| Tuesday, 29th November 2022, 11:42 pm

ബി.ജെ.പിക്കാര്‍ ഇറക്കുന്നത് ഒരു ഗുണവുമില്ലാത്ത അറുബോറന്‍ 'സിനിമകള്‍': അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സത്യന്ദേര്‍ ജെയ്‌നിന്റെ ജയിലില്‍ നിന്നുള്ള വീഡിയോകള്‍ പുറത്തുവിടുന്ന ബി.ജെ.പിയെ പരിഹസിച്ച് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

സത്യന്ദേര്‍ ജെയ്‌നിനെ കാണാന്‍ സന്ദര്‍ശകരെത്തുന്നതും ഒരാള്‍ കാലില്‍ മസാജ് ചെയ്ത് നല്‍കുന്നതും റൂമിലെ മിനറല്‍ വാട്ടറിന്റെ കുപ്പികളുമെല്ലാമായിരുന്നു ബി.ജെ.പി പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നത്. വീഡിയോകളെല്ലാം അറുബോറന്‍ സിനിമകളെ പോലെയാണെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.

ബി.ജെ.പി ഒരു വീഡിയോ കമ്പനി തുടങ്ങിയിരിക്കുകയാണെന്നും ബോളിവുഡിലേത് പോലെ എല്ലാ വെള്ളിയാഴ്ചയും ഓരോ വീഡിയോകള്‍ വെച്ച് ഇറക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ പാട്ടും ഡാന്‍സുമൊന്നുമില്ലാത്തതിനാല്‍ ആരും ഈ വീഡിയോകള്‍ കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു കെജ്‌രിവാള്‍.

‘ ഇന്ന് രാവിലെ എനിക്ക് വാട്‌സ്ആപ്പില്‍ ഒരു വീഡിയോ കിട്ടി. ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി അവരുടെ കയ്യില്‍ നിന്നും ദല്‍ഹിയിലെ ജനങ്ങള്‍ ഒന്നും വാങ്ങാതായതിനെ തുടര്‍ന്ന് ബിസിനസൊക്കെ പൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് അവര്‍ ഒരു വീഡിയോ നിര്‍മാണ കമ്പനി തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

ബോളിവുഡ് സിനിമകളെ പോലെ അവര്‍ വീഡിയോസ് റിലീസ് ചെയ്യുകയാണ്. ബോളിവുഡ് ചിത്രങ്ങള്‍ തിയേറ്ററിലാണ് റിലീസ് ചെയ്യുകയെങ്കില്‍ ഇവരുടെ കാര്യത്തില്‍ അത് വാര്‍ത്താ ചാനലുകളിലാണ്.

പക്ഷെ ഈ ‘സിനിമകള്‍’ അറുബോറനാണ്. വളരെ മോശം ചിത്രങ്ങളാണ് എല്ലാം. രാവിലെ 9 മണി തൊട്ട് ഉച്ചക്ക് 12 മണി വരെ ഈ പടങ്ങള്‍ ഓടും. പക്ഷെ ഈ വീഡിയോകളില്‍ പാട്ടുകളും മ്യൂസിക്കുമൊന്നുമില്ലാത്തത് കൊണ്ട് ആരും ഇത് കാണാറില്ല. അതുകൊണ്ട് തന്നെ ഇപ്പറഞ്ഞ 12 മണി കഴിഞ്ഞാല്‍ ആരും ഇത് ഓടിക്കാറുമില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പി പുറത്തുവിടുന്ന ഒരു ഗുണവുമില്ലാത്ത ഇത്തരം വീഡിയോകളുടെ വിരസത മാറ്റാന്‍ ‘റിങ്കിയേ കേ പപ്പ’ പോലുള്ള അടിച്ചുപൊളി പാട്ടുകളെങ്കിലും ചേര്‍ക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പരിഹാസച്ചുവയോടെ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതാവും നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി എം.പിയുമായ മനോജ് തിവാരിയുടെ ഏറെ പോപ്പുലറായ ബോജ്പുരി പാട്ടാണ് ‘റിങ്കിയേ കേ പപ്പ’. ഇതുകൂടി പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

അതേസമയം ഡിസംബര്‍ നാലിനാണ് ദല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്. 12 വര്‍ഷം തുടര്‍ച്ചയായി ബി.ജെ.പിയാണ് ഇവിടെ ഭരിക്കുന്നത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിക്കാനായ എ.എ.പിക്ക് ഇതുവരെയും കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കാനായിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നുമാണ് അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെടുന്നത്.

Content Highlight: Aravind Kejriwal calls BJP’s sting videos boring awful movies

We use cookies to give you the best possible experience. Learn more