| Wednesday, 8th March 2023, 3:19 pm

രാജ്യത്തിന്റെ അവസ്ഥ പരിതാപകരം; പ്രാര്‍ത്ഥനയാരംഭിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃധിക്കുമായി ഏഴ് മണിക്കൂര്‍ നീണ്ട ധ്യാനത്തിന് തുടക്കമിട്ട് ആം ആദ്മി പാര്‍ട്ടി നേതാവും, ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഹോളി ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കുമെന്നും പകരം രാജ്യത്തിനായി പ്രാര്‍ത്ഥിക്കുമെന്നും കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെജ്രിവാള്‍ ധ്യാനം ചെയ്യുന്നതിന്റെ ചിത്രങ്ങളും എ.എ.പി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നു. ധ്യാനം ആരംഭിക്കുന്നതിന് മുമ്പ് കെജ്രിവാള്‍ രാജ് ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും രാജ്യത്തിന്റെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി ഹോളി ദിനത്തില്‍ പ്രാര്‍ത്ഥിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. ഒരുഭാഗത്ത് രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ രക്ഷപ്പെടുമ്പോള്‍ മറുഭാഗത്ത് രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികളും മോശം അവസ്ഥയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദല്‍ഹിയിലെ അവസ്ഥ അതല്ല. എല്ലാം മെച്ചപ്പെട്ട നിലയിലാക്കാന്‍ പ്രവര്‍ത്തിച്ച സിസോദിയയും, സത്യേന്ദ്ര ജെയ്നും ഇപ്പോള്‍ ജയിലിലാണ്,’കെജ്രിവാള്‍ പറഞ്ഞു.

‘ഞാന്‍ അവരുടെ അറസ്റ്റില്‍ ആശങ്കപ്പെടുന്നില്ല. അവര്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം പോലും ത്യജിക്കാന്‍ തയ്യാറായവരാണ്. പക്ഷേ രാജ്യത്തിന്റെ അവസ്ഥയില്‍ ഞാന്‍ ആശങ്കാജനകനാണ്,’ അദ്ദേഹം പറഞ്ഞു.

75 വര്‍ഷത്തിന് ശേഷം സമ്പന്നര്‍ക്ക് മാത്രം ലഭിച്ചിരുന്ന വിദ്യാഭ്യാസം പാവങ്ങള്‍ക്ക് ലഭ്യമാക്കിയ ഒരാളാണ് സിസോദിയ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്നും ദല്‍ഹി മദ്യനയ അഴിമതി ആരോപണക്കേസില്‍ അറസ്റ്റിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.

Content Highlight: Aravind kejriwal began his prayers for the sake of nation, says  AAP

We use cookies to give you the best possible experience. Learn more