ആറന്മുള വിമാനത്താവളം: വിജിലന്‍സ് അന്വേഷണ ശുപാര്‍ശ അട്ടിമറിച്ചു
Discourse
ആറന്മുള വിമാനത്താവളം: വിജിലന്‍സ് അന്വേഷണ ശുപാര്‍ശ അട്ടിമറിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th May 2012, 2:38 pm

ഹരീഷ് വാസുദേവന്‍

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയെടുത്തതില്‍ നിയമവിരുദ്ധ സ്വാധീനം സംബന്ധിച്ച മുഴുവന്‍ ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കണം എന്ന ശുപാര്‍ശ യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ഇത് സംബന്ധിച്ച പരാതിയില്‍ ഗതാഗത വകുപ്പ് നല്‍കിയ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയാണ് യു.ഡി.എഫ് നേതൃത്വവും സര്‍ക്കാരും ഇടപെട്ട് അട്ടിമറിച്ചത്. ജില്ലയിലെ യു.ഡി.എഫ് നേതൃത്വവും മുഖ്യമന്ത്രിയും മന്ത്രിമാരും കെ.പി.സി.സി അധ്യക്ഷനും ഉള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച് ആറന്മുള വിമാനത്താവള പദ്ധതിക്ക് നയപരമായ അനുമതി നല്‍കിയത്.  ഇത് സംബന്ധിച്ച രേഖകള്‍ “ഡൂള്‍ ന്യൂസി”ന് ലഭിച്ചു.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവളത്തിനു സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. വ്യവസായവകുപ്പിന്റെ ശുപാര്‍ശയിന്മേല്‍ ആണ് “സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി നിലനില്‍ക്കുന്ന നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി വിമാനത്താവളം പണിയാന്‍” ആണ് അന്ന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ അംഗീകാരം നിയമവിരുദ്ധമാണെന്നും കേന്ദ്ര വ്യോമയാന നിയമങ്ങളുടെയും മറ്റും ലംഘനമാണെന്നും നെല്‍വയല്‍ അനധികൃതമായി നികത്തിയ ഭൂമിയിലാണ് വിമാനത്താവളം വരുന്നതെന്നും അന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. വിമാനത്താവള പദ്ധതിയുടെ പ്രായോജകരായ കെ.ജി.എസ് ഗ്രൂപ്പിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്നും ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ചെന്നും ഈ നിയമവിരുദ്ധ സ്വാധീനത്തെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സി.വി രാജേഷ് വിജിലന്‍സിന് 2011 സെപ്റ്റംബറില്‍ പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഈ പരാതിയുടെ പകര്‍പ്പടക്കം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രെട്ടറി വ്യവസായ വകുപ്പിന് കൈമാറി. പിന്നീട് ഗതാഗത വകുപ്പിന് കൈമാറിയ ഫയലില്‍ 2012 മാര്‍ച്ച് 21 നു ഡെപ്യൂട്ടി സെക്രെട്ടറി ടി.എസ് ജയശ്രീ വിശദമായ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ വിശദമായ വിജിലന്‍സ് അന്വേഷണത്തിന് ഫയല്‍ വിജിലന്‍സ് വകുപ്പിന് കൈമാറാമെന്നാണ് ഫയലില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ ഇതിനുശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. കേരള നിയമസഭാ പരിസ്ഥിതി സമിതി ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്നും അത് സംബന്ധിച്ച അന്വേഷണം നിലനില്‍ക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്താവുന്നതാണോ എന്ന മുട്ടാപ്പോക്ക് സംശയം ഫയലില്‍ രേഖപ്പെടുത്തിയാണ് വിജിലന്‍സ്  അന്വേഷണ ശുപാര്‍ശ മരവിപ്പിച്ചത്. നിയമസഭാപരിസ്ഥിതി കമ്മറ്റിക്ക് പരിസ്ഥിതി സംബന്ധിച്ച അന്വേഷണം മാത്രമേ നടത്താനാകൂ എന്നും പദ്ധതിക്ക് അനുമതി ലഭിച്ചതിലെ അഴിമതി സംബന്ധിച്ച അന്വേഷണം നടത്താനുള്ള അധികാരം പരിസ്ഥിതി കമ്മറ്റിക്ക് ഇല്ലെന്നുമുള്ള സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന ഫയല്‍ നോട്ടിലൂടെയാണ് ശുപാര്‍ശ മരവിപ്പിച്ചത്.

ഇതിനിടയില്‍ ആറന്മുള എം.എല്‍.എ ശിവദാസന്‍ നായരും പത്തനംതിട്ട എം.പി ആന്റോ ആന്റണിയും മുഖ്യമന്ത്രിയില്‍ സ്വാധീനം ചെലുത്തി പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള അനുമതിക്കായി ചരടുവലികള്‍ തുടങ്ങി. ഒടുവില്‍ മേയ് മൂന്നാം തീയതി മുഖ്യമന്ത്രിയുടെയും കെ.പി.സി.സി അധ്യക്ഷന്റെയും നേതൃത്വത്തില്‍ പത്തനംതിട്ടയിലെ യു.ഡി.എഫ് നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്ത് ആറന്മുള വിമാനത്താവള പദ്ധതിക്ക് നയപരമായ അംഗീകാരം നല്‍കുകയായിരുന്നു. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ശുപാര്‍ശ അട്ടിമറിക്കുകയും ഭൂമികൈമാറ്റം സംബന്ധിച്ച അന്വേഷണം വ്യവസായവകുപ്പ് നടത്തുമെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രെട്ടറിയായ ടി.ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് വിജിലന്‍സ് അന്വേഷണ ശുപാര്‍ശയെന്നതും ഒടുവില്‍ അന്വേഷണം അതേയാളിനു തന്നെ നല്‍കിയതുമാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം. പ്രസ്തുത യു.ഡി.എഫ് യോഗത്തില്‍ മാലേത്ത് സരളാദേവിയടക്കമുള്ള പത്തനംതിട്ടയിലെ കോണ്ഗ്രസ് നേതാക്കളില്‍ ചിലര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി.എം സുധീരന്‍ പരസ്യമായി എതിര്‍ത്തിട്ടും ഉന്നത കോണ്ഗ്രസ് നേതൃത്വം വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുകയും ആറന്മുള പദ്ധതിക്ക് നയപരമായ അനുമതി നല്‍കുകയും ആയിരുന്നു.

ആറന്മുള വിമാനത്താവളം നിയമവിരുദ്ധമായാണ് നിര്‍മ്മിക്കുന്നത് എന്ന് നിയമസഭയില്‍ മുന്‍ റവന്യൂ മന്ത്രി വ്യക്തമാക്കിയത്. പത്തനംതിട്ട ജില്ലാകോടതി വിമാനത്താവള നിര്‍മ്മാണം സ്‌റ്റേ ചെയ്തിട്ടുണ്ട്. തെറ്റായ സര്‍ക്കാര്‍ നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നാണ് സമരസമിതിയും പറയുന്നത്.