അറബി കല്യാണം: വിവാഹം നടത്തിയത് 16 വയസ്സില്‍ വിവാഹം നടത്താമെന്ന സര്‍ക്കുലര്‍ പ്രകാരം; യത്തീംഖാന
Kerala
അറബി കല്യാണം: വിവാഹം നടത്തിയത് 16 വയസ്സില്‍ വിവാഹം നടത്താമെന്ന സര്‍ക്കുലര്‍ പ്രകാരം; യത്തീംഖാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2013, 10:00 am

[]കോഴിക്കോട്: കോഴിക്കോട് വിവാദമായ അറബി കല്യാണം നടത്തിയത് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമാണെന്ന് സിയസ്‌കോ യത്തീംഖാന.

മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹം 16 വയസ്സില്‍ നടത്താമെന്ന സര്‍ക്കുലര്‍ പ്രകാരമാണ് വിവാഹം നടത്തിയതെന്നാണ് യത്തീംഖാനയുടെ പുതിയ നിലപാട്.[]

ഇത്തരത്തില്‍ സര്‍ക്കുലര്‍ അനുസരിച്ച് നിരവധി വിവാഹങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്നും യത്തീംഖാന പറയുന്നു. സര്‍ക്കുലര്‍ നിലവിലുള്ളപ്പോള്‍ നടത്തിയ വിവാഹമായതിനാല്‍ ഇതിന് നിയമസാധുതയുണ്ടെന്നും അനാഥാലയം അധികൃതര്‍ പറയുന്നു.

കൂടാതെ 12 വര്‍ഷത്തോളം യത്തീംഖാനയില്‍ താമസിച്ച പെണ്‍കുട്ടി ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്നും അധികൃതര്‍ ആരോപിക്കുന്നു.

മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കിയതിന്റെ പിന്‍ബലത്തിലാണ് അറബി കല്യാണം നടന്നതെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് ആരോപിച്ചിരുന്നു.

വിഷയത്തില്‍ സര്‍ക്കാരും മന്ത്രി മുനീറും മറപുടി പറയണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. അറബി കല്യാണത്തിന്റെ പേരില്‍ പാവപ്പെട്ട മുസ്‌ലീം പെണ്‍കുട്ടികള്‍ കബളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണ്.

ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് യത്തീംഖാന വിവാഹത്തെ ന്യായീകരിച്ചതെന്നും വി.എസ് പറഞ്ഞിരുന്നു.