| Sunday, 5th May 2024, 3:45 pm

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ബുക്ക് മൈ ഷോയില്‍ മലയാള സിനിമയെ പിന്നിലാക്കി ആ തമിഴ് ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇറങ്ങിയ മിക്ക സിനിമകളും വലിയ വിജയമായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെ വമ്പന്‍ പ്രകടനങ്ങള്‍ക്ക് പുറമെ കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലും ചില മലയാള സിനിമകള്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആവേശം, ആടുജീവിതം എന്നീ സിനിമകളൊക്കെ അതിന് ഉദാഹരണമായിരുന്നു. ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന് പറഞ്ഞെത്തിയ മഞ്ഞുമ്മല്‍ ബോയ്സ് മറ്റൊരു മലയാള സിനിമയെയും ആഘോഷിച്ചിട്ടില്ലാത്ത രീതിയിലാണ് തമിഴ് പ്രേക്ഷകര്‍ ആഘോഷിച്ചത്.

തമിഴ്നാട്ടില്‍ നിന്നും 60 കോടി നേടുന്ന ആദ്യ മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയിരുന്നു. ബുക്ക്മൈഷോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനം പോലും ഈ മലയാള സിനിമ സ്വന്തമാക്കിയിരുന്നു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ പ്രേമലുവാകട്ടെ മലയാളികളെക്കാള്‍ കൂടുതല്‍ തെലുങ്ക് പ്രേക്ഷകരായിരുന്നു ഏറ്റെടുത്തത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശവും തമിഴ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഓരോ ദിവസത്തെ ടിക്കറ്റ് ബുക്കിങ്ങില്‍ പോലും മലയാള സിനിമകള്‍ മറ്റു സിനിമകളെ പിന്നിലാക്കിയിരുന്നു. ഇപ്പോള്‍ ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്കിങ്ങില്‍ മലയാള സിനിമയെ പിന്നിലാക്കി ഒരു തമിഴ് സിനിമ ഒന്നാമതെത്തിയിരിക്കുകയാണ്.

മലയാള ചിത്രമായ ആവേശത്തെ പിന്നിലാക്കിയത് സുന്ദര്‍ സിയുടെ സംവിധാനത്തില്‍ എത്തിയ അരണ്‍മനൈ സിനിമയുടെ നാലാം ഭാഗമാണ്.

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ആവേശം അറുപത്തി ഒമ്പതിനായിരം ടിക്കറ്റുകള്‍ വിറ്റപ്പോള്‍ അരണ്‍മനൈ സിനിമയുടെ ഒരുലക്ഷത്തി നാല്പത്തി ആറായിരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റത്.

Content Highlight: Aranmanai 4 Beats Aavesham In Bookmyshow

We use cookies to give you the best possible experience. Learn more