ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെ. സംസ്ഥാന സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും നിലപാടാണു പ്രധാനം. ഇതനുസരിച്ചായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു.
പദ്ധതി വേണ്ടെങ്കില്‍ 2010ല്‍ സംസ്ഥാനം നല്‍കിയ അനുമതി പിന്‍വലിക്കണം. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സമിതികള്‍ പല നിലപാടുകള്‍ സ്വീകരിച്ചാലും അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതിക പഠനം നടത്താന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കിയതിനെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.