|

ഭീഷണിയും ഗുണ്ടായിസവും അതിജീവിച്ചാണ് 10 വര്‍ഷം ദല്‍ഹി ഭരിച്ചത്; അവര്‍ നമ്മളെ ജയിലിലടച്ചേക്കാം, പൂട്ടിയിട്ടേക്കാം, അതിലപ്പുറമൊന്നും ചെയ്യാനാവില്ല: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യ വിരുദ്ധ ശക്തികളുടെ ഭീഷണികളും ഗുണ്ടായിസവും അതിജീവിച്ചാണ് ആം ആദ്മി പത്ത് വര്‍ഷത്തോളം ദല്‍ഹി ഭരിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിച്ചതിന് പിന്നാലെ ദല്‍ഹിയില്‍ ചേര്‍ന്ന മഹാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്ത് വര്‍ഷം കൊണ്ട് ആം ആദ്മി നേടിയെടുത്ത വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഒപ്പം നിന്ന പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും, മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിനെയും പരാമര്‍ശിച്ച് കൊണ്ടാണ് കെജ് രിവാള്‍ പ്രസംഗം ആരംഭിച്ചത്.

ഒരു എം.എല്‍.എയെങ്കിലും ജയിപ്പിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചവര്‍ക്ക് മുമ്പില്‍ കേവലം പത്ത് വര്‍ഷം കൊണ്ട് ആം ആദ്മിയെ ദേശീയ പാര്‍ട്ടിയാക്കി മാറ്റാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നേടിയെടുത്തത് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘രാജ്യ വിരുദ്ധ ശക്തികളെല്ലാം തന്നെ ഒരുമിച്ച് ആം ആദ്മിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. അവരുടെ ഭീഷണികള്‍ക്കും ഗുണ്ടായിസത്തിനും വഴിപ്പെടുന്നവരല്ല നമ്മള്‍. അവര്‍ നിങ്ങളെ ജയിലിലടച്ചേക്കാം, 8-10 മാസം നിങ്ങളെ പൂട്ടിയിട്ടാലും അവര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. നിങ്ങള്‍ ജാമ്യം വാങ്ങി പുറത്ത് വരും. നമ്മുടെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എയെങ്കിലും കിട്ടുമെന്ന് സംശയിച്ചവരുണ്ട്. പക്ഷെ കേവലം പത്ത് വര്‍ഷം കൊണ്ട് നമ്മള്‍ ദേശീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു.

സത്യസന്ധത, രാജ്യ സ്‌നേഹം , മനുഷ്യത്വം ഇവയാണ് ആം ആദ്മിയുടെ മുഖമുദ്ര. നമ്മുടെ നേതാക്കള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറായവരാണ്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ ആം ആദ്മി പ്രവര്‍ത്തകനാണെങ്കില്‍ ജയിലില്‍ പോകാനും പ്രതിസന്ധികളെ തരണം ചെയ്യാനും നിങ്ങള്‍ തയ്യാറാകണം.

നമ്മുടെ യാത്രയില്‍ നമ്മോടൊപ്പം നടന്ന് പാര്‍ട്ടിക്ക് വേണ്ടി പോരാടിയ മനീഷ് സിസോദിയയെയും സത്യേന്ദ്ര ജെയ്‌നിനെയും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്,’ കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. അതേസമയം സി.പി.ഐ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമാവുകയും ചെയ്തിരുന്നു.

ദല്‍ഹിക്ക് പുറമെ പഞ്ചാബിലും അധികാരം നേടാന്‍ കഴിഞ്ഞതാണ് ആം ആദ്മി ദേശീയ പാര്‍ട്ടി പദവിയിലേക്ക് ഉയരാന്‍ കാരണം. രണ്ട് സംസ്ഥാനങ്ങളിലും വോട്ട് വിഹിതത്തിലും വലിയ വര്‍ധനവാണ് ആം ആദ്മിക്കുള്ളത്. കൂടാതെ ഗുജറാത്തിലും ഗോവയിലും നടന്ന തെരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതം ഉയര്‍ത്താനും പാര്‍ട്ടിക്കായിരുന്നു.

Content Highlight: Aravind kejriwal addressing aap rally in delhi

Latest Stories