മലയാളത്തിലെ ജനപ്രിയ സിനിമകളില്‍ ഒന്നാണ് ജയസൂര്യ നായകനായ ആട്. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 2015ലാണ് പുറത്തിറങ്ങിയത്.
സിനിമ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് വലിയ പോസിറ്റീവായ പ്രതികരണമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് 2017ല്‍ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. സിനിമയില്‍ അറക്കല്‍ അബുവെന്ന കഥാപാത്രത്തെ ചെയ്തിരുന്നത് സൈജു കുറുപ്പാണ്.
ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ സിനിമയായ ‘എ രഞ്ജിത്ത് സിനിമ’യുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍, അറക്കല്‍ അബുവിനെ പോലെയൊരു കഥാപാത്രം ഇനി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
‘അത്തരം ഒരു കഥാപാത്രമല്ല, ആ കഥാപാത്രം ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുറേ കാലമായി ആളുകള്‍ ചോദിക്കുമ്പോള്‍ നമ്മള്‍ സിനിമയുടെ അടുത്ത ഭാഗം വരുമെന്ന് തന്നെയാണ് മറുപടി പറയുന്നത്.
എന്നാല്‍ കഥ എഴുതുകയെന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. ഏറ്റവും കൂടുതല്‍ സമയം വേണ്ടത് എഴുതാന്‍ ആണ്. നമ്മള്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ പത്തോ ഇരുപതോ മുപ്പതോ ദിവസം കൊണ്ട് അത് തീര്‍ക്കാന്‍ സാധിക്കും.
അതേസമയം, എഴുത്ത് അങ്ങനെയല്ല. അതിന് ഒരുപാട് സമയം വേണം. ഈ വര്‍ഷം നോക്കിയാല്‍ അറിയാം, മിഥുന്‍ എഴുതിയ ഗരുഡന്‍ ഹിറ്റായി. പിന്നാലെ ഫീനിക്സ് വന്നു.
ഇനി ജനുവരിയില്‍ അവന്‍ എഴുതി സംവിധാനം ചെയ്യുന്ന ഒരു പടം വരാന്‍ ഉണ്ട്. ഇതിനിടയില്‍ മിഥുനിന് ആടിന്റെ അടുത്ത ഭാഗം എഴുതി പൂര്‍ത്തിയാക്കാനുള്ള സമയം കിട്ടിയിട്ടില്ല.
പുള്ളി അതിന്റെ പണിപ്പുരയിലാണ്. എപ്പോള്‍ അത് പൂര്‍ത്തിയാകുന്നോ അന്ന് സിനിമ നടക്കും. അതിനായി പ്രൊഡ്യൂസറും അഭിനയിക്കാന്‍ ഉള്ളവരും റെഡിയായി നില്‍ക്കുകയാണ്.
എല്ലാവരും സത്യത്തില്‍ സ്വന്തം കഥാപാത്രത്തെ വീണ്ടും കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ്. 2024ല്‍ നമ്മള്‍ ആടിന്റെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നുണ്ട്,’ സൈജു കുറുപ്പ് പറഞ്ഞു.
content highlights: Arakal Abu will come again; Expect the next part of the aadu: Saiju Kurup