ബജറ്റില്‍ ദല്‍ഹിയെ പരിഗണിക്കാത്ത ബി.ജെ.പി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ? വിമര്‍ശിച്ച് കെജ്‌രിവാള്‍
Union Budget 2020
ബജറ്റില്‍ ദല്‍ഹിയെ പരിഗണിക്കാത്ത ബി.ജെ.പി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ? വിമര്‍ശിച്ച് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 3:58 pm

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രബജറ്റിലൂടെ ദല്‍ഹിയെ നിരാശപ്പെടുത്തിയ ബി.ജെ.പി, തെരഞ്ഞെടുപ്പിന് മുന്നോടിയായി ദല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും എന്നതിന് എന്തുറപ്പാണുള്ളതെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

”ബജറ്റില്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ദല്‍ഹിയെ പൂര്‍ണമായി പരിഗണിക്കാത്ത സമീപനമാണ് ഉണ്ടായത്. ദല്‍ഹി ഒരിക്കലും ബി.ജെ.പിയുടെ ആദ്യ പരിഗണനയില്‍ വരുന്നുപോലുമില്ല. പിന്നെന്തിന് ദല്‍ഹിക്കാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം? തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബി.ജെ.പി ദല്‍ഹിയെ നിരാശപ്പെടുത്തുമ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്നതാണ് ചോദ്യം?”, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ചുകൊണ്ട് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യ തലസ്ഥാനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് എത്രത്തോളം കരുതലുണ്ടെന്ന് കേന്ദ്ര ബജറ്റ് അവതരണം പൂര്‍ണമായാല്‍ മനസിലാകുമെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

കേന്ദ്രബജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഒരുപക്ഷേ ഇത് ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.