മണ്ടന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയായേ തീരൂ; കോടതി വിധിക്ക് പിന്നാലെയും ചോദ്യം ആവര്‍ത്തിച്ച് കെജ്‌രിവാള്‍
national news
മണ്ടന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയായേ തീരൂ; കോടതി വിധിക്ക് പിന്നാലെയും ചോദ്യം ആവര്‍ത്തിച്ച് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 1:45 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിവരാവകാശ നിയമത്തിലൂടെ മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിന് ഗുജറാത്ത് ഹൈക്കോടതിയുടെ നിയമനടപടി നേരിട്ടതിന് പിന്നാലെയാണ് കൂടുതല്‍ ചോദ്യങ്ങളുമായി കെജ്‌രിവാള്‍ വീണ്ടും രംഗത്തെത്തിയത്.

ഗുജറാത്ത് ഹൈക്കോടതി വിധി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദുരൂഹത കൂടുതല്‍ ശക്തമാക്കാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിമാര്‍ രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി വിധിക്ക് പിന്നാലെ ദല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.

‘കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും മണ്ടന്‍ പ്രസ്താവനകള്‍ നടത്തുന്ന പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. ഇവിടെയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം ചര്‍ച്ചയാവുന്നത്. തനിക്ക് വിദ്യാഭ്യാസമില്ലെന്നും ഗ്രാമത്തിലെ ചെറിയ സ്‌കൂളിലാണ് പഠിച്ചതെന്നും മോദി തന്നെ വിളിച്ച് പറയുന്ന വീഡിയോ ഇതിന് മുമ്പ് പുറത്തുവന്നതാണ്. ഇവിടെയാണ് രാജ്യത്ത് വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി ഉണ്ടാവേണ്ടതിന്റെ ആവശ്യം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.

അദ്ദേഹത്തിന് കുറച്ചെങ്കിലും വിദ്യാഭ്യാസമുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് ഒരിക്കലും നോട്ട് നിരോധനം കൊണ്ടുവരില്ലായിരുന്നു, ഇവിടെ ജി.എസ്.ടി സംവിധാനം നല്ല രീതിയില്‍ നടപ്പിലാക്കുമായിരുന്നു, വിവാദമായ കാര്‍ഷിക ബില്ല് നടപ്പിലാക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ രാജ്യത്തെ പത്ത് വര്‍ഷം പിറകോട്ട് കൊണ്ടു പോയി. ഇവിടെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമുണ്ടാകേണ്ടതിന്റെ ആവശ്യകത ഉയരുന്നത്,’ കെജ്‌രിവാള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് ഹൈക്കോടതി അരവിന്ദ് കെജ്‌രിവാളിനെതിരെ നിയമ നടപടി സ്വീകരിച്ചത്. ആര്‍.ടി.ഐ മുഖേന നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടതിനാണ് അദ്ദേഹത്തിന് കോടതി 25000 രൂപ പിഴയിട്ടത്. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടെന്ന് പറയുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം.

എന്നാല്‍ വിദ്യാഭ്യാസ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് സര്‍വകലാശാലയെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് കെജ്‌രിവാളിന്റെ ഹരജി തള്ളി ശിക്ഷ വിധിച്ചത്. പിഴത്തുക നാല് ആഴ്ച്ചക്കകം ഗുജറാത്ത് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Aravind kejrival rais his  questions against modi