അറബിക്കല്യാണം: യത്തീംഖാന അധികൃതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Kerala
അറബിക്കല്യാണം: യത്തീംഖാന അധികൃതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2013, 4:06 pm

[]കോഴിക്കോട്: കോഴിക്കോട് അറബിക്കല്യാണത്തിന് കൂട്ടുനിന്ന യത്തീംഖാന അധികൃതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. []

അറബിയുടെ ബന്ധുക്കളുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. കേസില്‍ സിയസ്‌കോ യത്തീംഖാന ചെയര്‍മാന്‍ ഹംസക്കോയയെ പ്രതിചേര്‍ത്തിരുന്നു.

കേസില്‍ വരന്റെ ഉമ്മ സുലൈഖ, രണ്ടാം ഭര്‍ത്താവ് മുനീര്‍, മാതാവിന്റെ സഹോദരിയുടെ മകന്‍ അബു ഷഹാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സിയസ്‌കോ അനാഥാലയത്തില്‍ കഴിഞ്ഞ പതിനേഴ്കാരിയെയാണ് ജൂണ്‍ 13 ന് അധികൃതര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്.

ജാസിംമുഹമ്മദ് അബ്ദുള്‍ കരിം അബ്ദുല്ലാ അല്‍ അഹമ്മദ് എന്നായിരുന്നു യു.എ.ഇ.ക്കാരനായ അറബിയുടെ പേര്. ഫോട്ടോ കാണിച്ച് ഇയാളെ കല്യാണം കഴിക്കണമെന്നും യത്തീംഖാനയ്ക്ക് ഇതുമൂലം സാമ്പത്തിക മെച്ചമുണ്ടാകുമെന്നും പറഞ്ഞു.

വിവാഹ ശേഷം വരന്റെ ബന്ധുക്കള്‍ നിരവധി തവണ തന്നെ വീട്ടില്‍ വെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഇയാള്‍ രാമനാട്ടുകരയിലെ റിസോര്‍ട്ടിലും കുമരകം റിസോട്ടിലും കൊണ്ടുപോവുകയും തന്റെ സമ്മതം കൂടാതെ ലൈംഗികമായി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

അറബിയുടെ ഉമ്മ കല്ലായിക്കടുത്ത് നായ്പ്പാലം സ്വദേശിനിയാണ്. ജൂണ്‍ 30ന് പെണ്‍കുട്ടിയെ നായ്പ്പാലത്തെ വീട്ടിലാക്കി അറബി ഗള്‍ഫിലേക്ക് മടങ്ങി.

വിവാഹം ചെയ്തയാള്‍ വിദേശത്തേക്കു മടങ്ങിയതോടെ പെണ്‍കുട്ടിയെ അനാഥാലയ അധികൃതര്‍ തിരിച്ചുകൊണ്ടുവന്നു.

അറബി തിരിച്ചുവരുമ്പോള്‍ കൂടെപോകാമെന്ന് പറഞ്ഞാണ് തിരിച്ചുകൊണ്ടുവന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.