കോഴിക്കോട്: ആറന്മുളയിലെ നിര്‍ദ്ദിഷ്ട സ്വകാര്യ വിമാനത്താവള കമ്പനിക്കായി 500 ഏക്കര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി ഇടതുസര്‍ക്കാറിന്റെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എന്നതിന് തെളിവ് ഡൂള്‍ന്യൂസിന് ലഭിച്ചു. ഇടതുസര്‍ക്കാരിനു മൂന്നു മാസം മാത്രം ശേഷിക്കെ 2011 ഡിസംബര്‍ 14 നാണ് വ്യവസായമേഖല പ്രഖ്യാപിച്ചു നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള അനുമതി വ്യവസായ മന്ത്രി എളമരം കരീം നല്‍കിയത്. []
സ്വകാര്യ കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് ഇടതുസര്‍ക്കാറിന്റെ കാലത്ത് 500 ഏക്കര്‍ നെല്‍വയല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചു നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ഇത് സര്‍ക്കാരിന്റെ അറിവില്ലാതെ അന്നത്തെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടി.ബാലകൃഷ്ണന്‍ ചെയ്തതാണ് എന്നായിരുന്നു സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വിശദീകരണം.
എന്നാല്‍ ആറന്മുള വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതിനു 2 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത് സംബന്ധിച്ച ഫയലില്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീം അനുകൂല തീരുമാനം എഴുതിയിട്ടുണ്ട്. മന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് സ്വകാര്യ കമ്പനിക്ക് അനുകൂലമായി നാട്ടുകാരുടെ സ്ഥലങ്ങള്‍ ഒരു മുന്‍പരിശോധനയും കൂടാതെ വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തത്. ഇതോടെ സി.പി.ഐ.എമ്മിന്റെ വാദങ്ങള്‍ പൊളിയുകയാണ്.
ആറന്മുളയില്‍ തങ്ങള്‍ക്കു 350 ഏക്കര്‍ ഭൂമിയുണ്ട് എന്ന് ചൂണ്ടിക്കാട്ടി ബാക്കി 150 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കാനും വിമാനത്താവളം ഉണ്ടാക്കാനുള്ള അനുമതി ലഭിക്കാനുമാണ് കെ.ജി.എസ് കമ്പനി വ്യവസായ വകുപ്പിനെ സമീപിച്ചത്. പ്രസ്തുത ഫയലില്‍ 2011 ഡിസംബര്‍ എട്ടാം തീയതി വ്യവസായ വകുപ്പിലെ ജോയിന്റ് സെക്രട്ടറി വിജയകുമാര്‍ ആണ് വ്യവസായമെഖലാ പ്രഖ്യാപനമെന്ന ആശയം മുന്നോട്ടുവെക്കുന്നത്.
സര്‍ക്കാരിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ ഏകജാലക സംവിധാനം വഴി അടിയന്തിരമായി അംഗീകാരങ്ങളും അനുമതികളും നല്‍കുന്നതിനായി വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശവും കരട് വിജ്ഞാപനവും ആണ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചത്. കരട് വിജ്ഞാപനത്തോട് അനുകൂല തീരുമാനം ആണെങ്കില്‍ സൂക്ഷ്മ പരിശോധനയ്ക്കായി നിയമവകുപ്പിലേക്ക് അയക്കണമെന്നും ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു. അതേ ദിവസം തന്നെ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഫയലില്‍ ഒപ്പുവെക്കുകയും പിന്നീട് മന്ത്രിയുടെ അനുമതിക്കായി സമര്‍പിക്കുകയും ചെയ്തു.
ഡിസംബര്‍ 14 നു എളമരം കരീം ഫയല്‍ കാണുകയും ഫയലില്‍ അനുകൂലതീരുമാനം എഴുതുകയും ചെയ്തു. “വ്യവസായമേഖലാ പ്രഖ്യാപനത്തിനായുള്ള കരട് വിജ്ഞാപനം മാത്രമേ നിയമവകുപ്പിലേക്ക് അയക്കാവൂ” എന്ന കുറിപ്പോടെയാണ് വ്യവസായമന്ത്രി എളമരം കരീം ഫയലില്‍ ഒപ്പിടുന്നത്. ഇതോടെ മന്ത്രിയുടെ അറിവില്ലാതെ ഉദ്യോഗസ്ഥ തലത്തില്‍ നടന്ന തട്ടിപ്പാണ് വ്യവസായമേഖലാ വിജ്ഞാപനമെന്ന വാദം പച്ചക്കള്ളമാണെന്ന് തെളിയുകയാണ്.
വിമാനത്താവളത്തിന് വേണ്ടി വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതിനു മുമ്പ് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പരിസ്ഥിതി പഠനം നടത്തി പ്രദേശവാസികളുടെ അഭിപ്രായം ആരായണമെന്നും നിയമമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് നാട്ടുകാര്‍ അറിയാതെ അവരുടെ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. പ്രസ്തുത ഫയല്‍ നിയമവകുപ്പിലേക്ക് അയക്കുന്നതിനു പകരം കരട് വിജ്ഞാപനം മാത്രമാണ് അയച്ചതെന്നതും ശ്രദ്ധേയമാണ്.
നിയമവകുപ്പുകൂടി സമ്മതിച്ച ശേഷം വ്യവസായവകുപ്പ് സ്വകാര്യ കമ്പനിക്കെഴുതിയ കത്തില്‍ “പദ്ധതിക്കാവശ്യമായ 500 ഏക്കര്‍ സ്ഥലത്തിന്റെ അതിരുകളും സര്‍വ്വേ നമ്പരുകളും അറിയിക്കുക” എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. 350 ഏക്കര്‍ മാത്രം കൈവശമുള്ള സ്വകാര്യ കമ്പനിക്ക് 500 ഏക്കര്‍ വിജ്ഞാപനം ചെയ്തു നല്കിയതും ദുരൂഹമാണ്. വിജ്ഞാപനത്തിന് രണ്ടുമാസം മുമ്പ് തന്നെ എളമരം കരീം ഈ നീക്കം അറിഞ്ഞിട്ടും സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അറിയിച്ചില്ല എന്നതും ഇതിലൂടെ വ്യക്തമാകുന്നു. കരട് വിജ്ഞാപനം മന്ത്രി എളമരം കരീം അംഗീകരിച്ചതാണെന്ന് തെളിയുന്നതോടെ ആറന്മുള വിവാദം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.