| Saturday, 16th February 2013, 9:02 am

ആറന്മുള വിമാനത്താവളം:സര്‍ക്കാര്‍ വാദം പൊളിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഏറെ വിമര്‍ശനത്തിന് വിധേയമായ ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. 2011 ഡിസംബര്‍ മാസത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടി എന്ന വാദം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനും  പത്തനംതിട്ട എം.പി ആന്റോ ആന്റണിയും അറിയിച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച്  ലോകസഭയില്‍ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജിന്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജയന്തി നടരാജന്‍ നല്‍കിയ മറുപടിയിലാണ് ആറന്മുള പദ്ധതിക്കായി കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെന്ന വിവരം ലഭിച്ചത്.[]

വിമാനത്താവളം ആരംഭിക്കാന്‍ പ്രാഥമികമായി ലഭിക്കേണ്ട ഗ്രാമപഞ്ചായത്തിന്റെ അനുമതി പോലും ലഭിച്ചിരുന്നില്ല. കെ.ജി.എസ് ഗ്രൂപ്പ് മേല്‍ക്കെയെടുത്ത് നടത്തുന്ന വിമാനത്താവളത്തിന് 3000 ഏക്കറിലധികം സ്ഥലം ആവശ്യമുണ്ട്. ഇത്രയും സ്ഥലം കണ്ടെത്താന്‍ പോലും സര്‍ക്കാറിന് ഇത് വരെ കഴിഞ്ഞില്ല. ഈ പ്രതികൂല സാഹചര്യത്തിലും വിമാനത്താവളത്തിന്റെ പത്ത് ശതമാനം ഓഹരി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആറന്മുള വിമാനത്താവളത്തിനായി തണ്ണീര്‍തടങ്ങള്‍ നികത്തുന്നത് വ്യാപകമായ പ്രകൃതി ദുരന്തം ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പാടശേഖരസമിതിയുടെ ആവശ്യപ്രകാരം പത്തനം തിട്ട കൃഷി ഓഫീസറാണ് പ്രദേശത്ത് പഠനം നടത്തി റിപ്പോര്‍ട്ട തയ്യാറാക്കിയത്.

വിമാനത്താവളത്തിനായി കമ്പനി ഇതുവരെ 30 ഏക്കര്‍ പുഞ്ചപാടവും 250 ഏക്കര്‍ മുണ്ടകന്‍ പാടവും മണ്ണിട്ട്  നികത്തിയിട്ടുണ്ട. ഇത്തരത്തില്‍ തണ്ണീര്‍ തടങ്ങള്‍ നികത്തുമ്പോഴുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി  മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

അതേസമയം നേരത്തെ തന്നെ ആറന്മുള വിമാനത്താവള സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വി. എം സുധീരന്റെ നേതൃത്വത്തിലുള്ള  ഒരു വിഭാഗം  കോണ്‍ഗ്രസ്സ് നേതാക്കളാണ് 401 ദിവസം നീണ്ടു നില്‍ക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നത്.

എ.ഐ.സി. സി. അംഗം ഫിലിപ്പോസ് തോമസ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ. കെ റോയ്‌സണ്‍ , മാലയത്ത് സരളാദേവി, കോണ്‍ഗ്രസ്സ് ബ്ലോക്ക് ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more