| Wednesday, 20th June 2018, 2:51 pm

കാലവര്‍ഷം കനത്തപ്പോഴും കുടിവെള്ളം കിട്ടാതെ അറക്കുളം നിവാസികള്‍ ദുരിതത്തില്‍

ഗോപിക

കാലവര്‍ഷം കനത്തപ്പോള്‍ പുഴ വഴി മാറി ഒഴുകിയത് ഇടുക്കി അറക്കുളം നിവാസികളുടെ കുടിവെള്ള വിതരണം താറുമാറാക്കുന്നു. സംസ്ഥാനത്ത് കാലവര്‍ഷം പതിവുപോലെ ശക്തമായി എത്തിയെങ്കിലും അറക്കുളം പഞ്ചായത്തില്‍ കുടിക്കാനുള്ള വെള്ളം ലഭിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.

ഏകദേശം 40 വര്‍ഷം മുമ്പാണ് അറക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ അറക്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് അറക്കുളം ഗ്രാമ പഞ്ചായത്ത്.

2000 ത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ പദ്ധതിയില്‍ നിന്നാണ്. ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ ജലസംഭരണിയെയാണ്. അതു മാത്രമല്ല മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതോല്‍പ്പാദനം കുറയുന്നതിനാല്‍ പുഴയില്‍ വെള്ളം കുറയുന്നു.


ALSO READ: വീടുണ്ട്, കയറിക്കിടക്കാന്‍ വയ്യ: ദളിത് കുടുംബത്തിന്റെ സ്ഥലത്തിനു ചുറ്റും മണ്ണെടുത്തതായി പരാതി


അതൊടൊപ്പം പുഴ വഴി മാറി ഒഴുകുകയും പമ്പ് ഹൗസിന് സമീപത്തെ പ്രദേശത്ത് വെള്ളമില്ലാതാകുകയും ചെയ്യും. ഇതോടെ ഇവിടെ പമ്പിംഗ് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ ഇത് ഇപ്പോഴത്തെ മാത്രം സംഭവമല്ല. വര്‍ഷങ്ങളായി ഇത് പതിവാണെങ്കിലും ഇതിനു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.

അതേസമയം കാലവര്‍ഷം കനത്തതോടെ മൂലമറ്റത്തെ വൈദ്യോല്‍പ്പാദനം കുറച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ പമ്പ് ഹൗസിന് സമീപമുള്ള പുഴയുടെ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. ഇപ്പോള്‍ ഇവിടെ പമ്പിംഗ് മുടങ്ങി കുടിവെള്ള ക്ഷാമം അതി രൂക്ഷമായി തുടരുകയാണ്.

ഇതിനുമുമ്പ് ഇത്തരത്തില്‍ പുഴമാറി ഒഴുകുന്നത് ഇതാദ്യാമായല്ല. സാധാരണ ഈ സ്ഥിതി മുമ്പും ഉണ്ടായപ്പോള്‍ അറക്കളം പഞ്ചായത്ത് അംഗം സ്വന്തം തെലവില്‍ മണ്ണു മാന്തിയന്ത്രം എത്തിച്ചു മണ്ണുമാറ്റി പമ്പിംഗിന് വെള്ളമെത്തിക്കുകയാണ് ചെയ്തിരുന്നത്.

എന്നാല്‍ ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ഈ നടപടിയെടുക്കാന്‍ ഇപ്പോള്‍ ആരും മുന്നോട്ടുവരുന്നുമില്ല. ഇപ്പോള്‍ ആഴ്ചയില്‍ ഒറ്റത്തവണ മാത്രമാണ് ഇവിടെ വെള്ളം പമ്പ് ചെയ്യുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ കാലവര്‍ഷം ശക്മായിട്ടും ഇപ്പോഴും കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.


ALSO READ:  ആണിന്റെ ഫുട്ബോള്‍ ലോക ഫുട്ബോള്‍, പെണ്ണിന്റെയാണെങ്കില്‍ ലോക വനിതാ ഫുട്ബോള്‍’.. സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യങ്ങളുമായി സ്ത്രീകള്‍


ഈ സാഹചര്യത്തില്‍ പഞ്ചായത്തിലെ പ്രധാനപ്രദേശങ്ങളിലെല്ലാം കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. മറ്റു വഴികളില്ലാതെ ആഴ്ചയില്‍ എത്തുന്ന വെള്ളം മാത്രം ഉപയോഗിക്കുന്ന നിലയിലാണ് പ്രദേശവാസികള്‍.

അതേസമയം ഇവിടെ കുടിവെള്ളം വിതരണം ചെയ്യാനുപയോഗിക്കുന്ന ടാങ്കുകള്‍ ഏറെ പഴക്കം ചെന്നതാണ്. അതോടൊപ്പം ചോര്‍ച്ചയുള്ളതിനാല്‍ വെള്ളം പമ്പു ചെയ്താല്‍ ടാങ്കില്‍ ഏറെ നേരം നില്‍ക്കില്ല. ഇതുകാരണം 24 മണിക്കൂറും വെള്ളം പമ്പു ചെയ്താല്‍ മാത്രമേ കുടിവെള്ളമെത്തിക്കാന്‍ കഴിയു.

എന്നാലും ഉയര്‍ന്ന പ്രദേശങ്ങൡ വെള്ളം എത്തിക്കാനാകില്ല. വെള്ളം ശുചീകരിക്കാത്ത പുഴയില്‍ നിന്നും നേരിട്ടു പമ്പു ചെയ്തതാണ് ഇവിടെ വിതരണം ചെയ്യുന്നത്.

രണ്ടു ചെറിയ തോടുകളിലെ മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കി വിടുന്നുണ്ട്. ഈ വെള്ളം അതേപടി ശുചീകരിക്കാതെയാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. അത് മാരകരോഗങ്ങള്‍ പകരുന്നതിനും ജനങ്ങളുടെ ഇടയില്‍ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകുന്നതിനും  കാരണമാകുന്നുണ്ട്.


ALSO READ: മഴക്കെടുതിയില്‍ സംസ്ഥാനത്തിന് കോടികളുടെ കൃഷി നാശം: കോഴിക്കോടിന്റെ മലയോരമേഖലയില്‍ മാത്രം നശിച്ചത് 460 ഹെക്ടര്‍ കൃഷി


രണ്ടുവര്‍ഷം മുമ്പ് ജില്ലയില്‍ ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അറക്കുളം പഞ്ചായത്ത് പരിധിയിലാണ്. അതേത്തുടര്‍ന്നുള്ള പരിശോധനയില്‍ പമ്പു ഹൗസില്‍ നിന്ന് ജനങ്ങള്‍ക്ക് വിതരണം ചെയ്ത കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു.

ഇത്രയധികം വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടും ഇവിടെ നിന്ന് ശുദ്ധജലമെത്തിക്കുന്നതിനുവേണ്ട നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വെള്ളം പമ്പ് ചെയ്യുന്ന കിണറ്റിലേക്കാണു മലിനമായ ചെറുതോടായ പണിക്കര്‍ തോട്ടില്‍ നി്ന്നും വെള്ളം നേരേ പതിക്കുന്നത്.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ പ്രദേശത്തെ ജലസംഭരണികളില്‍ യാതൊരു ശുചീകരണവും നടത്തിയിട്ടില്ല. മലിനമായ വെള്ളം തന്നെയാണ് ജനങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നത്. എന്നിട്ടും ചെളിവെള്ളം പോലും കുടിക്കാന്‍ കിട്ടാത്ത അവസ്ഥയിലാണ് ഇപ്പോള്‍ അറക്കളം നിവാസികള്‍.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more