ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന ഇത്തവണ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ഉന്നയിച്ച് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.
നിലവിലെ നിയമങ്ങള്‍ മാറ്റിയാല്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഒരു ഗ്രൂപ്പായി പരിഗണിച്ച് അവര്‍ക്ക് പുരസ്‌കാരം നല്‍കാമെന്നാണ് കെജ്‌രിവാള്‍ കത്തില്‍ നിര്‍ദേശിക്കുന്നത്.
‘ഇത്തവണ ഭാരത് രത്‌ന ‘ഇന്ത്യന്‍ ഡോക്ടര്‍’മാര്‍ക്ക് നല്‍കണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നത്. ഒരു വ്യക്തിക്ക് നല്‍കണം എന്നല്ല ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമൊക്കെ ഈ ആദരം ലഭിക്കേണ്ടതുണ്ട്,’ കെജ്‌രിവാള്‍ എഴുതി.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇത് ഒരു വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സ്വന്തം ജീവനോ കുടുംബമോ നോക്കാതെ രാജ്യത്തിന് വേണ്ടി ലക്ഷക്കണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് ഈ കാലത്ത് സേവനമനുഷ്ഠിച്ചത്. അവരെ ആദരിക്കാനും അവര്‍ക്ക് നന്ദി അറിയിക്കാനും ഇതിനും നല്ല വഴിയെന്താണുള്ളത്? ഒരു കൂട്ടം ആളുകള്‍ക്ക് ഭാരത് രത്‌ന നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ നിയമം മാറ്റിയെഴൂതൂ. രാജ്യം ഇന്ന് ഡോക്ടര്‍മാരോട് കടപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് ഭാരത് രത്‌ന നല്‍കുകയാണെങ്കില്‍ അത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 798 ഡോക്ടര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. ഇതില്‍ 128 മരണവും ദല്‍ഹിയിലാണ് രേഖപ്പെടുത്തിയത്.