| Friday, 7th April 2023, 9:32 am

കളി മെച്ചപ്പെടുത്താന്‍ കാണാറുള്ളത് റയല്‍ മാഡ്രിഡ് താരത്തിന്റെ വീഡിയോ: ബാഴ്‌സലോണ താരം

സ്പോര്‍ട്സ് ഡെസ്‌ക്

എല്‍ ക്ലാസിക്കോയില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്‌സക്ക് മുന്നില്‍ അടിയറവ് പറഞ്ഞ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവാണ് കോപ്പ ഡെല്‍ റേയില്‍ കാഴ്ചവെച്ചിരിക്കുന്നത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തിയത്. കരിം ബെന്‍സെമ ഹാട്രിക് നേടിയ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് റയലിനായി മറ്റൊരു ഗോള്‍ നേടിയത്.

മത്സരത്തിന് പിന്നാലെ ബാഴ്‌സലോണ താരം റൊണാള്‍ഡ് അരൗഹോ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. കളിയിലെ ഹെഡറുകള്‍ മെച്ചപ്പെടുത്താന്‍ റയല്‍ മാഡ്രിഡ് ലെജന്‍ഡ് സെര്‍ജിയോ റാമോസിന്റെ വീഡിയോസ് കാണാന്‍ പരിശീലകര്‍ തന്നോട് ആവശ്യപ്പെടാറുണ്ടെന്നായിരുന്നു അരൗഹോ പറഞ്ഞിരുന്നത്. സ്പാനിഷ് ഔട്ലെറ്റായ മാര്‍ക്കയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

തന്റെ 18ാം വയസില്‍ ബാഴ്സയില്‍ ജോയിന്‍ ചെയ്ത സമയത്ത് കളി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് പരിശീലകര്‍ തന്നോട് റാമോസിന്റെ കളികള്‍ കാണാന്‍ ആവശ്യപ്പെട്ടതെന്നും ഡിഫന്‍ഡിങ്ങില്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് തന്റെ കളി ഇംപ്രൂവ് ചെയ്യിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അരൗഹോ പറഞ്ഞു.

ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളാണ് സെര്‍ജിയോ റാമോസ്. 2014ലെ ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ താരം നടത്തിയ ഹെഡര്‍ വലിയ രീതിയില്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. മത്സരത്തിന്റെ 93ാം മിനിട്ടിലായിരുന്നു അത്.

റാമോസിന്റെ ഗോളോടെ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം 1-1ന്റെ സമനിലയിലാവുകയും എക്സ്ട്രാ ടൈമില്‍ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

അതേസമയം, കോപ്പ ഡെല്‍ റേയില്‍ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി. മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനത്തിലാണ് ലോസ് ബ്ലാങ്കോസ് ഗോള്‍ വേട്ട ആരംഭിക്കുന്നത്. ബെന്‍സെമ നല്‍കിയ അസിസ്റ്റില്‍ നിന്ന് വിനി ഗോള്‍ കണ്ടെത്തുകയായിരുന്നു.

മത്സരത്തിന്റെ 50ാം മിനിട്ടില്‍ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് ബെന്‍സിമ ഗോള്‍ നേടി. എട്ട് മിനിട്ടിനുശേഷം ലഭിച്ച പെനാല്‍ട്ടി ബെന്‍സിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയര്‍ന്നു. 80ാം മിനിട്ടില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയതോടെ ബെന്‍സെമ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇതോടെ സ്വന്തം മൈതാനത്ത് ബാഴ്‌സക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു.

Content Highlights: Araujo praises Real Madrid legend Sergi Ramos

We use cookies to give you the best possible experience. Learn more