മികച്ച കളിക്കാരനാകാനും കളിയിലെ ഹെഡറുകള്‍ മെച്ചപ്പെടുത്താനും സെര്‍ജിയോ റാമോസിനെയാണ് പിന്തുടര്‍ന്നിരുന്നതെന്ന് ബാഴ്സലോണ താരം അരൗഹോ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അന്ന് റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുകയായിരുന്ന റാമോസിന്റെ വീഡിയോസ് കാണാന്‍ പരിശീലകര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് സ്പാനിഷ് ഔട്ലെറ്റായ മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരൗഹോ പറഞ്ഞു.
തന്റെ 18ാം വയസില്‍ ബാഴ്സയില്‍ ചേര്‍ന്നപ്പോള്‍ കളി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് പരിശീലകര്‍ തന്നോട് റാമോസിന്റെ കളികള്‍ കാണാന്‍ ആവശ്യപ്പെട്ടതെന്നും ഡിഫന്‍ഡിങ്ങില്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് തന്റെ കളി ഇംപ്രൂവ് ചെയ്യിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അരൗഹോ പറഞ്ഞു.
ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളാണ് സെര്‍ജിയോ റാമോസ്. 2014ലെ ചാമ്പ്യന്‍സ് ലീഗില്‍ അത്ലെറ്റികോ മാഡ്രിഡിനെതിരെ താരം നടത്തിയ ഹെഡര്‍ വലിയ രീതിയില്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. മത്സരത്തിന്റെ 93ാം മിനിട്ടിലായിരുന്നു അത്. റാമോസിന്റെ ഗോളോടെ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം 1-1ന്റെ സമനിലയിലാവുകയും എക്സ്ട്രാ ടൈമില്‍ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായി പിരിഞ്ഞ റാമോസ് നിലവില്‍ ഫ്രീ ഏജന്റാണ്. സൗദി ക്ലബ്ബുകളില്‍ നിന്ന് വമ്പന്‍ ഓഫറുകള്‍ താരത്തെ തേടിയെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബൂട്ടുകെട്ടുന്ന ക്ലബ്ബായ ഇന്റര്‍ മയാമിയും റാമോസിനെ സൈന്‍ ചെയ്യാന്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ റാമോസ് വിഷയത്തില്‍ ഇതുവരെ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. താരം യൂറോപ്യന്‍ ക്ലബ്ബുകളില്‍ തന്നെ തുടരുമോ അതോ മെസിയെയും റോണോയെയും പിന്തുടര്‍ന്ന് മറ്റൊരു ലീഗില്‍ കളിക്കാന്‍ പോകുമോ എന്നുറ്റുനോക്കുകയാണ് ആരാധകര്‍.