ആറന്മുള: കെ.പി.സി.സിയില്‍ അഭിപ്രായ ഭിന്നത
Kerala
ആറന്മുള: കെ.പി.സി.സിയില്‍ അഭിപ്രായ ഭിന്നത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2014, 8:41 pm

[share]

[]തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കെപി.സി.സി നിര്‍വാഹക സമിതിയില്‍ അഭിപ്രായ ഭിന്നത.

പദ്ധതിയ്‌ക്കെതിരെ നിര്‍വ്വാഹക സമിതി അംഗങ്ങളായ ഫിലിപ്പോസ് തോമസും മാലേത്ത് സരളാദേവിയുമാണ് രംഗത്തു വന്നത്.

വിമാനത്താവളം പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കുമെന്ന് സരളാദേവി അഭിപ്രായപ്പെട്ടു. അതേസമയം വിമാനത്താവളത്തെ അംഗീകരിച്ചുകൊണ്ട് ശിവദാസന്‍ നായര്‍ രംഗത്തു വന്നു.

പദ്ധതി സംബന്ധിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു.

ആറന്മുള പദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമരസമിതിയുമായി ചര്‍ച്ച നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.

കെ.പി.സി.സി തയ്യാറാക്കിയ ഭരണ നേട്ടങ്ങളുടെ പട്ടികയില്‍ ആറന്മുള പദ്ധതിയില്ലെന്ന വാര്‍ത്ത വന്നതിനു പിറകെയാണ് അംഗങ്ങള്‍ തമ്മില്‍ വിഷയം സംബന്ധിച്ച് അഭിപ്രായ ഭിന്നത വന്നിരിയ്ക്കുന്നത്.

റിപ്പോര്‍ട്ട് യോഗം പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുമുണ്ട്. ആറന്മുളയില്‍ നീര്‍ത്തടങ്ങളില്ലെന്നും പദ്ധതി പ്രദേശം കൃഷി യോഗ്യമല്ലെന്നും കാണിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രിബ്യൂണലിന് സത്യവാങ്മൂലം നല്‍കിയിരുന്നു.

വിമാനത്താവള പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതിനെതിരെ വന്ന ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പദ്ധതിയെ അനുകൂലിച്ചു കൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്.

പദ്ധതി പ്രദേശം വര്‍ഷങ്ങളായി വെറുതെ കിടക്കുകയാണെന്നും ആറന്മുള പൈതൃക സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

നേരത്തേ ആറന്മുള പൈതൃക സംരക്ഷണ സമിതി വിമാനത്താവള പദ്ധതിയ്‌ക്കെതിരെ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.