'അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ജയിലിൽ തുടരണോ, അതോ രാജിവെക്കണോ?'; ഹിത പരിശോധനയ്‌ക്കൊരുങ്ങി എ.എ.പി
national news
'അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ജയിലിൽ തുടരണോ, അതോ രാജിവെക്കണോ?'; ഹിത പരിശോധനയ്‌ക്കൊരുങ്ങി എ.എ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th November 2023, 8:48 am

ദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്ഥാനം ഒഴിയണോ എന്ന കാര്യത്തില്‍ ജനഹിത പരിശോധന ക്യാപയ്‌ൻ നടത്തുമെന്ന് എ.എ.പി.

2021-2022ല്‍ ദല്‍ഹി എക്‌സൈസിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് നവംബര്‍ രണ്ടിന് ഹാജരാകാന്‍ ഇ.ഡി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്.

കെജ്‌രിവാളിനെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്താല്‍ ദല്‍ഹി സര്‍ക്കാര്‍ ജയിലില്‍ നിന്ന് നയിക്കുമെന്നും മന്ത്രിസഭ യോഗങ്ങള്‍ ജയിലില്‍ നിന്ന് നടത്തുമെന്നും അവകാശപ്പെട്ട് ദല്‍ഹിയിലെ എ.എ.പി നിയമസഭാഗങ്ങള്‍ തിങ്കളാഴ്ച കെജ്‌രിവാളിന് പിന്തുണ അറിയിച്ചിരുന്നു.

സംഭവത്തില്‍ ദല്‍ഹി,പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹിത പരിശോധന (റഫറന്റം)നടത്തുമെന്ന് ചൊവ്വാഴ്ച പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ദല്‍ഹിയിലും രാജ്യത്തുടനീളവും ആംആദ്മിപാര്‍ട്ടി തെരുവ് യോഗങ്ങള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ പാര്‍ട്ടി കൗണ്‍സിലര്‍മാരെ കണ്ടതിനുശേഷം വീട് തോറും ജനഹിത പരിശോധന  ക്യാപയ്‌ൻ  നടത്തുമെന്ന് ആംആദ്മിപാര്‍ട്ടി നേതാവ് ദുര്‍ഗേഷ് പതക് പറഞ്ഞു.

‘ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് പോകുന്നു. പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും എതിരെ ക്രൂരതകള്‍ നടക്കുന്നു എന്നാണ് ജനങ്ങള്‍ പറയുന്നത്. അതുകൊണ്ട് ജയിലില്‍ പോയാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരണമെന്ന് അദ്ദേഹത്തോട് എല്ലാ എം.എല്‍.എമാരും അഭ്യര്‍ത്ഥിക്കുകയാണ്.

ദല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. അദ്ദേഹം മുഖ്യമന്ത്രിയായി തുടരുക തന്നെ ചെയ്യണം. ഞങ്ങള്‍ കോടതിയില്‍ പോയി മന്ത്രിസഭായോഗം ജയിലില്‍ തന്നെ നടത്താന്‍ അനുമതി തേടും,’ ദല്‍ഹി മന്ത്രി അതിഷി പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ കെജ്‌രിവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇ.ഡി സമന്‍സ് സംബന്ധിച്ച് എ.എ.പി നാടകം കളിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി കെജ്‌രിവാള്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന പ്രതിനിധി സൃഷ്ടിക്കാനാണ് എ.എ.പി ശ്രമിക്കുന്നതെന്നും എന്നാല്‍ മദ്യ അഴിമതിയില്‍ കെജ്‌രിവാളിന് പങ്കുണ്ടെന്ന് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ദല്‍ഹി ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.

Content Highlight: Aravind Kejarival ED summons  case