| Saturday, 29th April 2023, 7:41 pm

രാജ്യത്തിന്റെ കായിക മേഖലയെ വീണ്ടെടുക്കാനാണ് ഈ സമരം; ലീവെടുത്താണെങ്കിലും ദല്‍ഹിയിലെത്തൂ: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണക്കേസില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ശനിയാഴ്ച്ച വൈകീട്ട് സമരപ്പന്തല്‍ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്തു.

സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല, പകരം ഇന്ത്യന്‍ കായിക മേഖലയെ വീണ്ടെടുക്കാനാണ് താരങ്ങള്‍ സമരം ചെയ്യുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയിലെ ജനങ്ങള്‍ രാജ്യത്തെ വീണ്ടെടുക്കാന്‍ ജന്തര്‍ മന്ദറിലേക്ക് എത്തണമെന്നും ആം ആദ്മി ചീഫ് ആവശ്യപ്പെട്ടു.

‘നിങ്ങള്‍ ബി.ജെ.പിക്കാരനോ കോണ്‍ഗ്രസുകാരനോ ആം ആദ്മിക്കാരനോ ആയിക്കോട്ടെ, നമ്മുടെ രാജ്യത്തോട് കൂറുണ്ടെങ്കില്‍ എന്തെല്ലാം തിരക്കുകളുണ്ടെങ്കിലും അതൊക്കെ മാറ്റി വെച്ച് ലീവെടുത്തിട്ടാണെങ്കിലും ഇവിടെയെത്തണം. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ കൊടുക്കണം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല ഇന്ത്യന്‍ കായിക മേഖലക്ക് വേണ്ടിയാണിവര്‍ പോരാടുന്നത്.

ഏഴ് ദിവസം ദിവസം നിരന്തരമായി സമരം ചെയ്ത് സുപ്രീം കോടതി ഇടപെട്ടിട്ടാണ് പ്രതിക്കെതിരെ കേസെടുക്കാന്‍ ദല്‍ഹി പൊലീസ് തീരുമാനിച്ചത്. അത്രത്തോളം ശക്തനാണ് എതിരാളി. ഇന്നിവര്‍ ഇവിടെ പ്രതിഷേധിച്ചില്ലായിരുന്നെങ്കില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം ഇപ്പോഴും തുടര്‍ന്നേനെ,’ കെജ്‌രിവാള്‍ പറഞ്ഞു.

സമരം തുടങ്ങിയ കായിക താരങ്ങള്‍ക്ക് കുടിവെള്ളം നിര്‍ത്തിവെച്ച ബി.ജെ.പി സര്‍ക്കാരിനെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ വരെ നിര്‍ത്തലാക്കാന്‍ മാത്രം ക്രൂരന്‍മാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കുള്ള വെള്ളവും കരണ്ടും നിര്‍ത്തലാക്കിയിരിക്കുന്നു. ഇത്രത്തോളം ക്രൂരത എന്തിനാണ് ഇവരോട് കാണിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചവരാണിവര്‍. നമ്മുടെ കുട്ടികളാണ്. ദില്ലിയുടെ മുഖ്യമന്ത്രിയെന്ന നിലയില്‍ എന്നെക്കൊണ്ട് ആവും വിധം ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഞാന്‍ ചെയ്ത് കൊടുക്കും,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പരാതിയില്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ദല്‍ഹി പൊലീസ് തയ്യാറായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ കേസും ബി.ജെ.പി എം.പിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ് പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ള ഗുസ്തി താരങ്ങള്‍ രണ്ടാം ഘട്ട സമരം ആരംഭിച്ചത്.

Content Highlight: Aravind kejriwal in delhi protest

We use cookies to give you the best possible experience. Learn more