ഉത്തര്‍പ്രദേശില്‍ വനിതാ എം.എല്‍.എയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്. ആരാധന മിശ്ര എം.എല്‍.എയാണ് പുതിയ നിയമസഭ കക്ഷി നേതാവ്. ആദ്യമായാണ് ഉത്തര്‍പ്രദേശില്‍ വനിതാ എം.എല്‍.എയെ ഒരു രാഷ്ട്രീയ പാര്‍ട്ടി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുന്നത്.
അലഹബാദിലെ ജന്മനാട്ടിലെത്തിയ അനുരാധ മിശ്രയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണൊരുക്കിയത്. മുതിര്‍ന്ന നേതാക്കളും ചടങ്ങിനെത്തി.
പാര്‍ട്ടി പ്രവര്‍ത്തകരുടെ മുഖത്ത് വലിയ ആശയും പ്രതീക്ഷയും ഞാന്‍ കാണുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് ആരാധന മിശ്ര പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം വന്നിരുന്നു.പുതിയ സംസ്ഥാന അദ്ധ്യക്ഷനെയും ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരെയും തെരഞ്ഞെടുത്തിരുന്നു. ആരാധന മിശ്രയെ നിയമസഭ കക്ഷിയായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിന് പിന്നിലും പ്രിയങ്കയുടെ നിര്‍ദേശമുണ്ട്.