അധികാരസ്ഥാനങ്ങളില്‍ സവര്‍ണ വിഭാഗങ്ങളുടെ അധിക പ്രാതിനിധ്യം എങ്ങനെ രൂപപെടുന്നുവെന്നും അതുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ എന്താണെന്നും എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ട സാമൂഹിക നീതിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ഉയര്‍ത്തുന്നുണ്ട്. എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ബില്ലിന്റെയും അതിനോടനുബന്ധിച്ചു നടന്ന വിമോചനസമരത്തിന്റെയും അത്തരം മാതൃകയിലുള്ള മുന്നേറ്റങ്ങളുടെയും ചരിത്രം പരിശോധിക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതല്‍ വ്യക്തമാകുക...
എയ്ഡഡ് വിദ്യാഭ്യാസ മേഖല പൊതുമേഖലയായതുകൊണ്ടും വേതനം സര്‍ക്കാര്‍ നല്‍കുന്നതുകൊണ്ടും ആ മേഖലയിലെ നിയമനങ്ങളിലേക്ക് എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വതന്ത്രമായി മത്സരിക്കാന്‍ സാധിക്കേണ്ടതുണ്ട്. നിലവില്‍ ഈ നിയമനങ്ങളിലെ 90 ശതമാനത്തിനടുത്ത് അവസരങ്ങളും ക്രൈസ്തവ, ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളിലെ വരേണ്യ സവര്‍ണ വിഭാഗങ്ങള്‍ക്ക് കൈവശപ്പെടുത്താന്‍ സാധിച്ചിരിക്കുന്നവയാണ്.
ഈ സാമൂഹിക അസന്തുലിതാവസ്ഥയെ പരിഹരിക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നടത്തുവാന്‍ പി.എസ്.സിയെ ചുമതലപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ എയ്ഡഡ് മേഖലയിലെ അധികാരസ്ഥാനങ്ങളിലെ സവര്‍ണ വിഭാഗങ്ങളുടെ ഉയര്‍ന്ന പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ഈ പ്രശ്നം ഇന്ത്യന്‍ സാമൂഹികഘടനയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളുടെ കേന്ദ്രത്തിലേക്ക് സാമൂഹിക ശാസ്ത്രഞ്ജരുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയെത്തിക്കുന്നുണ്ട്.
അധികാരസ്ഥാനങ്ങളില്‍ സവര്‍ണ വിഭാഗങ്ങളുടെ അധിക പ്രാതിനിധ്യം എങ്ങനെ രൂപപെടുന്നുവെന്നും അതുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ എന്താണെന്നും എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ട സാമൂഹിക നീതിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ഉയര്‍ത്തുന്നുണ്ട്. എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ബില്ലിന്റെയും അതിനോടനുബന്ധിച്ചു നടന്ന വിമോചനസമരത്തിന്റെയും അത്തരം മാതൃകയിലുള്ള മുന്നേറ്റങ്ങളുടെയും ചരിത്രം പരിശോധിക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതല്‍ വ്യക്തമാകുക.
എയ്ഡഡ് മേഖലയിലെ വികസനം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന നയപരമായ തീരുമാനത്തിന്റെ ഫലമായി രൂപപ്പെട്ട ഒന്നായിരുന്നു 1957ലെ ആദ്യ കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച വിദ്യാഭ്യാസ ബില്ല്. എയ്ഡഡ് മേഖലയെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഈ മേഖലയിലെ സ്ഥാപനങ്ങളിലെ വേതനം മുതല്‍ പരിപാലന ചെലവുകള്‍ വരെ സര്‍ക്കാര്‍ നല്‍കും എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഈ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ ബില്ലിനെതിനെതിരെ കൂടിയുമായിരുന്നു വിമോചനസമരം സംഘടിക്കപെട്ടത്. സവര്‍ണ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഇത്തരം സാമൂഹിക മുന്നേറ്റങ്ങളുടെ പരിശോധനയിലൂടെയാണ് എയ്ഡഡ് മേഖലയിലെ സവര്‍ണ വിഭാഗങ്ങളുടെ അധീശത്വം ഉല്‍പാദിപ്പിക്കുന്ന മാറ്റങ്ങളെ വിലയിരുത്തേണ്ടത്.
എയ്ഡഡ് മേഖലയിലെ ഇത്തരം വികസനത്തെ തടയാനായി നടത്തപ്പെട്ട സവര്‍ണരുടെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് സമാനമായ മറ്റൊരു സമരമായിരുന്നു മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ സമരവും. ഭരണകൂടം അടക്കമുള്ള അധികാര കേന്ദ്രങ്ങളിലെ സ്ഥാനങ്ങളിലെ പങ്കില്‍ നിന്നും വിവേചനം ചെയ്യപ്പെട്ട വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നയപരമായ തീരുമാനമായിരുന്നു മണ്ഡല്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചത്. ഈ നയപരമായ തീരുമാനം അട്ടിമറിക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ സമരം.
ഇത്തരം സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഉടനീളം കാണാനാകും. വിമോചന സമരവും, മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ സമരവും ഡി.വൈ.എഫ്.ഐ നടത്തിയ നിലവിളക്ക് കൊളുത്തല്‍ സമരവും, ആറന്മുള എയര്‍പോര്‍ട്ട് വിരുദ്ധ സമരവും, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിരുദ്ധ സമരവും, ശബരിമല സ്ത്രീപ്രവേശന വിരുദ്ധ സമരവും ഈ മുന്നേറ്റങ്ങളുടെ മാതൃകയില്‍ നടന്ന സമരങ്ങള്‍ ആയിരുന്നു. ഈ മുന്നേറ്റങ്ങളെല്ലാം ഉല്‍പാദിപ്പിച്ച അറിവുകളുടെ മാതൃകകള്‍ സവര്‍ണ അനുഭവങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെട്ടവയാണ്.
ഈ മുന്നേറ്റങ്ങള്‍ അടക്കം വിവിധ വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകള്‍ തമ്മിലുള്ള വ്യത്യാസം, ഈ അറിവുകള്‍ രൂപപ്പെടുന്നതിന്റെ സ്വഭാവം, വിവിധ അധികാര ഘടനകളില്‍ അറിവുകളും പൊതുബോധവും രൂപപ്പെടുന്നതിന്റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള പരിശോധന എയ്ഡഡ് മേഖലയിലെ പ്രശ്നത്തിലേക്ക് ശ്രദ്ധയെത്തിക്കും. എയ്ഡഡ് മേഖല എന്നല്ല മുഴുവന്‍ അധികാരസ്ഥാനങ്ങളിലും സവര്‍ണ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുത്തകയാകുന്നത് എന്ത് തരത്തിലുള്ള സാമൂഹിക മാറ്റമാണ് ഉണ്ടാക്കുകയെന്ന ചോദ്യത്തിലേക്ക് എത്താന്‍ ഇത് സഹായിക്കും.
സാമൂഹിക മുന്നേറ്റങ്ങളും അവ ഉല്‍പാദിപ്പിക്കുന്ന അറിവുകളും തമ്മിലുള്ള ബന്ധം
പലപ്പോഴും പല സാമൂഹിക വിഭാഗങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്ന സാമൂഹിക മുന്നേറ്റങ്ങളും അവ സമൂഹത്തില്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളും തമ്മില്‍ ബന്ധമുണ്ട്. സമൂഹത്തിലെ വരേണ്യ വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളും കീഴാള വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളും വ്യത്യസ്തമാണ്.
എയ്ഡഡ് മേഖലയിലെ സര്‍ക്കാര്‍ ഇടപെടലിന് സമാനമായി ഭൂപരിഷ്‌കരണ നയവും വിമോചന സമരത്തിന് കാരണമായിരുന്നു. ഭൂമി അടക്കമുള്ള സമൂഹത്തിലെ വിഭവങ്ങളില്‍ അധികാരം ലഭ്യമല്ലാത്ത വിഭാഗങ്ങള്‍ക്ക് അതിന്മേലുള്ള അധികാരം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ട് വികസിപ്പിച്ചെടുത്തതായിരുന്നു ഭൂപരിഷ്‌കരണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ കാര്‍ഷിക സമൂഹമായിരുന്ന കേരളത്തില്‍ ഭൂമി ഒരു ഉല്‍പാദനോപാദി ആയിരുന്നു.
ഉല്പാദനോപാധിയുടെ മേലുള്ള അധികാരം വിവിധ വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന സാമൂഹിക അധികാരം വര്‍ധിപ്പിക്കുകയായിരുന്നു. അതുകൊണ്ട് ഭൂമി ലഭ്യമല്ലാത്ത വിഭാഗങ്ങളിലേക്ക് അത് വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ അട്ടിമറിക്കാന്‍ കൂടി ആയിരുന്നു സവര്‍ണര്‍ വിമോചനസമരം സംഘടിപ്പിച്ചത്.
ആറന്മുള ക്ഷേത്രത്തിന് സമീപം എയര്‍പോര്‍ട്ട് വരുന്നത് ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തും എന്ന ഹിന്ദു വികാരത്തെ ആളിക്കത്തിച്ചുകൊണ്ടായിരുന്നു ആറന്മുള എയര്‍പോര്‍ട്ട് വിരുദ്ധ സമരം നടന്നത്. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ തയ്യാറാകാതിരുന്ന അക്കാലത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന അബ്ദുള്‍ റബ്ബിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നടന്ന സമരമായിരുന്നു ഡി.വൈ.എഫ്.ഐ നടത്തിയ നിലവിളക്ക് സമരം.
ഹിന്ദു പൊതുബോധത്തെ നിലനിര്‍ത്താനും അബ്ദുറബ്ബിന്റെ മുസ്‌ലിം സ്വത്വത്തെ ചോദ്യം ചെയ്യാനുമായി നടത്തപ്പെട്ട ഒന്നായിരുന്നു ആ സമരം. സമാനമായി സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കുക വഴി ബ്രാഹ്മണ പുരുഷാധിപത്യ മൂല്യബോധത്തെ തകര്‍ക്കാന്‍ കഴിയുമായിരുന്ന നയപരമായ തീരുമാനമായിരുന്നു ശബരിമല സ്ത്രീപ്രവേശന വിധി. ഇതിനെത്തടയുക എന്നതായിരുന്നു ശബരിമല യുവതിപ്രവേശന വിരുദ്ധ സമരത്തിന്റെ ഉദ്ദേശം.
സവര്‍ണ മുന്നേറ്റങ്ങള്‍ എക്കാലവും ഉല്പാദിപ്പിച്ചത് സാമൂഹിക വികസനത്തിനും ജീവിത നിലവാരത്തിന്റെ വര്‍ധനക്കും വിരുദ്ധമായ അറിവുകളാണ്. ഈ അറിവുകള്‍ സവര്‍ണ ആള്‍ക്കൂട്ടങ്ങളില്‍ എങ്ങനെ രൂപപ്പെടുന്നു എന്ന പരിശോധന ഇന്ത്യന്‍ സമൂഹത്തിലെ അധികാര കേന്ദ്രങ്ങളില്‍ പൊതുബോധം, നയങ്ങള്‍ എന്നിവ രൂപപ്പെടുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കും. ഈ ലേഖനത്തിന്റെ പ്രധാനപ്പെട്ട ഭാഗത്ത് എത്തുമ്പോള്‍ അതിന്റെ കാരണം വായനക്കാര്‍ക്ക് ബോധ്യപ്പെടും. അതിന് മുന്‍പ് സാമൂഹിക മുന്നേറ്റങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും അഭിപ്രായങ്ങള്‍ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
സാമൂഹിക മുന്നേറ്റങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും അഭിപ്രായങ്ങള്‍ എങ്ങനെയാണ് രൂപപ്പെടാറുള്ളത്
രണ്ട് തരത്തില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ രൂപപ്പെടാറുണ്ട്. ഒന്ന് സാമൂഹിക പ്രശ്നങ്ങള്‍ നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങള്‍ സംഘടിതമായി ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാറുണ്ട്. രണ്ട് പ്രബലരായ സംഘങ്ങള്‍ അധികാര കേന്ദ്രങ്ങളെ നയപരമായി സ്വാധീനിക്കാനും ആസൂത്രണത്തോടെ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
ലോകത്തുണ്ടാകുന്ന സാമൂഹിക മുന്നേറ്റങ്ങളുടെയെല്ലാം സ്വഭാവം അതിന്റെ ആവിര്‍ഭാവത്തിന്റെ കാരണം ജനങ്ങള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ അനുഭവപരമായി ബോധ്യപെടുന്നതുകൊണ്ടാണ്. ജനങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് തങ്ങള്‍ ഒരു പിന്നോക്കാവസ്ഥ നേരിടുന്നു എന്ന ബോധം രൂപപ്പെട്ടാലാണ് അവര്‍ സംഘടിതമായ മുന്നേറ്റമായി പരിണമിക്കുക. ഈ അനുഭവങ്ങളുടെ വ്യത്യാസങ്ങളിലാണ് മുന്നേറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വ്യത്യസ്തമാകുന്നത്.
രണ്ട് തരത്തിലുള്ള മുന്നേറ്റങ്ങളില്‍ രണ്ടാമത്തേതില്‍ പിന്നോക്കാവസ്ഥയെ സംബന്ധിച്ച ഈ ബോധം സംഘടിത സംഘങ്ങളുടെ പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ഉരുത്തിരിയുന്നവയായിട്ടാണ് സങ്കല്‍പിക്കപ്പെടുന്നത്. സി.പി.ഐ.എം അടക്കമുള്ള സംഘടനകള്‍ നടത്തിയ സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട രാപ്പകല്‍ സമരവും പൗരത്വ ഭേദഗതി നിയമത്തില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയും ശബരിമല വിഷയത്തില്‍ നടത്തിയ വനിതാ മതിലും ഇത്തരം മുന്നേറ്റങ്ങളുടെ ഉദാഹരണങ്ങളാണ്.
മുന്നേറ്റമായി രൂപപ്പെടാനുള്ള പിന്നോക്കാവസ്ഥ ജനങ്ങള്‍ക്ക് അനുഭവപരമായി ഇല്ലാതിരുന്നതുകൊണ്ടാണ് സോളാര്‍ രാപ്പകല്‍ സമരം ദയനീയമായി രണ്ടാം ദിവസം പരാജയപെട്ടുപോയത്. എന്നാല്‍ ഭരണഘടന സംരക്ഷണ റാലിയില്‍ മുസ്ലിങ്ങളും വനിതാമതിലില്‍ ദളിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളും പിന്നോക്കാവസ്ഥ അനുഭവപ്പെടുന്ന വിഭാഗങ്ങള്‍ ആയിരുന്നു. അതുകൊണ്ട് ഈ മുന്നേറ്റങ്ങള്‍ മികച്ച രീതിയില്‍ ആളുകള്‍ പങ്കെടുത്തു. സോളാര്‍ രാപ്പകല്‍ സമരം അനിശ്ചികാലമായിട്ടാണ് പ്രഖ്യാപിക്കപെട്ടത്.
പാര്‍ട്ടിക്കകത്ത് സോളാര്‍ സമരത്തിന്റെ പരാജയം ചര്‍ച്ചയാക്കപ്പെടുകയും ചെയ്തു. പിന്നീട് നടന്ന ഭരണഘടന സംരക്ഷണ റാലിയും വനിതാമതിലും കേവലം മിനിറ്റുകള്‍ മാത്രം അണിനിരക്കുന്ന രീതിയിലാണ് നടപ്പാക്കപ്പെട്ടത്. എന്നിരുന്നാലും ഈ രണ്ട് സമരങ്ങളിലും ഹിന്ദുത്വത്തിന്റെ ആക്രമണങ്ങളെ മനസിലാക്കാന്‍ കഴിയുന്ന വിഭാഗങ്ങളായി ദളിത് ആദിവാസി മുസ്‌ലിം വിഭാഗങ്ങളുടെ പങ്കെടുക്കല്‍ പ്രസക്തമായിരുന്നു.
ആദ്യം പറഞ്ഞ തരത്തിലുള്ള മുന്നേറ്റങ്ങളില്‍ പങ്കെടുക്കുന്നവരില്‍ സമൂഹത്തിലെ പിന്നാക്കാവസ്ഥയെ കുറിച്ചുള്ള ബോധം പല സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന്റെ (cooperation competition conflict accommodation) ഫലമായി വ്യക്തികളില്‍ സ്വാഭാവികമായി രൂപപെടുന്നതുമാണ്. ഈ പിന്നാക്കാവസ്ഥ വ്യക്തിപരമായ ഒന്നല്ലെന്നും ഒരു സവിശേഷമായ സാമൂഹിക സ്ഥാനം തങ്ങള്‍ക്കുള്ളതുകൊണ്ടാണ് ഈ പ്രശ്നം അനുഭവിക്കുന്നതെന്നും അതുകൊണ്ട് ഇത് തികച്ചും സാമൂഹികമാണെന്നും മുന്നേറ്റത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും തികഞ്ഞ ബോധ്യമുണ്ടാകും. സ്ത്രീ, ക്യുവെര്‍ മുന്നേറ്റങ്ങള്‍ ദളിത് ആദിവാസി മുസ്ലിം മുന്നേറ്റങ്ങള്‍ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.
റോബര്‍ട്ട് കെ. മെര്‍റ്റന്‍ എന്ന സാമൂഹിക ശാത്രജ്ഞന്റെ ‘റിലേറ്റീവ് ഡിപ്രിവേഷന്‍ – ആപേക്ഷിക പിന്നോക്കാവസ്ഥ’ എന്ന സിദ്ധാന്തം തെളിയിക്കുന്നത് ഇതാണ്. കാള്‍ മാര്‍ക്‌സും തൊഴിലാളികള്‍ക്ക് വര്‍ഗ്ഗബോധം (Class Consciounsess) ഉണ്ടാകുന്നത് ഇത്തരം വ്യക്തിപരമായ ചൂഷണ അനുഭവങ്ങളില്‍ നിന്നും തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. ഈ ആപേക്ഷികമായ പിന്നാക്കാവസ്ഥയാണെങ്കില്‍ വ്യക്തികളുടെ സൂക്ഷ്മമായ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
റോബര്‍ട്ട് കെ. മെര്‍റ്റന്‍
അതായത് അനുഭവപരമായ ജീവിതലോകം (Consciousness and Life world) എന്ന ആല്‍ഫ്രഡ് ഷൂട്സിന്റെ സങ്കല്പവുമായിട്ടാണ് അതിന്റെ കേന്ദ്രബന്ധം. സ്വന്തം വൈയക്തിക അനുഭവങ്ങളിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെക്കുറിച്ചും അതുവഴി സമൂഹത്തിന്റെ ആകെ ഘടനയെക്കുറിച്ചും ഒരു ജ്ഞാനം വ്യക്തികള്‍ക്ക് രൂപപ്പെടും എന്നാണ് ഷൂട്സ് വ്യക്തമാക്കുന്നത്.
വ്യക്തിജീവിതത്തിലെ ബോധത്തിനകത്തെ ജീവിതലോകം അഥവാ ലൈഫ് വേള്‍ഡ് ഒരു പ്രത്യേക രീതിയിലുള്ള ജ്ഞാനം വ്യക്തികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നുണ്ട്. മെര്‍റ്റന്‍ വ്യക്തമാക്കുന്ന ആപേക്ഷികമായ പിന്നാക്കാവസ്ഥയെ കുറിച്ചുള്ള അറിവ് ഈ ജീവിതലോകങ്ങളില്‍ നിന്നും ഉണ്ടാകുന്ന ബോധ്യങ്ങളാണ്. ലോകത്ത് സാമൂഹിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയിട്ടുള്ള കാള്‍ മാര്‍ക്സ് മുതല്‍ റോബര്‍ട്ട് കെ. മെര്‍റ്റന്‍ വരെയുള്ളവര്‍ ഈ അനുഭവലോക സംബന്ധമായ ജ്ഞാനം സാമൂഹിക മുന്നേറ്റങ്ങളില്‍ പ്രധാനമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
കാള്‍ മാര്‍ക്സ് വ്യക്തമാക്കുന്നതനുസരിച്ച് തൊഴിലാളികള്‍ക്കിടയില്‍ രൂപപ്പെടുന്ന തൊഴിലാളികളെ വിപ്ലവത്തിന് പ്രേരിപ്പിക്കുന്ന ‘ക്ലാസ് കോണ്‍ഷ്യസ്നെസ്സ്’ അഥവാ ‘വര്‍ഗ ബോധം’ ഉരുത്തിരിയുന്നത് തൊഴിലാളിയുടെ അനുഭവപരമായ ലോകത്തില്‍ നിന്നുമാണെന്ന് സാന്ദ്ര ഹെഡിങ് അഭിപ്രായപ്പെടുന്നു. അതായത് തൊഴിലിലാളി അനുഭവിക്കുന്ന ചൂഷണ സംബന്ധമായ അനുഭവങ്ങളിലൂടെ സമൂഹത്തിന്റെ ആകെ മൊത്തം ഘടനയുടെ സ്വഭാവവും അസമത്വത്തിന്റെ നിലനില്പും മനസിലാകുമെന്ന് ചുരുക്കം.
പല സ്ത്രീപക്ഷ ചിന്തകരും ഈ അനുഭവപരമായ ജ്ഞാനവ്യവസ്ഥയുടെ ഗൗരവം അടയാളപ്പെടുത്തുന്നുണ്ട്. സാമൂഹിക മുന്നേറ്റങ്ങള്‍ രൂപപ്പെടുന്നതിന് കാരണം ഇത്തരം അനുഭവപരമായ ജ്ഞാനങ്ങള്‍ ചില ആള്‍കൂട്ടങ്ങളില്‍ ഉല്പാദിപ്പിക്കുന്ന പൊതുബോധങ്ങള്‍ ആണ്. തൊഴിലാളിയുടേതായ ഒരു സാമൂഹിക സ്ഥാനം സവിശേഷമാണെന്നും തൊഴിലാളി സാമൂഹിക ഘടനയില്‍ ഈ സാമൂഹിക സ്ഥാനം കയ്യാളുന്നതുകൊണ്ട് തൊഴിലാളിയുടെ അനുഭവ സംബന്ധമായ ജ്ഞാനം തൊഴിലാളികള്‍ക്ക് മാത്രം സ്വായത്തമാക്കാന്‍ കഴിയുന്നതാണെന്നും സാന്ദ്ര ഹെര്‍ഡിങ് വ്യക്തമാക്കുന്നു.അതാണ് തൊഴിലാളികളുടെ വര്‍ഗ ബോധത്തിന്റെ അടിത്തറ.ഒരു സാമൂഹിക മുന്നേറ്റമായി മാറാന്‍ തൊഴിലാളികളെ സമ്മര്‍ദപ്പെടുത്തുന്നത് ഈ അനുഭവപരമായ ജ്ഞാനങ്ങളാണ്.
തൊഴിലാളി എന്ന സാമൂഹിക സ്ഥാനത്തിന് പുറത്ത് നിലനില്‍ക്കുന്നവര്‍ക്ക് അവരുടെ സാമൂഹിക സ്ഥാനത്തിന് അനുസരിച്ചുള്ള ജ്ഞാനങ്ങളായിരിക്കും സ്വായത്തമാക്കാന്‍ കഴിയുക. ഈ നിലയില്‍ നിന്ന് വേണം സവര്‍ണര്‍ ഒരു സാമൂഹിക മുന്നേറ്റമായി എങ്ങനെ രൂപപ്പെടുന്നു എന്നും അവരുടെ കൂട്ടങ്ങളില്‍ ആപേക്ഷികമായ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള പൊതുബോധം എങ്ങനെ വികസിക്കുന്നു എന്നും കണ്ടെത്താന്‍. ഇപ്പോള്‍ സാമൂഹിക മുന്നേറ്റങ്ങളില്‍ അറിവുകള്‍ ഉണ്ടാകുന്നതെങ്ങനെ എന്ന് പരിശോധിച്ചുകഴിഞ്ഞു. ഇനി ഇത്തരം അറിവുകള്‍ വൈവിധ്യമാര്‍ന്ന ഒരു കൂട്ടത്തിനകത്ത് എങ്ങനെ പൊതുബോധമായി മാറുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
പൊതുബോധവും സവിശേഷ അധികാരവും അനുഭവലോകവും
പലവിധത്തിലുള്ള ആളുകള്‍ ഉള്‍ച്ചേര്‍ന്നൊരു കൂട്ടത്തില്‍ പൊതുബോധം രൂപപെടുന്നതിന് ചില സവിശേഷതകളുണ്ട്. ചില പൊതു മാതൃകകള്‍ അതിനെ സ്വാധീനിക്കുന്നുണ്ട്. സമൂഹത്തില്‍ യുക്തിസഹമായി ചിന്തിക്കുന്നവരുടെ സ്വാധീനങ്ങള്‍ ഇതില്‍ വളരെക്കുറച്ചു മാത്രമേ കാരണമാകുന്നുള്ളു. ഇന്ത്യന്‍ സാമൂഹിക ഘടനയുടെ സ്വഭാവത്തെക്കുറിച്ച് ഡോ. ബി. ആര്‍. അംബേദ്കര്‍ വികസിപ്പിച്ചെടുത്ത ‘ശ്രേണീകൃതമായ അസമത്വം’ (Graded Inequaltiy) എന്ന സിദ്ധാന്തം ഈ മാതൃകയെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ്.
അതിനെ വിശദീകരിക്കുന്നതിന് മുന്‍പ് സൂചിപ്പിച്ചു പോകേണ്ട രണ്ട് മര്‍മപ്രധാനമായ കാര്യങ്ങളുണ്ട്. അനേകം ഘടകങ്ങള്‍ ആള്‍ക്കൂട്ടങ്ങളിലെ പൊതുബോധത്തിനെ സ്വാധീനിക്കുന്നുണ്ട്. മുന്‍പ് സൂചിപിച്ചതുപോലെ വ്യക്തികള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സവിശേഷ അധികാരങ്ങളും അതിനനുസരിച്ച് അവരുടെ സൂക്ഷ്മമായ സാമൂഹിക ഇടങ്ങളില്‍ നിന്നും അഥവാ ജീവിതലോകങ്ങളില്‍ നിന്നും അനുഭവപരമായി സ്വരൂപിക്കുന്ന അറിവുകളുമാണ് ആള്‍ക്കൂട്ടത്തിലെ പൊതുബോധത്തെ സ്വാധീനിക്കുന്ന രണ്ട് പ്രധാന ഘടകങ്ങള്‍.
അംബേദ്കര്‍ വികസിപ്പിച്ച ശ്രേണീകൃതമായ അസമത്വം എന്ന സങ്കല്‍പത്തിന്റെ പ്രയോഗം പൊതുബോധത്തെക്കുറിച്ച് നമുക്ക് മനസിലാക്കിത്തരുന്നത് ഇതാണ്. കൃത്യമായി സൂചിപ്പിച്ചാല്‍ സവിശേഷ അധികാരം കുറഞ്ഞ ആളുകള്‍ സൂക്ഷമമായ സാമൂഹിക ജീവിതത്തില്‍ നിന്നും അനുഭവപരായി ആര്‍ജിച്ചെടുക്കുന്ന കൃത്യമായ അറിവുകളെക്കാള്‍ സവിശേഷ അധികാരമുള്ളവര്‍ അവരുടെ അനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന അറിവുകള്‍ക്ക് ആള്‍ക്കൂട്ടങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നു.
ഒരു ഉദാഹരണം പറയുകയാണെങ്കില്‍ സവര്‍ണ വിഭാഗങ്ങളില്‍പ്പെട്ട ഒരു വ്യക്തിക്ക് ”ജാതി” എന്നത് അയാളുടെ അതിജീവനത്തിനും ജീവിത ലക്ഷ്യങ്ങള്‍ നേടുന്നതിനുമായ മത്സരങ്ങള്‍ വളരെ എളുപ്പമാക്കി കൊടുക്കുന്ന ഒരു സാമൂഹിക നിര്‍മിതി ആയിരിക്കും. അത് അയാളുടെ അനുഭവപരമായ ബോധ്യമാണ്. ജാതി ഘടനയുടെ സവിശേഷ അധികാരം കയ്യാളുന്ന ഒരു വ്യക്തി എന്ന നിലക്ക് അയാള്‍ക്ക് മറ്റ് ജാതി ജീവിത അനുഭവങ്ങള്‍ ഒരിക്കലും ലഭ്യമാകില്ല. അയാളുടെ ജാതിയുമായി ബന്ധപ്പെട്ട അറിവ് ജാതി ഘടന അനിവാര്യവും സ്വീകാര്യവുമായ ഒരു സാമൂഹിക നിര്‍മിതി ആണെന്നായിരിക്കും.
എന്നാല്‍ സവര്‍ണേതര സാമൂഹിക പരിസരങ്ങളില്‍ നിന്നോ പുരുഷ ലിംഗ അധികാരത്തിന് പുറത്ത് നില്‍ക്കുന്നവര്‍ക്കോ ജാതിഘടന അഥവാ ഹിന്ദുഘടന അങ്ങനെയല്ല ജീവിതത്തില്‍ അനുഭവപ്പെടുക. കീഴാളര്‍ക്ക് ഹിന്ദു ഘടന അത്യന്തം അപകടകരവും അക്രമണോല്സുകവുമായ ഒന്നായിട്ടാണ് ഹിന്ദു സാമൂഹിക ഘടനയെ അനുഭവപ്പെടുക. സവര്‍ണര്‍ ജാതി ഘടനയെ മനസിലാക്കുന്നതുപോലെയായിരിക്കില്ല ഒരിക്കലും സവര്‍ണേതര വിഭാഗങ്ങള്‍ അതിനെ മനസിലാക്കുക. സവിശേഷ അധികാരവും സാമൂഹിക ജീവിതത്തിലെ സൂക്ഷമമായി അനുഭവങ്ങളും എങ്ങനെയാണ് സമൂഹത്തെക്കുറിച്ചുള്ള അറിവുകള്‍ ഉല്പാദിപ്പിക്കുന്നതില്‍ പ്രധാനമാകുന്നത് എന്നാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍ സവര്‍ണേതരരായവര്‍ ഉല്പാദിപ്പിക്കുന്ന അറിവുകള്‍ ആള്‍ക്കൂട്ടങ്ങളില്‍ പൊതുബോധമായി രൂപപ്പെടാതിരിക്കുകയും സവര്‍ണരായവര്‍ ആള്‍ക്കൂട്ടങ്ങളില്‍ ഒരു ന്യൂനപക്ഷമായാല്‍ പോലും അവരുടെ സവിശേഷ അധികാരത്തിന്റെ ബലത്തില്‍ സമൂഹത്തെക്കുറിച്ച് അവര്‍ തന്നെ ഉല്പാദിപ്പിക്കുന്ന കൃത്യമല്ലാത്ത അറിവുകള്‍ പൊതുബോധമായി മാറുകയും ചെയ്യും. ആള്‍ക്കൂട്ടങ്ങളുടെയും അവക്കകത്ത് നിലനില്‍ക്കുന്ന പൊതുബോധങ്ങളുടെയും രൂപീകരണത്തിലെ ചില വസ്തുതകളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
സവിശേഷ അധികാരവും അനുഭവപരമായ അറിവുകളും പൊതുബോധവും തമ്മിലുള്ള ബന്ധം
ചിത്രം 1 നോക്കുക.പല രീതിയില്‍ 1 മുതല്‍ 3 വരെ സവിശേഷ അധികാരങ്ങളുള്ള 7 ആളുകള്‍ ഒരു കൂട്ടത്തില്‍ ചിത്രത്തില്‍ കാണിച്ചതിന് സമാനമായി ഉണ്ടെന്ന് കരുതുക. ആള്‍ക്കൂട്ടത്തില്‍ പല അളവില്‍ സാമൂഹിക അധികാരമുള്ളവരുണ്ടാകും.അവരുടെ എണ്ണത്തിനും അവരുടെ സാമൂഹിക അധികാരത്തിനും അനുസരിച്ച് കൂട്ടത്തിനകത്തെ പൊതുബോധം രൂപപ്പെടും.
ചിത്രം 2 നോക്കുക. A എന്നത് പൊതുബോധമാണെങ്കില്‍ പൊതുബോധമായ അ രൂപപ്പെടുന്നതില്‍ സാമൂഹിക അധികാരം ഏറ്റവും കൂടിയ ആളുടെ അറിവ് വളരെ നിര്ണായകമായിരിക്കും. അതായത് ഏറ്റവും കൂടിയ അളവില്‍ സാമൂഹിക അധികാരം ഉള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഏത് കൂട്ടത്തിലും മുന്‍ഗണന ലഭിക്കും, എന്നാല്‍ സാമൂഹിക അധികാരം കുറഞ്ഞവര്‍ പ്രാതിനിധ്യത്തില്‍ കൂടുതല്‍ ഉണ്ടായാല്‍ പോലും അവരുടെ അറിവുകള്‍/ അഭിപ്രായങ്ങള്‍ എന്നിവക്ക് പൊതുബോധം രൂപപ്പെടുത്താന്‍ കഴിയുന്ന നിര്‍ണായക ശക്തിയാകാന്‍ കഴിയില്ല.
A പൊതുബോധമാണെങ്കില്‍ അത് രൂപപ്പെടുന്നതില്‍ സാമൂഹിക അധികാരം കൂടിയ ആളുകളുടെ അറിവ് വളരെ നിര്‍ണായകമായിരിക്കും. ഉദാഹരണമായി ഈ ചിത്രത്തില്‍ രേഖപ്പെടുത്തിയതിന് സമാനമായി 3 സവിശേഷ അധികാരങ്ങള്‍ ആസ്വദിക്കുന്ന ഒരാള്‍ ഈ കൂട്ടത്തിനകത്ത് പൊതു ബോധത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പരിശോധിക്കാം.
സവര്‍ണനായിരിക്കുക, പുരുഷനായിരിക്കുക, ശാരീരിക പ്രാപ്തിയുള്ളയാളായിരിക്കുക എന്നീ മൂന്ന് സവിശേഷാധികാരങ്ങള്‍ ഒരേസമയം ഉള്ളയാള്‍ കൂട്ടത്തില്‍ ഉണ്ടെന്ന് കരുതുക. അയാളെ സൂചിപ്പിക്കുന്നത് ഏറ്റവും നീളമേറിയ ആരോ (Arrow) ആണ്. അതിന് കീഴെ 3 എന്ന് രേഖപെടുത്തിയിട്ടുമുണ്ട്. അതോടൊപ്പം സവര്‍ണ സ്വത്വമില്ലാത്ത പുരുഷനായ ശാരീരിക പ്രാപ്തിയുള്ള രണ്ട് പേര് വേറെ ഉണ്ടെന്ന് കരുതുക. അടുത്ത വലുപ്പം കുറഞ്ഞ 2 എന്ന് രേഖപ്പെടുത്തിയ ആരോകള്‍ ഇവരെയാണ് സൂചിപ്പിക്കുന്നത്. സവര്‍ണരല്ലാത്ത പുരുഷ ലിംഗപദവി ഇല്ലാത്ത ശാരീരിക ക്ഷമതയുള്ള നാല് പേര് അതേ കൂട്ടത്തില്‍ ഉണ്ടെന്ന് കരുതുക. ഏറ്റവും നീളം കുറഞ്ഞ 1 എന്ന് രേഖപ്പെടുത്തിയ 4 ആരോകള്‍ ഇവരെയാണ് സൂചിപ്പിക്കുന്നത്.
സവിശേഷ അധികാരങ്ങള്‍ കുറയുന്തോറും പൊതുബോധമായ Aയിലേക്ക് അകലം കൂടുകയും സ്വാധീനം കുറയുകയും ചെയ്യും. സവിശേഷ അധികാരങ്ങള്‍ കൂടുന്തോറും പൊതുബോധമായ A യിലേക്ക് അകലം കുറയുകയും സ്വാധീനം കൂടുകയും ചെയ്യും. ഈ സവിശേഷ അധികാരം കുറഞ്ഞ ആളുകളിലെല്ലാം സൂക്ഷ്മമായ സാമൂഹിക ജീവിതത്തില്‍ അനുഭവപരമായി ഈ സവിശേഷ അധികാരങ്ങളില്ലാത്തവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അറിവുകളായി കോഡ് ചെയ്തുവെക്കപ്പെട്ടിട്ടിട്ടുണ്ടാകും. കാള്‍ മാര്‍ക്സിന്റേയും മെര്‍ട്ടന്റെയും ആല്‍ഫ്രഡ് ഷൂട്സിന്റെയും സൈദ്ധാന്തിക പരിസരങ്ങള്‍ വ്യക്തമാക്കുന്ന അനുഭവപരമായ ജ്ഞാനങ്ങളുടെ സവിശേഷതയാണത്.
ആല്‍ഫ്രഡ് ഷൂട്സ്
ഒരു ശാരീരിക പ്രാപ്തിയുള്ള സവര്‍ണ പുരുഷനേക്കാള്‍ സമൂഹത്തിലെ ഘടനാപരമായ പ്രശ്നങ്ങളെ അനുഭവങ്ങളില്‍ നിന്ന് ബോധ്യപെടുവാന്‍ മറ്റ് വിഭാഗങ്ങള്‍ക്ക് കഴിയും. എന്നാല്‍ ആ ആള്‍കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സവിശേഷ അധികാരം ആസ്വദിക്കുന്ന വ്യക്തി എന്ന നിലക്ക് അ എന്ന പൊതുബോധത്തിന്റെ രൂപീകരണത്തിലേക്ക് ഏറ്റവും നിര്‍ണായകമായ ഘടകമാകാന്‍ ശാരീരിക പ്രാപ്തിയുള്ള സവര്‍ണ പുരുഷന്റെ അനുഭവപരമായ ഘടകങ്ങള്‍ കാരണമാകും. ഈ അനുഭവങ്ങള്‍ക്ക് സമൂഹത്തിലെ ഘടനാപരമായ പ്രശ്നങ്ങളെ മനസിലാക്കാനുള്ള കഴിവ് കുറയുകയും ചെയ്യും.
അംബേദ്കറിന്റെ ശ്രേണീകൃതമായ അസമത്വം എന്ന സങ്കല്‍പം വിശദീകരിക്കുന്ന ജാതി നിര്‍മൂലനം (Annihilation of Castes), ഇന്ത്യയിലെ ജാതികള്‍ (CASTES IN INDIA: Their Mechanism, Genesis and Development) എന്നീ ഗ്രന്ഥങ്ങള്‍ ഈ മാതൃകയെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. ഇതനുസരിച്ച് ഇന്ത്യന്‍ സാമൂഹിക ഘടനയിലെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നത് സവര്‍ണ പുരുഷനിലായിരിക്കും. സവര്‍ണ സ്വത്വമുള്ള പുരുഷ ലിംഗസ്വത്വത്തിന് പുറത്തുള്ളവര്‍ക്ക് അതിനേക്കാള്‍ അധികാരം കുറഞ്ഞിരിക്കും. ഈ മാതൃകയില്‍ ഹിന്ദു ജാതിഘടനയിലെ ശ്രേണീകൃതമായ അസമത്വത്തിന്റെ മാതൃക മുഴുവന്‍ സാമൂഹിക വിഭവാധികാരങ്ങളിലും പ്രതിഫലിക്കും. സവിശേഷ അധികാരങ്ങള്‍ കുറയുന്തോറും പൊതുബോധമായ അ രൂപീകരിക്കപ്പെടുന്നതിലെ സ്വാധീനം കുറഞ്ഞുവരും.
ഒരു കൂട്ടത്തില്‍ ഏറ്റവും അധികം സവിശേഷ അധികാരങ്ങള്‍ ആസ്വദിക്കുന്നവര്‍ ന്യൂനപക്ഷം ആകുമ്പോള്‍ പോലും കൂട്ടത്തിന്റെ പൊതുബോധം ഈ ന്യൂനപക്ഷത്തിന്റെ അനുഭവപരമായ അറിവുകളില്‍ നിന്ന് രൂപപ്പെടുന്നവയായിരിക്കും. അവരുടെ അനുഭവപരമായ അറിവുകള്‍ ജാതി അധീശത്വത്തിന്റെയോ ലിംഗാധിശത്വത്തിന്റെയോ സാംസ്‌കാരിക അധീശത്വത്തിന്റെയോ സ്വഭാവത്തെ തിരിച്ചറിയാന്‍ പാകത്തിനുള്ളവയായിരിക്കില്ല.
ഏറ്റവും അധികം സവിശേഷ അധികാരങ്ങളുള്ള ന്യൂനപക്ഷങ്ങളുടെ അനുഭവപരമായ അറിവുകള്‍ ആയിരിക്കും മിക്കപ്പോഴും പൊതുബോധം രൂപീകരിക്കപ്പെടുന്നതിലെ നിര്‍ണായകമായ ഘടകമായി മാറുക. ഇതൊരു കൂട്ടത്തിന്റെ ആവിര്‍ഭാവം എന്ന നിലയിലല്ല തിരിച്ചറിയപ്പെടേണ്ടത്. മറിച്ച് ചരിത്രത്തില്‍ രൂപപ്പെട്ടിട്ടുള്ള കൂട്ടങ്ങളിലെല്ലാം പൊതുബോധം രൂപീകരിക്കുന്ന നേതൃസ്ഥാനങ്ങളിലേക്ക് ഇതേ പൊതുബോധത്തിന്റെ ആനുകൂല്യത്തില്‍ ഏറ്റവും സവിശേഷ അധികാരങ്ങളുള്ളവര്‍ മത്സരിച്ച് വിജയിക്കും.
ഒരര്‍ത്ഥത്തില്‍ സവിശേഷ അധികാരം കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് അധികാരസ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങള്‍ എളുപ്പമാക്കികൊടുക്കുന്ന നയങ്ങള്‍ ആയിരിക്കും ഇതേ അധികാരഘടനകളില്‍ രൂപപ്പെട്ടിട്ടുണ്ടാകുക. ഈ നേതൃത്വസ്ഥാനങ്ങളില്‍ ബഹുപൂരിപക്ഷം സ്ഥാനങ്ങളും ആനുപാതികമായി കയ്യടക്കുന്ന സവിശേഷാധികാരമുള്ളവര്‍ക്കും സമൂഹത്തിലെ അധീശത്വത്തെയും അസമത്വത്തെയും അനുഭവപരമായി ബോധ്യപ്പെടാന്‍ കഴിയില്ല.
അതുകൊണ്ടുതന്നെ മുന്‍പ് ആള്‍ക്കൂട്ടങ്ങളില്‍ ഒരു ന്യൂനപക്ഷമായാല്‍ പോലും സവിശേഷ അധികാരങ്ങളുള്ളവരുടെ അനുഭവങ്ങള്‍ നയങ്ങളും പൊതുബോധവും രുപീകരിക്കപ്പെടുന്നതില്‍ നിര്‍ണായകമാകും എന്ന് സൂചിപ്പിച്ചത് പോലെ ഈ നേതൃത്വങ്ങള്‍ ഉല്പാദിപ്പിക്കുന്ന നയങ്ങളും പൊതുബോധവും ഘടനയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായിരിക്കില്ല.
സവിശേഷ അധികാരങ്ങളുള്ളവര്‍ക്ക് സമൂഹത്തിലെ അധീശത്വത്തെ അനുഭവപരമായി തിരിച്ചറിയാന്‍ കഴിവ് കുറയുന്നതുകൊണ്ട് ഇവര്‍ ഉല്പാദിപ്പിക്കുന്ന നയങ്ങളും പൊതുബോധവും സമൂഹത്തിലെ ഘടനാപരമായ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കും. അവ പലപ്പോഴും മെച്ചപ്പെട്ട ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള സവര്ണരുടെയും സവിശേഷ അധികാരങ്ങള്‍ കൂടുതലുള്ള വിഭാഗങ്ങളുടെയും സാമൂഹികമായ മത്സരത്തെ എളുപ്പത്തിലാക്കുന്നവയായിരിക്കും.
അതിനെതിര്‍വശത്ത് സവിശേഷ അധികാരം കുറഞ്ഞ വിഭാഗങ്ങളുടെ സാമൂഹികമായ മത്സരങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. നേതൃസ്ഥാനങ്ങളില്‍ പിന്നോക്ക സമുദായമായങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ടായിട്ടുകൂടി ഇടതുപക്ഷത്തിനകത്ത് സവര്‍ണ സംവരണം നടപ്പാക്കിയെടുക്കാന്‍ സവര്‍ണര്‍ക്ക് കഴിഞ്ഞത് ഇതിന്റെ ഉദാഹരണമാണ്.
സവര്‍ണ സാമൂഹിക മുന്നേറ്റങ്ങളിലെ നയങ്ങളും അധികാരസ്ഥാനങ്ങളിലെ നയങ്ങളും തമ്മിലുള്ള ബന്ധം
ഒരു ന്യൂനപക്ഷമായാല്‍പോലും സവര്‍ണര്‍ക്ക് ഒരു കൂട്ടത്തിനകത്തെ പൊതുബോധത്തെ സ്വാധീനിക്കാന്‍ സവിശേഷ അധികാരങ്ങള്‍ കഴിവ് നല്‍കും എന്ന് വ്യക്തമാക്കിയല്ലോ. ഹിന്ദുത്വ സമൂഹത്തിന്റെ സമസ്ത അടരുകളിലും ഈ പൊതുബോധം നിലനില്കുന്നതുകൊണ്ട് ഭരണകൂടം മുതല്‍ ബ്യുറോക്രസി വരെയുള്ള എല്ലാ സാമൂഹിക ഘടനകളിലേക്കുമുള്ള എല്ലാം സാമൂഹിക മത്സരങ്ങളിലും സവര്‍ണര്‍ നേതൃത്വ/ അധികാര സ്ഥാനങ്ങളില്‍ ഒരു ഭൂരിപക്ഷമാകുകയും ചെയ്യും.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നീ സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ ഇന്ത്യയിലെ അധികാരസ്ഥാനങ്ങളിലുള്ള സവര്‍ണരുടെ ഭൂരിപക്ഷം കണ്ടെത്തിയിട്ടുണ്ട്. ഈ അധികാരഘടനകളില്‍ സവര്‍ണരുടേതായ ഒരു മുന്നേറ്റം നിലനില്‍ക്കുന്നുണ്ട് എന്നതാണ് വസ്തുത.
ഇതിന് സമാനമാണ് എയ്ഡഡ് മേഖലയിലെ സവര്‍ണ വിഭാഗങ്ങളുടെ പ്രാതിനിധ്യവും. ഇന്ത്യന്‍ അധികാര കേന്ദ്രങ്ങളില്‍ സവര്‍ണ്ണ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ പങ്ക് ഭൂരിപക്ഷമായിരിക്കുമ്പോള്‍ സവര്‍ണ്ണ മുന്നേറ്റങ്ങളില്‍ അറിവുകളും പൊതുബോധവും രൂപപ്പെടുന്നതിന് സമാനമായ മാതൃകയില്‍ ഇന്ത്യന്‍ അധികാര ഘടനയില്‍ അറിവുകളും പൊതുബോധവും രൂപപ്പെടും.
അതുകൊണ്ട് തന്നെയാണ് വിമോചന സമരത്തിന്റെ ആവശ്യങ്ങള്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ബോധ്യപ്പെടുകയും എയ്ഡഡ് മേഖലയിലെ സ്ഥാനങ്ങളിലേക്ക് സ്വതന്ത്രമായി മത്സരിക്കാന്‍ സവര്‍ണരല്ലാത്തവരെ തടയുന്ന നയങ്ങള്‍ നടപ്പാക്കപ്പെട്ടത്. വേതനം സര്‍ക്കാര്‍ നല്‍കുമ്പോഴും സവര്‍ണരുടെ കുത്തക ഈ മേഖലയിലെ അധികാരസ്ഥാനങ്ങളില്‍ ചരിതേപരമായി രൂപപ്പെട്ടത് അങ്ങനെയാണ്.
സവര്‍ണ സാമൂഹിക മുന്നേറ്റങ്ങളില്‍ എങ്ങനെയാണോ നയങ്ങള്‍ രൂപപ്പെടുന്നത് അതിന് സമാനമായിട്ടാണ് ഭരണകൂടം മുതല്‍ ജുഡീഷ്യറിയിലും ബ്യൂറോക്രസിലും വ്യവസായ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മാധ്യമ സിനിമ വിനോദമേഖലകളിലും വരെയുള്ള സാമൂഹിക ഘടനകളില്‍ നയങ്ങളും പൊതുബോധവും ഉരുത്തിരിയുന്നത്. ന്യൂനപക്ഷമാകുമ്പോള്‍ പോലും പൊതുബോധത്തെയും നയങ്ങളെയും സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ ഭൂരിപക്ഷമാകുമ്പോള്‍ സ്വാഭാവികമായും സവര്‍ണരുതായ ഒരു കുത്തക ഈയിടങ്ങളില്‍ രൂപപ്പെടുന്നു.
സാമൂഹിക മുന്നേറ്റങ്ങള്‍ രൂപപ്പെടുന്നതിന് പ്രാഥമികമായ ഘടകം അതാത് പ്രശ്‌നബാധിത സമൂഹങ്ങള്‍ക്ക് അനുഭവപ്പെടുന്ന ആപേക്ഷികമായ പിന്നോക്കാവസ്ഥയാണ്. സവര്‍ണരുടെ വ്യക്തിജീവിതങ്ങളില്‍ നിന്നും അനുഭവപരമായി അവര്‍ രൂപപ്പെടുത്തിയെടുക്കുന്ന ജ്ഞാനങ്ങളാണ് വിമോചനസമരത്തിന്റെയും മണ്ഡല്‍ വിരുദ്ധ സമരത്തിന്റെയും ശബരിമല സ്ത്രീ പ്രവേശന വിരുദ്ധ സമരത്തിന്റെയും അടിത്തറ.
ഭൂമി പുനര്‍വിതരണം ചെയ്യപ്പെടുന്നത് തങ്ങളുടെ അധികാരത്തെ നഷ്ടപ്പെടുത്തുമെന്ന് സവര്‍ണര്‍ക്ക് അവരുടെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും സ്വഭാവികമായി ബോധ്യപെടുകയാണ്. അധികാരസ്ഥാനങ്ങളില്‍ മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുന്നത് തങ്ങളുടെ അധികാരം നഷ്ടപ്പെടുത്തുമെന്ന് അവര്‍ തിരിച്ചറിയുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് തങ്ങള്‍ അവസാനമായി സംരക്ഷിച്ചുകൊണ്ടുനടക്കുന്ന ബ്രാഹ്മണ്യ പുരുഷാധിപത്യ മൂല്യങ്ങളെ ബോധങ്ങളെ തകര്‍ത്തുകളയുമെന്ന് സവര്‍ണര്‍ അവരുടെ വ്യക്തിജീവിതത്തില്‍ നിന്നുമാണ് പഠിച്ചെടുക്കുന്നത്. അവരുല്പാദിപ്പിക്കുന്ന ജ്ഞാനവ്യവസ്ഥയാണ് ആ മുന്നേറ്റത്തെ നയിക്കുന്നത്.
മുന്‍ഭാഗത്ത് ആള്‍ക്കൂട്ടങ്ങളിലെ പൊതുബോധവും സവിശേഷ അധികാരവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചപ്പോള്‍ വ്യക്തമാക്കിയ ബന്ധത്തിന് തുല്യമായ ഒന്നാണിത്. സവര്‍ണരുടെ സവിശേഷ അധികാരങ്ങളുടെ മുകളില്‍ നിന്നുള്ള അവരുടെ വൈക്തിക അനുഭവങ്ങളില്‍ നിന്നാണ് ഭാവിയില്‍ വന്നുചേരാന്‍ സാധ്യതയുള്ള ഈ ആപേക്ഷിക പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ജ്ഞാനം അവര്‍ രൂപപ്പെടുത്തിയെടുക്കുന്നത്. ഭാവിയില്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന സവിശേഷാധികാരങ്ങളാണ് സവര്‍ണരുടെ മുന്നേറ്റങ്ങള്‍ ഉല്പാദിപ്പിക്കുന്ന ജ്ഞാനങ്ങള്‍ പ്രശ്നവത്കരിക്കുന്നത്.
ലോകത്തില്‍ എല്ലാ വരേണ്യവര്‍ഗങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങളും ഇതിന് സമാനമായിരിക്കും. ഹിറ്റ്ലറുടെ നേതൃത്വതില്‍ ഉയര്‍ന്നുവന്ന നാസിസവും, മുസോളിനിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ഫാഷിസവും ഇതേ മാതൃകയില്‍ രൂപപ്പെട്ടവയാണ്. ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പില്‍ നിന്നുമുണ്ടായ അധിനിവേശവും ഇതേ മാതൃകയില്‍ ഉള്ളവയായിരുന്നു. ഇപ്പോഴും യൂറോപ്യന്‍ വെളുത്ത വര്‍ഗക്കാരുടെ ആക്രമണങ്ങള്‍ തുടരുന്നത് ഇതേ മാതൃകയിലാണ്. അമേരിക്കയില്‍ ട്രംപ് അനുകൂലികളായ തീവ്രവാദികളായ വെള്ളക്കാരുടെ സംഘങ്ങള്‍ ക്യാപിറ്റോള്‍ കയ്യടിക്കിയതും, ബാബ്‌റി മസ്ജിദ് തകര്‍ക്കലും ഇതിന് സമാനമായ സംഭവങ്ങളാണ്.
ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇന്ത്യന്‍ സമൂഹത്തിലെ അധികാര ഘടനകളിലെ നയങ്ങളും പൊതുബോധവും ഇവയുടെ നേതൃത്വത്തിലേക്കുള്ള സവര്‍ണരുടെ മത്സരങ്ങള്‍ എളുപ്പത്തിലാക്കുന്നു. സവിശേഷ അധികാരമുള്ള സവര്‍ണരുടെ അധിക പ്രാതിനിധ്യം ഈ ഘടനകളുടെ നേതൃത്വത്തില്‍ രൂപപ്പെടുന്നു. ഈ സവിശേഷ അധികാരമുളവരുടെ അനുഭവങ്ങളായിരിക്കും ഈ കൂട്ടത്തിനകത്തും പൊതുബോധമായും നയങ്ങളായും രൂപപ്പെടുക.
അതുകൊണ്ടുതന്നെ സ്വത്തുടമസ്ഥാ ക്രമത്തില്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള സവര്‍ണേതരരായവരുടെ സാമൂഹികമായ മത്സരത്തെ തടയുന്ന നയങ്ങള്‍ ഇവിടങ്ങളില്‍ രൂപപ്പെടുകയും ചെയ്യും. കേരളത്തില്‍ അന്യാധീനപ്പെട്ടുപോയ ആദിവാസിഭൂമി തിരിച്ചു പിടിക്കാന്‍ കഴിയുമായിരുന്ന നിയമത്തെ നിയമസഭയില്‍ ഭേദഗതി വരുത്തി ആദിവാസി സമൂഹത്തെ വഞ്ചിച്ചതും ഇതിന് സമാനമായ ഒന്നായിരുന്നു.
ഭരണകൂടങ്ങള്‍ നടപ്പാക്കേണ്ട സ്വത്തുടമസ്ഥതയുടെ നീതിയുക്തമായ പുനര്‍വിതരണത്തിലും ഈ സവര്‍ണേതര വിഭാഗങ്ങള്‍ പുറത്താക്കപ്പെടും. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അന്തര്‍ലീനമായിരിക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥയുടെ മര്‍മ്മത്തിലേക്ക് എത്താന്‍ കഴിയുന്ന പഠനമാണ് സാമൂഹിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട താരതമ്യ പഠനം.
ബി.ആര്‍. അംബേദ്കറുടെ ശ്രേണീകൃതമായ അസമത്വം എന്ന സിദ്ധാന്തത്തിന്റെ രീതിശാസ്ത്രം പ്രയോഗിക്കുമ്പോള്‍ മാത്രമേ ഈ അസന്തുലിതാവസ്ഥയുടെ സ്വഭാവം കൃത്യമായി ബോധ്യപ്പെടാന്‍ കഴിയുകയുള്ളു. എന്തുകൊണ്ട് പൊതുബോധത്തിലും സമൂഹത്തിന്റെ മുഴുവന്‍ പ്രതലങ്ങളിലും ഈ അസമത്വം നിലനില്‍ക്കുന്നു എന്ന ചോദ്യത്തിനുത്തരത്തിലേക്ക് അപ്പോള്‍ നാമെത്തും.
ഈ മാതൃകയില്‍ വേണം എയ്ഡഡ് മേഖലയില്‍ എന്നല്ല മുഴുവന്‍ അധികാരസ്ഥാനങ്ങളിലും കീഴാള വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം, എന്തുകൊണ്ട് അനിവാര്യമാണ് എന്ന് ആലോചിക്കുവാന്‍. അതുകൊണ്ട് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ നീതിയുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീതിയുക്തമായ ചിന്തിക്കുന്നവര്‍ ഉടനടി ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു.
എയ്ഡഡ് നിയമനം പി.എസ്.സിക്ക് എന്ന തലക്കെട്ടില്‍ ഡൂള്‍ന്യൂസില്‍ ഇതുവരെ പ്രസിദ്ധീകരിച്ച് കണ്ടന്റുകള്‍