| Monday, 2nd January 2023, 10:31 pm

ഇവരെയൊക്കെ തൂക്കിക്കൊല്ലണം; കാറില്‍ യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിതെന്നും കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നുമാണ് കെജ്‌രിവാളിന്റെ പ്രതികരണം. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

‘ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് കുറച്ച് ചെറുപ്പക്കാര്‍ക്ക്, പൊലീസിന്റെ കണ്ണില്‍ പെടാതെ, ഒരു യുവതിയെ കാറില്‍ ഇത്രയും കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകാന്‍ കഴിയുന്നത്. കുറ്റക്കാര്‍, ഇനി എത്ര വലിയ സ്വാധീനമുള്ളയാളുകളായാലും അവര്‍ക്കെതിരെ കനത്ത ശിക്ഷയുണ്ടാകണം.

ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണ്. ഇത്തരക്കാരെ തൂക്കിക്കൊന്നേ തീരു, വധശിക്ഷ തന്നെ നടപ്പാക്കണം. ഇത് ആര്‍ക്കും സംഭവിക്കാം, ഏതൊരു സഹോദരിക്കും മകള്‍ക്കും മരുമകള്‍ക്കും സംഭവിക്കാം.

ഇതിലെ കുറ്റക്കാര്‍ ഒരുപക്ഷെ വലിയ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവരായിരിക്കാം. പക്ഷെ കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാനായി നമ്മളെല്ലാവരും ഒന്നിച്ച് നിന്ന് പോരാടണം,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ന്യൂദല്‍ഹിയിലെ ലാഡ്പൂരിലാണ് അതിദാരുണമായ സംഭവം നടന്നത്. കഞ്ജ്ഹവാല റോഡില്‍ ബേക്കറി നടത്തുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ജനുവരി ഒന്നിന് പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്. അഞ്ച് യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നു.

സ്‌കൂട്ടറില്‍ നിന്നും വീണ യുവതിയുടെ കാലുകള്‍ കാറിന്റെ ടയറില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ യുവാക്കള്‍ കാര്‍ നിറുത്താതെ ഓടിച്ചുപോയി. ഏകദേശം പന്ത്രണ്ട് കിലോമീറ്ററോളം ഇവര്‍ ഇത്തരത്തില്‍ വാഹനം ഓടിച്ചു.

അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി കാറിന്റെ ടയറില്‍ കുടുങ്ങിയ കാര്യം തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ഇവരുടെ വാദം.

സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പാര്‍ലമെന്റിലും സംഭവം ചര്‍ച്ചയായിരുന്നു.

Content Highlight: Aravind Kejriwal demands capital punishment for the hit and run case in Delhi

We use cookies to give you the best possible experience. Learn more