| Sunday, 14th April 2019, 10:52 am

പത്താൻകോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പാക് ഉദ്യോഗസ്ഥരെ ക്ഷണിച്ചതിൽ മോദിയെ വിമർശിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഡ്ഗാവ്: 2016ൽ ഉണ്ടായ പത്താൻകോട്ട് ഭീകരാക്രമണത്തെ കുറിച്ചന്വേഷിക്കാൻ പാക് അന്വേഷണ സംഘത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മുൻപ് ഇന്ത്യ ഭരിച്ച ഒരു സർക്കാരും ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തിട്ടില്ലെന്നും കെജ്‌രിവാൾ ചൂണ്ടികാട്ടി.

‘കരുത്തരായ സർക്കാരും ഭരണവും ആണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. കഴിഞ്ഞ 70 വർഷത്തിനുള്ളിൽ കരുത്ത് അവകാശപ്പെടാനിലാത്ത സർക്കാരുകൾ ഇന്ത്യ ഭരിച്ചിട്ടുണ്ട്. എന്നാൽ, അവരാരും മോദി ഇപ്പോൾ ചെയ്തത് പോലൊരു കാര്യം ചെയ്തിട്ടില്ല. പാകിസ്ഥാൻ ഭീകരർ ആണ് പത്താൻകോട്ട് വ്യോമ താവളം തകർത്തത്. എന്നാൽ മോദി പാകിസ്ഥാന്റെ രഹസ്യ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിനെ(ഐ.എസ്.ഐ.) അന്വേഷണം നടത്താൻ ക്ഷണിച്ചിരിക്കുകയാണ്.’ അരവിന്ദ് കെജ്‌രിവാൾ മഡ്ഗാവിൽ വെച്ച് നടന്ന ഒരു പൊതുറാലിയിൽ പറഞ്ഞു.

പാകിസ്ഥാൻ സൈന്യത്തിൽ നിന്നും, ഐ.എസ്.ഐയിൽ നിന്നുമുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി പത്താൻകോട്ടിലെ എയർ ഫോഴ്സ് വ്യോമത്താവളം സന്ദർശിച്ചത്. 2016 നടന്ന പത്താൻകോട്ട് ആക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെട്ടിരുന്നു.

പാകിസ്ഥാന് ഇതിലും നല്ലൊരു ഇന്ത്യൻ പ്രധാനമന്ത്രിയെ ലഭിക്കാനില്ലെന്നും കെജ്‌രിവാൾ പരിഹസിച്ചു. അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി വരുന്നതാണ് ഉചിതമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമർശത്തെയും കെജ്‌രിവാൾ ചോദ്യം ചെയ്തു. ബി.ജെ.പി. ജയിക്കുകയാണെങ്കിൽ 2050ൽ മറ്റൊരു പാർട്ടിയും ഇന്ത്യയിൽ അധികാരത്തിൽ വരില്ലെന്ന ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെയും എം.പി. സാക്ഷി മഹാരാജിന്റെയും പ്രസ്താവനകളും അരവിന്ദ് കെജ്‌രിവാൾ ഓർമിപ്പിച്ചു.

We use cookies to give you the best possible experience. Learn more