മികച്ച കളിക്കാരനാകാന്‍ പിന്തുടരുന്നത് പി.എസ്.ജി സൂപ്പര്‍താരത്തെ; മനസുതുറന്ന് ബാഴ്‌സലോണ താരം
Football
മികച്ച കളിക്കാരനാകാന്‍ പിന്തുടരുന്നത് പി.എസ്.ജി സൂപ്പര്‍താരത്തെ; മനസുതുറന്ന് ബാഴ്‌സലോണ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd May 2023, 10:25 pm

മികച്ച കളിക്കാരനാകാനും കളിയിലെ ഹെഡറുകള്‍ മെച്ചപ്പെടുത്താനും സെര്‍ജിയോ റാമോസിനെയാണ് പിന്തുടര്‍ന്നിരുന്നതെന്ന് ബാഴ്‌സലോണ താരം അരൗഹോ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അന്ന് റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുകയായിരുന്ന റാമോസിന്റെ വീഡിയോസ് കാണാന്‍ പരിശീലകര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് സ്പാനിഷ് ഔട്‌ലെറ്റായ മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരൗഹോ പറഞ്ഞു.

തന്റെ 18ാം വയസില്‍ ബാഴ്‌സയില്‍ ചേര്‍ന്നപ്പോള്‍ കളി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് പരിശീലകര്‍ തന്നോട് റാമോസിന്റെ കളികള്‍ കാണാന്‍ ആവശ്യപ്പെട്ടതെന്നും ഡിഫന്‍ഡിങ്ങില്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് തന്റെ കളി ഇംപ്രൂവ് ചെയ്യിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അരൗഹോ പറഞ്ഞു.

ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളാണ് സെര്‍ജിയോ റാമോസ്. 2014ലെ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലെറ്റികോ മാഡ്രിഡിനെതിരെ താരം നടത്തിയ ഹെഡര്‍ വലിയ രീതിയില്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. മത്സരത്തിന്റെ 93ാം മിനിട്ടിലായിരുന്നു അത്. റാമോസിന്റെ ഗോളോടെ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം 1-1ന്റെ സമനിലയിലാവുകയും എക്‌സ്ട്രാ ടൈമില്‍ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലാണ് റാമോസ് ബൂട്ടുകെട്ടുന്നത്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരുമോ എന്ന കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം, ചൊവ്വാഴ്ച്ച ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. മത്സരത്തിന്റെ 85ാം മിനിട്ടില്‍ ജോര്‍ധി ആല്‍ബയാണ് ബാഴ്‌സലോണക്കായി ഗോള്‍ നേടിയത്.

ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് 26 ജയവുമായി 82 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ. 68 പോയിന്റുമായി രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡാണ്.

മെയ് 15ന് എസ്പന്യോളിന് എതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Araujo says he was following Sergio Ramos’s headers to improve his skill