എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ വാക്‌സിന് അവകാശമുണ്ട്; ബീഹാര്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വാക്‌സിന്‍ തന്ത്രത്തിനെതിരെ വീണ്ടും കെജ്‌രിവാള്‍
national news
എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ വാക്‌സിന് അവകാശമുണ്ട്; ബീഹാര്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വാക്‌സിന്‍ തന്ത്രത്തിനെതിരെ വീണ്ടും കെജ്‌രിവാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th October 2020, 2:37 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വീണ്ടും രംഗത്തെത്തി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് വാക്‌സിന്‍ തയ്യാറായി കഴിഞ്ഞാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി നല്‍കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

‘മുഴുവന്‍ രാജ്യത്തിനും സൗജന്യമായി വാക്‌സിന്‍ ലഭിക്കണം. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്.’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹി ശാസ്ത്രി പാര്‍ക്കിലെ ഫ്‌ളൈ ഓവര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്ന് കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. കൊറോണ വൈറസ് വാക്സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജെയ്‌വര്‍ ഷെര്‍ഗില്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്സിന്‍ രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നാണ് ആര്‍.ജെ.ഡിയുടെ പ്രതികരണം.

രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്സിനില്‍ രാഷ്ട്രീയ കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aravind Kejriwal against BJP’s statement about giving free vaacine to Bihar people if they win