ന്യൂദല്‍ഹി: ആം ആദ്മി നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ചേര്‍ന്ന് വേട്ടയാടുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പിയുടെ എല്ലാ നേതാക്കളെയും ജയിലിലടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ കെജ്‌രിവാള്‍ ആഞ്ഞടിച്ചത്. എ.എ.പി എം.പി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന കേസില്‍ കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാര്‍ അറസ്റ്റിലായ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇപ്പോള്‍ തന്റെ പി.എയെയും അറസ്റ്റ് ചെയ്തു. നാളെ ഉച്ചക്ക് എ.എ.പിയുടെ എല്ലാ നേതാക്കളെയും കൂട്ടി ബി.ജെ.പി ആസ്ഥാനത്ത് എത്താം. ആരെ വേണമെങ്കിലും പിടിച്ച് ജയിലില്‍ ഇട്ടോളൂ,’ കെജ്‌രിവാള്‍ പറഞ്ഞു.
കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ശനിയാഴ്ച ബൈഭവിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബൈഭവിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപാമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം എന്നിവയാണ് ബൈഭവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ഇതില്‍ സ്ത്രീത്വത്തെ അപാമാനിക്കല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ശനിയാഴ്ച ഉച്ചയോടെ സ്വാതി മലിവാളിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടില്‍ സ്വാതി മലിവാളിന് പരിക്ക് പറ്റിയതായി വ്യക്തമാക്കുന്നുണ്ട്. ഇടത് കാലിനും കണ്ണിനും കീഴ് താടിയിലും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്വാതിയുടെ മുടന്തിയുള്ള നടത്തം അഭിനയമാണെന്ന് ദല്‍ഹി മന്ത്രി അതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഭീഷണിയാണ് സ്വാതിയെ ഈ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നും അതിഷി ആരോപിച്ചിരുന്നു. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ബൈഭവ് കുമാര്‍ മര്‍ദിച്ചുവെന്ന സ്വാതി മലിവാളിന്റെ പരാതിയിലാണ് ദല്‍ഹി പൊലീസ് കേസെടുത്തത്.
Content Highlight: aravind kejriwal against modi