ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: നിര്‍ദ്ധിഷ്ട ആറന്മുള വിമാനത്താവളത്തിനു വേണ്ടി നെല്‍വയല്‍ അനധികൃതമായി നികത്തിയെന്നു സര്‍ക്കാര്‍ സമ്മതിച്ചു. നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് റവന്യൂ മന്ത്രി ഇക്കാര്യം സമ്മതിച്ചത്. ആറന്മുളയില്‍ വിമാനത്താവളത്തിനു സ്ഥലം നികത്തുന്നതിനു സംസ്ഥാനതല സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അനുമതിയില്ലാതെ വയല്‍ നികതുന്നുണ്ടെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തിരമായി നികത്തല്‍ നിര്‍ത്തിവെക്കാനും ഉചിതമായ നടപടിയെടുക്കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.
ആറന്മുളയില്‍ വിമാനത്താവളം പണിയാനായി കെ.ജി.എസ് എന്ന കമ്പനിയും റിലയന്‍സും ചേര്‍ന്ന് മുന്നൂറിലേറെ ഏക്കര്‍ നെല്‍വയല്‍ വാങ്ങിക്കൂട്ടിയിരുന്നു. കമ്പനിയുടെ നേതൃത്വത്തില്‍ വയലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോടും തണ്ണീര്‍തടങ്ങളും അനധികൃതമായി നികത്തുന്നതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈയിടെ നിയമസഭാ പരിസ്ഥിതിക്കമ്മിറ്റി അവിടെ തെളിവെടുപ്പ് നടത്തിരുന്നു. വിമാനത്താവളത്തിനെതിരെ ആറന്മുള നിവാസികള്‍ ഒറ്റക്കെട്ടായി സമരത്തിലാണ്.
ആറന്‍മുള വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. തങ്ങള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പ് കോടതിയെ സമീപിച്ചപ്പോള്‍ നിയമവിരുദ്ധമായി വയല്‍ നികത്തിയ കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നു. നെല്‍വയല്‍ നികത്തിയാണ് വിമാനകത്താവളം നിര്‍മ്മിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നുമുള്ള കാര്യം മറച്ചുവെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വിമാനത്താവളത്തിന് കഴിഞ്ഞ സര്‍ക്കാറാണ് അനുമതി നല്‍കിയതെന്ന് പറഞ്ഞു ഒഴിയുകയായിരുന്നു കോടതിയില്‍ ഈ സര്‍ക്കാര്‍ ചെയ്തത്.
എം.പിമാരായ ആന്റോ ആന്റണി, പി.ജെ കുര്യന്‍ എന്നിവര്‍ വിമാനത്താവളത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇവരെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ നിലപാടെടുക്കുന്ന കോണ്‍ഗ്രസ് നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചോദ്യത്തിന് ഈ രീതിയില്‍ റവന്യൂമന്ത്രി ഉത്തരം നല്‍കിയതും ഈ അഭിപ്രായ വ്യത്യാസം കാരണമാണ്. വിമാനത്താവള ഇടപാടില്‍ കാര്യമായ നേട്ടമൊന്നുമുണ്ടാക്കാത്ത പാര്‍ട്ടിയാണ് എന്‍.സി.പി. എന്‍.സി.പി എം.എല്‍.എമാരായ എ.കെ ശശീന്ദ്രന്‍, തോമസ്ചാണ്ടി എന്നിവരാണ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതെന്നും ശ്രദ്ധേയമാണ്.
ആറന്മുള വിമാനത്താവളത്തിനു പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തോടെ നിയമവിരുദ്ധ നിര്‍മ്മാണത്തിനാണ് പോലീസ് സംരക്ഷണം നല്‍കുന്നത് എന്ന സ്ഥിതിയാണ്.