| Monday, 9th May 2022, 8:08 pm

അറേബ്യന്‍ പശ്ചാത്തലത്തില്‍ തട്ടുപൊളിപ്പന്‍ ചുവടുകളുമായി ദളപതി; ഹരം കൊള്ളിച്ച് അറബിക് കുത്ത് വീഡിയോ സോംഗ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ബീസ്റ്റിലെ അറബിക് കുത്തിന്റെ വീഡിയോ സോംഗ് പുറത്ത്. സണ്‍ ടി.വിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഈജിപ്ഷ്യന്‍ – അറേബ്യന്‍ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിട്ടുള്ളത്. വിജയ്‌യുടെ ഐക്കോണിക് ഡാന്‍സ് നമ്പറുകളും പാട്ടിലുണ്ട്.

നേരത്തെ പുറത്തിറങ്ങിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധി റെക്കോഡുകള്‍ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ സ്വന്തമാക്കിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡാണ് അറബിക് കുത്തിന്റെ ലിറിക്കല്‍ വീഡിയോ സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം സ്വന്തമാക്കിയത്.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.

സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. വിജയ് ആരാധകരെ പോലും പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്കായിട്ടില്ല എന്നതാണ് ബീസ്റ്റിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.

തിരക്കഥയിലെയും മേക്കിംഗിലേയും പാളിച്ചകളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. ആദ്യ രണ്ട് ചിത്രങ്ങള്‍ വിജയകരമായി സംവിധാനം ചെയ്ത നെല്‍സണ് വലിയ താരത്തെ നായകനായി കിട്ടിയപ്പോള്‍ സമ്മര്‍ദം കൂടിയെന്നും കഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെ.ജി.എഫിനൊപ്പം ക്ലാഷ് റിലീസായതും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

അതേസമയം, ഷാരൂഖ് ഖാന്‍, നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ വിജയ് അതിഥിതാരമായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അറ്റ്‌ലിയുമായും ഷാരൂഖ് ഖാനുമായും അടുപ്പമുള്ള വിജയ് ചിത്രത്തിലെത്താനുള്ള സാധ്യതയേറെയാണ്. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അറ്റ്‌ലിയായിരുന്നു.

Content Highlight: Arabic Kuthu Video Song

We use cookies to give you the best possible experience. Learn more