ദല്‍ഹി: കൊവിഡിന്റെ നാലാം തരംഗം ദല്‍ഹിയില്‍ അതീവ ഗുരുതരമാകുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ കൊവിഡിനെതിരെയുള്ള പ്രതിരോധം വാക്സിന്റെ കാര്യക്ഷമമായ വിതരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘വാക്‌സിനേഷനുള്ള പ്രായപരിധി നിര്‍ത്തലാക്കി മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടി കേന്ദ്രം കൈകൊള്ളണം. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷമാണ്. ചുരുങ്ങിയത് 10 ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് ഞങ്ങളുടെ കൈവശമുള്ളത്’, കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ 5 ദിവസങ്ങള്‍ക്കിടയില്‍ ദല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം 10,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്,ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, കേരളം, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക