അറബിക് സര്‍വകലാശാല; യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ഗീയത പരത്തുന്നുവെന്ന് മുസ്‌ലീം സംഘടനകള്‍
Daily News
അറബിക് സര്‍വകലാശാല; യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ഗീയത പരത്തുന്നുവെന്ന് മുസ്‌ലീം സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th September 2015, 12:20 pm

കോഴിക്കോട്: അറബിക് സര്‍വകലാശാല വിഷയത്തില്‍ മുസ്‌ലീം ലീഗും യു.ഡി.എഫ് സര്‍ക്കാരും വര്‍ഗീയത പരത്തി മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷനും (എസ്.എസ്.എഫ്)സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റും രംഗത്തെത്തി.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലീംങ്ങള്‍ക്കിടയില്‍ വൈകാരിക വിഷയമാക്കി അറബിക് സര്‍വകലാശാലയെ മാറ്റാനാണ് മുസ് ലീം ലീഗ് ശ്രമിക്കുന്നതെന്ന് മുസ് ലീം സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

” അറബിക് സര്‍വകലാശാല സര്‍ക്കാര്‍ മദമിളക്കരുതെന്നാവശ്യപ്പെട്ട് “എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി തന്നെ പോസ്റ്റര്‍ പ്രചരണം നടത്തുന്നുണ്ട്. സര്‍വകലാശാല സ്ഥാപിക്കാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുക, രാഷ്ട്രീയ കാപട്യം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും എസ്.എസ്.എഫ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നു.

arabic2“”മുസ് ലീം ഐക്യവേദിയുണ്ടാക്കിയും പ്രക്ഷോഭ വ്യായാമങ്ങള്‍ നടത്തിയും അറബിക് സര്‍വകലാശാലയെ സാമുദായിക നിറം തേക്കുന്നവര്‍ പൊതു വിദ്യാഭ്യാസ ലക്ഷ്യത്തെയാണ് അട്ടിമറിക്കുന്നത്. മത വര്‍ഗീയ വാദികള്‍ക്ക് വടി കൊടുക്കുയാണ് ഇത്തരക്കാര്‍. അറബിക് സര്‍വകലാശാല പൊതുലക്ഷ്യമാണ്. മലയാളി സാധിക്കേണ്ട മഹത്തായ ലക്ഷ്യം””. എന്ന ബുള്ളറ്റിനും സംസ്ഥാന വ്യാപകമായി എസ്.എസ്.എഫ് പ്രചരിപ്പിക്കുന്നു.

അറബിക് സര്‍വകലാശാല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയത പരത്തുകയാണെന്ന് ആരോപിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും പ്രചരണ പരിപാടികളുമായി രംഗത്തുണ്ട്.

പൊതുവിഷയം സാമുദായിക വിഷയമാക്കി അവതരിപ്പിക്കുക വഴി അറബിക് വാഴ്‌സിറ്റിയുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുവാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.