| Saturday, 29th October 2016, 3:04 pm

ആറന്മുളയില്‍ പുഞ്ചകൃഷിക്കായി വിത്തെറിഞ്ഞ് പിണറായി വിജയന്‍: ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഇടത് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ആറന്മുള മണ്ഡലത്തിലെ വലിയ ചര്‍ച്ച വിഷയമായിരുന്നു കെ.ജി.എസ് ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിയും ആറന്മുളയിലെ നെല്‍കൃഷിയും.


പത്തനംതിട്ട : തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്  ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയിറക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

മുഖ്യമന്ത്രി പിണറായി വിജയനാണ് വയലില്‍ നെല്‍വിത്തെറിഞ്ഞതോടെയാണ് ആറന്മുളയിലെ പുഞ്ചകൃഷിക്ക് തുടക്കമായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് നിലത്ത് മുഖ്യമന്ത്രി വിത്തെറിഞ്ഞത്. ആറന്മുള എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള പുഞ്ചപ്പാടമാണ് ഇതിനായി തയ്യാറാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ആറന്മുള മണ്ഡലത്തിലെ വലിയ ചര്‍ച്ച വിഷയമായിരുന്നു കെ.ജി.എസ് ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിയും ആറന്മുളയിലെ നെല്‍കൃഷിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിമാനത്താവളത്തിനുള്ള അനുമതി റദ്ദു ചെയ്യുമെന്നും ആറന്മുളയില്‍ കൃഷി ഇറക്കുമെന്നും ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് തോടും നീര്‍ച്ചാലും പുനസ്ഥാപിക്കുന്ന മുറയ്ക്ക് മറ്റിടങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കും. ആറന്മുളയിലെ 56 ഹെക്ടര്‍ ഭൂമിയിലാണ് കൃഷി ഇറക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസം കൃഷിമന്ത്രി വിഎസ് സുനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, എംഎല്‍എമാരായ വീണ ജോര്‍ജ്ജ്, രാജു എബ്രഹാം, കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു.

നിലവിലെ ഉല്‍പാദന ശേഷി കാലത്തിന് അനുസൃതമല്ലെന്നും കാര്‍ഷിക രംഗം അഭിവൃദ്ധിപ്പെടണമെന്നും ഇതിന് ഉല്‍പാദനം വര്‍ദ്ധിക്കണമെന്നും  ചടങ്ങ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍ പറഞ്ഞു.

കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ പ്രയാസമാണ്. എന്നാല്‍ കഴിയുന്നത്ര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വരള്‍ച്ചയെ നേരിടാന്‍ ശരിയായ മുന്‍കരുതല്‍ സ്വീകരിക്കണം. മഴവെള്ളം പരമാവധി സംഭരിക്കണം. എല്ലാ വീടുകളിലും മഴവെള്ള സംഭരണി സ്ഥാപിക്കണം. കിണറുകളെയും കുളങ്ങളെയും സംരക്ഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്#ു.

നെല്ലിനും കൃഷിക്കും വേണ്ടി മാത്രമല്ല ആറന്മുളയില്‍ സര്‍ക്കാര്‍ കൃഷിയിറക്കിയതെന്നും  പ്രകൃതിയുടെ സന്തുലനം തിരിച്ചുപിടിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ശ്രമമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് നല്‍കിയ ഉത്തരവാണ് സര്‍ക്കാര്‍ പാലിച്ചത്. ആകെ 240 ഏക്കര്‍ പാടത്ത് കൃഷി ഇറക്കും. പാടങ്ങളും തോടുകളും എല്ലാം പുനസ്ഥാപിക്കും. വികസനത്തിന് എതിരല്ല, പക്ഷേ പരിസ്ഥിതിയെയും നാടിനെയും സംരക്ഷിച്ചുമാത്രമേ വികസന പദ്ധതികള്‍ നടപ്പാക്കൂ എന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more