ആറന്മുള:പദ്ധതി ഭൂമി കൃഷി യോഗ്യമല്ലെന്ന് സര്‍ക്കാര്‍
Kerala
ആറന്മുള:പദ്ധതി ഭൂമി കൃഷി യോഗ്യമല്ലെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2014, 6:00 am

[share]

[]തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം കൃഷി യോഗ്യമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. പ്രദേശത്ത് തണ്ണീര്‍ത്തടമില്ലെന്നും ദേശീയ ഗ്രീന്‍ ട്രീബ്യൂണലില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു .

വിമാനത്താവള പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതിനെതിരെ വന്ന ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പദ്ധതിയെ അനുകൂലിച്ചു കൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്.

പദ്ധതി പ്രദേശം വര്‍ഷങ്ങളായി വെറുതെ കിടക്കുകയാണെന്നും ആറന്മുള പൈതൃക സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളണമെന്നും സര്‍ക്കാര്യ സത്യവാങ്മൂലത്തില്‍ പറയുന്നു.

നേരത്തേ ആറന്മുള പൈതൃക സംരക്ഷണ സമിതി വിമാനത്താവള പദ്ധതിയ്‌ക്കെതിരെ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

പദ്ധതിയില്‍ ആലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടിരുന്ന നിലപാട്. എന്നാല്‍ അതിന് വിരുദ്ധമായാണ് പദ്ധതിയെ അനുകൂലിയ്ക്കുന്ന രീതിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിലപാടെടുത്തിരിയ്ക്കുന്നത്.

അതേ സമയം ആറന്മുളയില്‍ നീര്‍ത്തടം നികത്താന്‍ സ്വകാര്യ കമ്പനിയ്ക്ക് മുഖ്യമന്ത്രി കൂട്ടു നിന്നതിന്റെ തെളിവുകള്‍ നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ ഭൂമി നികത്താന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

കഴിഞ്ഞ നവംബര്‍ 18നാണ് ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.