|

ആറാമത് അരളി അവാര്‍ഡ് കഥാകൃത്ത് സി.അയ്യപ്പന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ദളിത് സാംസ്‌കാരിക വ്യവഹാരമേഖലയിലെ സമഗ്രസംഭാവനയക്കുള്ള ആറാമത് അരളി അവാര്‍ഡ് കഥാകൃത്ത് സി.അയ്യപ്പന്. മരണാനന്തര ബഹുമതി എന്ന് നിലയിലാണ് സി.അയ്യപ്പന് അരളി അവാര്‍ഡ് ലഭിക്കുന്നത്. മലയാള കഥാലോകത്ത് നവഭാവനയുടെ പുതിയ വെളിച്ചം പകര്‍ന്ന കഥാകാരനാണ് സി.അയ്യപ്പന്‍.

കെ.കെ.കൊച്ച് ഡോ.ടി.ടി.ശ്രീകുമാര്‍, ഡോ.സുജ സൂസന്‍ എന്നിവരടങ്ങുന്ന പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ഐകകണ്‌ഠ്യേന സി അയ്യപ്പനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. മുഖ്യധാരയുടെ പ്രതിഷേധാര്‍ഹമായ തമസ്‌കരണങ്ങളെ, നിഷ്ഠൂരമായ പാര്‍ശ്വവല്‍ക്കരണങ്ങളെ സ്വന്തം സര്‍ഗശേഷികൊണ്ട് അതിജീവിച്ച കഥാകാരനാണ് അയ്യപ്പന്‍ എന്ന്് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. “കല കലാപമാണെങ്കില്‍ അതിന്റെ ആളുന്ന തീജ്വാലയായിരുന്നു അയ്യപ്പന്‍”. അയ്യപ്പന്റെ കഥകള്‍ മലയാള ലോകത്ത് രൂപപരവും പ്രമേയപരവും ആയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി കൂട്ടിച്ചേര്‍ത്തു.

ദളിത് വ്യവഹാരമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള അവാര്‍ഡ് അരളി കലാസാഹിത്യസംഘമാണ് നല്‍കിവരുന്നത്. അംബേദ്കര്‍ റീഡേര്‍സ് ലിങ്ക് എന്നതാണ് അരളിയുടെ പൂര്‍ണ്ണരൂപം. പ്രമുഖ ചരിത്രകാരനും ആക്ടിവിസ്റ്റും കോളമിസ്റ്റുമായ കെ.കെ.കൊച്ചിനായിരുന്നു ആദ്യ അരളി അവാര്‍ഡ്(2012). തുടര്‍ന്ന് ടി.എച്ച്.പി.ചെന്താരശ്ശേരി (2013), സി.കെ. ജാനു (2014), സജിന് മാത്യൂ(2015), കെ.കെ.ബാബുരാജ് (2016), എന്നിവര്‍ക്കായിരുന്നു പുരസ്‌കാരങ്ങള്‍.

10000 രൂപയും ആര്‍ട്ടിസ്റ്റ് ഷാജി അപ്പുക്കുട്ടന്‍ നിര്‍മ്മിക്കുന്ന ചെയ്യുന്ന ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഈ വര്‍ഷത്തെ അരളി അവാര്‍ഡ്. 2018 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ കൊച്ചിയില്‍ വെച്ച് അവാര്‍ഡ് അയ്യപ്പന്റെ കുടുബാംഗങ്ങള്‍ക്ക് സമര്‍പ്പിക്കും.