ആറന്മുള: ക്ഷേത്രത്തെ ബാധിയ്ക്കുമെന്ന് എയ്‌റോ സര്‍വെ
Kerala
ആറന്മുള: ക്ഷേത്രത്തെ ബാധിയ്ക്കുമെന്ന് എയ്‌റോ സര്‍വെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2014, 12:13 pm

[share]

[]കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തെ ബാധിയ്ക്കുമെന്ന് എയ്‌റോ സര്‍വെയുടെ റിപ്പോര്‍ട്ട്.

നേരത്തേ പദ്ധതി ക്ഷേത്രത്തെ ബാധിയ്ക്കില്ലെന്നായിരുന്നു കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ക്ഷേത്രത്തിന്റെ കൊടിമരം അനുവദനീയമായതില്‍ നിന്ന് 5.9 മീറ്റര്‍ ഉയരം കൂടുതലായതിനാല്‍ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാനത്താവളത്തിലെ റണ്‍വേ പൂര്‍ണ്ണമായി ഉപയോഗിയ്ക്കണമെങ്കില്‍ കൊടിമരത്തിന്റെ നീളം കുറയ്ക്കണം. രാത്രിയില്‍ കൊടിമരത്തില്‍ ലൈറ്റും പകല്‍ അടയാളവും വെയ്‌ക്കേണ്ടി വരും.

ഇതല്ലെങ്കില്‍ കൊടിമരം മാറ്റി സ്ഥാപിയ്‌ക്കേണ്ടതായ അവസ്ഥയുണ്ടാവും- തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇതോടെ പദ്ധതി ക്ഷേത്രത്തെ ബാധിയിക്കില്ലെന്ന കെ.ജി.എസ് ഗ്രൂപ്പിന്റെ വാദമാണ് പൊളിയുന്നത്. നേരത്തേ പദ്ധതി ക്ഷേത്രത്തെ ബാധിയ്ക്കുമെന്ന് കാണിച്ച് ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷന്‍ ക്ഷേത്രത്തിന്റെ രൂപത്തില്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്തരുതെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ ചുവപ്പ് ലൈറ്റ് ഘടിപ്പിയ്ക്കുന്നതിനും ക്ഷേത്രത്തിന്റെ ഘടനയില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതും താന്ത്രിക ശാസ്ത്രത്തിന് എതിരാണെന്നും അഭിഭാഷക കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായാണ് എയ്‌റോ സര്‍വേയുടെ റിപ്പോര്‍ട്ട് വന്നിരിയ്ക്കുന്നത്.