ങളൊന്നും ഇല്ലേ?,’ കെജ്‌രിവാള്‍ ചോദിക്കുന്നു.
‘കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് സമരം അവസാനിപ്പിക്കാത്തത്? അമിത്ഷാ യെ പോലെയുള്ള ഒരു മന്ത്രിക്ക് ഒരു തെരുവ് ഒഴിപ്പിക്കാന്‍ സാധിക്കില്ലേ? അവര്‍ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ ധ്രുവീകരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഫെബ്രുവരി 11 കഴിഞ്ഞാല്‍ അറിയാം,’ കെജ്‌രിവാള്‍ പറഞ്ഞു.
എന്തുകൊണ്ടാണ് സമരമുഖത്തേക്ക് പോവാതിരുന്നതെന്ന ചോദ്യത്തിന് ബി.ജെ.പി അവരുടെ പ്രചരാണായുധമാക്കിയ ഇടത്തേക്ക് അത്തരത്തില്‍ കടന്നു ചെല്ലേണ്ടതില്ലെന്നാണ് കെജ്‌രിവാള്‍ മറുപടിനല്‍കിയത്. ‘പ്രതിഷേധം നടക്കുന്നത് ഇത് പലര്‍ക്കും പ്രശ്‌നമുള്ളതുകൊണ്ടാണ്. എന്നാല്‍ ഷാഹീന്‍ ബാഗിലെ സമരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയാണ്. പിന്നെ എന്തിനാണ് ബി.ജെ.പി നേട്ടമുണ്ടാക്കുന്ന ഒരുസമരത്തിന് പിന്തുണയുമായി ഞാന്‍ പോകേണ്ട ആവശ്യം,’ കെജ്‌രിവാള്‍ പറഞ്ഞു.
2015 ല്‍ ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയം അത്ര ഒറ്റപ്പെട്ട സംഭവമല്ലെന്നും ഞങ്ങള്‍ക്ക് ദല്‍ഹിയില്‍ തുടരണമെന്നത് കേന്ദ്രത്തിന് അറിയാമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.