കോപ്പ ഡെല്‍ റേയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ എഫ്.സി തോല്‍വി വഴങ്ങിയിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡാണ് ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തിയത്. കരിം ബെന്‍സെമ ഹാട്രിക് നേടിയ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് റയല്‍ മാഡ്രിഡിനായി മറ്റൊരു ഗോള്‍ നേടിയത്.
മത്സരത്തിന് ശേഷം വിനീഷ്യസിന്റെ പെരുമാറ്റത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബാഴ്‌സലോണ താരം അരൗഹോ. പിച്ചില്‍ മറ്റുള്ളവര്‍ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വിനീഷ്യസ് കൂടുതല്‍ നേരം കാണികളോട് സമ്പര്‍ക്കം പുലര്‍ത്തുകയായിരുന്നെന്നും അത് തന്നെ അസ്വസ്ഥനാക്കിയെന്നും അരൗഹോ പറഞ്ഞു. മാഡ്രിഡ് സോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘വിനീഷ്യസ് മികച്ച കളിക്കാരനാണ്. പക്ഷെ, അദ്ദേഹം കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഞാനെപ്പോഴും എതിരാളികളെ ബഹുമാനിക്കാന്‍ ശ്രമിക്കാറുണ്ട്, എന്നാല്‍ ഇവിടെ എനിക്ക് കുറച്ച് ദേഷ്യപ്പെടേണ്ടി വരുന്നു. വിനീഷ്യസ് മുഴുവന്‍ സമയവും ചെലവഴിച്ചത് ക്രൗഡിനോട് സംസാരിച്ചുകൊണ്ടാണ്. അദ്ദേഹം ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,’ അരൗഹോ പറഞ്ഞു.
ഈ സീസണില്‍ ലോസ് ബ്ലാങ്കോസിനായി 20 ഗോളുകളും 14 അസിസ്റ്റുമാണ് വിനീഷ്യസിന്റെ സമ്പാദ്യം. കരിം ബെന്‍സെമക്കൊപ്പം മികച്ച പ്രകടനമാണ് താരം റയല്‍ മാഡ്രിഡില്‍ കാഴ്ചവെക്കുന്നത്.
അതേസമയം, എല്‍ ക്ലാസിക്കോയില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്‌സക്ക് മുന്നില്‍ അടിയറവ് പറഞ്ഞ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവാണ് കോപ്പ ഡെല്‍ റേയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇതോടെ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി.
ആദ്യ പകുതിയുടെ അവസാനത്തിലാണ് ലോസ് ബ്ലാങ്കോസ് ഗോള്‍ വേട്ട ആരംഭിക്കുന്നത്. ബെന്‍സെമ നല്‍കിയ അസിസ്റ്റില്‍ നിന്ന് വിനി ഗോള്‍ കണ്ടെത്തുകയായിരുന്നു.
മത്സരത്തിന്റെ 50ാം മിനിട്ടില്‍ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് ബെന്‍സിമ ഗോള്‍ നേടി. എട്ട് മിനിട്ടിനുശേഷം ലഭിച്ച പെനാല്‍ട്ടി ബെന്‍സിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയര്‍ന്നു. 80ാം മിനിട്ടില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയതോടെ ബെന്‍സെമ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇതോടെ സ്വന്തം മൈതാനത്ത് ബാഴ്‌സക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു.
Content Highlights: Araujo slams against Real Madrid player Vinicius Junior