| Tuesday, 15th February 2022, 7:15 pm

24 മണിക്കൂറില്‍ 24 മില്യണ്‍; 'ഊ ആണ്ടവ'യുടെയും 'ഭീംല'യുടെയും റെക്കോര്‍ഡ് തകര്‍ത്ത് 'അറബിക് കുത്ത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 നാണ് വിജയ് ചിത്രം ‘ബീസ്റ്റി’ലെ ആദ്യഗാനമായ ‘അറബിക് കുത്ത്’ പുറത്ത് വന്നത്. റിലീസ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ഗാനം സോഷ്യല്‍ മീഡിയയാകെ കീഴടക്കിയത്.

ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാരെ നേടിയ അറബിക് കുത്ത് 24 മണിക്കൂര്‍ കൊണ്ട് പല റെക്കോര്‍ഡുകളാണ് കടപുഴക്കിയത്.

ഗാനം പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടപ്പോള്‍ 24 മില്യണ്‍ കാഴ്ചക്കാരെ നോടിയ അറബിക് കുത്ത് പുഷ്പയിലെ ‘ഊ ആണ്ടവ’യുടെയും ‘ഭീംല നായികി’ലെ ‘ഓ ലാ ഭീംലാ’യുടെയുമടക്കം റെക്കോര്‍ഡ് മറികടന്നു. സൗത്ത് ഇന്ത്യയില്‍ വിജയ്‌യുടെ വമ്പന്‍ ഫാന്‍ബേസ് ഒന്നുകൂടി തെളിയിക്കുന്നതായി അറബിക് കുത്തിന്റെ ജനപ്രീതി.

24 മണിക്കൂറില്‍ ഏവുമധികം കാഴ്ചക്കാരെ നേടിയ പാട്ടുകളുടെ റെക്കോര്‍ഡ് ഇങ്ങനെ

1. അറബിക് കുത്ത് (ബീസ്റ്റ്) -24 മില്യണ്‍
2. കാലാവതി (സര്‍ക്കാരി വാരി പാട) -14 മില്യണ്‍
3. ഊ ആണ്ടവ (പുഷ്പ) – 12 മില്യണ്‍
4. ലാ ലാ ഭീംല (ഭീംലനായിക്) – 10 മില്യണ്‍

രണ്ട് മില്യണ്‍ ലൈക്കാണ് ഇതുവരെ പാട്ട് നേടിയത്. വിജയ്‌യും പൂജ ഹെഗ്ഡയും എത്തുന്ന പാട്ട് വര്‍ണാഭമായ സെറ്റ് കൊണ്ടും തമിഴ്-അറബിക്ക് സ്‌റ്റൈലും കൊണ്ടും ഗംഭീരമാക്കിയിട്ടുണ്ട്. പാട്ടിലെ ചില രംഗങ്ങളും ചിത്രീകരണ വീഡിയോകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോനിക ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയത്. പാട്ടിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വീഡിയോയില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും, അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാര്‍ത്തികേയനുമെത്തിയിരുന്നു.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്.


Content Highlight: Arabic kuth song of beast breaks oo Andava and Bhimla record

We use cookies to give you the best possible experience. Learn more