| Thursday, 15th January 2015, 8:01 pm

ആറന്മുള വിമാനത്താവളം : പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:ആറന്മുള വിമാനത്താവളത്തിനായി നികത്തിയ തണ്ണീര്‍ത്തടങ്ങളും നിലങ്ങളും പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന കോടതി ഉത്തരവ് ലംഘിച്ചെന്നാരോപിച്ച് പത്തനംതിട്ട ജില്ല കളക്ടര്‍ക്കെതിരെ കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവ് പാലിക്കാത്തതില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തീരുമാനമെടുത്തത്.

മണ്ണിട്ടുനികത്തിയ തണ്ണീര്‍ത്തടങ്ങള്‍ ഒരു മാസത്തിനകം പൂര്‍വസ്ഥിതിയിലാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതേതുടര്‍ന്ന് 2014 ജൂലൈ 14 ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരി കിഷോറിന്റെ നേതൃത്വത്തില്‍ നികത്തിയ തണ്ണിര്‍തടങ്ങളുടെയും നിലങ്ങളുടേയും സര്‍വ്വേ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ത്തിയായില്ല.

ആറന്മുള വിമാനത്താവള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വസ്തുതകള്‍ മറച്ചുവച്ചാണ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. സെക്രട്ടേറിയേറ്റു മുതല്‍ താഴേത്തട്ടുവരെ ഗുരുതരമായ നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം തുടര്‍നടപടികള്‍ക്കായി പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു വിട്ടു.

We use cookies to give you the best possible experience. Learn more