Advertisement
Film News
ഗ്ലോബല്‍ വൈറലായി അറബിക് കുത്ത് റീല്‍സ്; പൂജ ഹെഗ്‌ഡേയുടെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 15, 05:27 pm
Tuesday, 15th February 2022, 10:57 pm

സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് ‘ബീസ്റ്റി’ലെ പുതിയ പാട്ടായ ‘അറബിക് കുത്ത്’. ഫെബ്രുവരി 14 ന് പാട്ട് റിലീസ് ചെയ്തതിന് പിന്നാലെ അറബിക് കുത്തിന്റെ റീല്‍സ് വൈറലാവുകയാണ്. പൂജ ഹെഗ്‌ഡേ അറബിക് കുത്തിന് ഡാന്‍സ് ചെയ്യുന്ന റീല്‍സ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ നെല്‍സണ്‍.

‘പൂജ ഹെഗ്‌ഡേയ്‌ക്കൊപ്പം ‘ഹലമത്തിഹബീബൂ’ കളിക്കൂ’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു പിന്നാലെ വീഡിയോയ്ക്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചുവടുവെക്കുന്ന വീഡിയോയും നെല്‍സണ്‍ പങ്കുവെച്ചിരുന്നു.

24 മണിക്കൂര്‍ കൊണ്ട് പല റെക്കോര്‍ഡുകളാണ് ഗാനം കടപുഴക്കിയത്. ഗാനം പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടപ്പോള്‍ 24 മില്യണ്‍ കാഴ്ചക്കാരെ നേടിയ അറബിക് കുത്ത് പുഷ്പയിലെ ഊ ആണ്ടവയുടെയും ഭീംല നായികിലെ ഓ ലാ ഭീംലായുടെയുമടക്കം റെക്കോര്‍ഡ് മറികടന്നു. സൗത്ത് ഇന്ത്യയില്‍ വിജയ്‌യുടെ വമ്പന്‍ ഫാന്‍ബേസ് ഒന്നുകൂടി തെളിയിക്കുന്നതായി അറബിക് കുത്തിന്റെ ജനപ്രീതി.

വിജയ്‌യും പൂജ ഹെഗ്‌ഡേയും എത്തുന്ന പാട്ട് വര്‍ണാഭമായ സെറ്റ് കൊണ്ടും തമിഴ്-അറബിക്ക് സ്‌റ്റൈല് കൊണ്ടും ഗംഭീരമാക്കിയിട്ടുണ്ട്. പാട്ടിലെ ചില രംഗങ്ങളും ചിത്രീകരണ വീഡിയോകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോനിക ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയത്. പാട്ടിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വീഡിയോയില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും, അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാര്‍ത്തികേയനുമെത്തിയിരുന്നു.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പൂജ ഹെഗ്ഡേ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്.


Content Highlight: arabic kuth reals gone viral