|

വാക്‌സിന്‍ ഫോര്‍മുല പങ്കുവെക്കണം, മറ്റു കമ്പനികളും ഉത്പാദിപ്പിക്കട്ടെ; മോദിയോട് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അതിനായി വാക്‌സിന്‍ ഫോര്‍മുല പങ്കുവെക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

‘രണ്ട് കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. അവര്‍ ആറുമുതല്‍ ഏഴുകോടി വാക്‌സിന്‍ വരെയാണ് ഉത്പാദിപ്പിക്കുന്നത്. ഇക്കണക്കിനാണെങ്കില്‍ രാജ്യത്തെ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കും. വാക്‌സിന്‍ ഉത്പാദനം കൂട്ടുകയും അതിനായി ഒരു ദേശീയ ആസൂത്രണം ഉണ്ടാക്കുകയും വേണം,’ കെജ്‌രിവാള്‍ പറഞ്ഞു.

മറ്റു പല കമ്പനികളെയും വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനായി വിന്യസിക്കണം. അതിനായി കേന്ദ്രം ഇപ്പോള്‍ വാക്‌സിന്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികളില്‍ നിന്നും അതിന്റെ ഫോര്‍മുല ശേഖരിച്ച് നല്‍കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാലത്ത് ഇത് ചെയ്യാനുള്ള അധികാരം കേന്ദ്രത്തിനാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ വാക്‌സിനേറ്റ് ചെയ്യിക്കേണ്ടതുണ്ട്. അതിനായി കൂടെ നില്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായകമായതായി കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓക്സിജന്‍ കിടക്കകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഓക്സിജന്‍ കിടക്കകള്‍ക്കും ഐ.സി.യുവിനും ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 19 മുതലാണ് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് മൂന്ന് തവണ ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aravind Kejiriwal asks modi to share vaccine formula