ഖത്തർ ലോകകപ്പിന് ആവേശകരമായ രീതിയിൽ സമാപനം കുറിക്കപ്പെട്ടിരിക്കുകയാണ്. മെസിയുടെ ലോകകപ്പ് കിരീടത്തോടെ സമ്പൂർണമായ കരിയർ കണ്ട് കൊണ്ട് അവസാനിച്ച ഖത്തർ ലോകകപ്പിന് ശേഷം ക്ലബ്ബ് ഫുട്ബോൾ ആരവങ്ങൾ തുടങ്ങുകയാണ്.
ചൊവ്വാഴ്ച വിസിൽ മുഴങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗോടെ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ആരാധകരെ ഒരേ സമയം കുഴപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബ് പ്രവേശനം.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്ന ചോദ്യം ആരാധകർ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുകയാണ്.
സൗദി അറേബ്യൻ ക്ലബ്ബ് അൽ-നാസറിലേക്ക് 200 മില്യൺ യൂറോക്ക് താരം കളിക്കാനായി എത്തും എന്ന വാർത്ത അടുത്തിടെ സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിരുന്നു.
എന്നാൽ അതിനെപറ്റിയുള്ള സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും ഇത് വരെയും പുറത്ത് വന്നിട്ടില്ല. എന്നാലും റൊണാൾഡോയുമായി കരാർ ഒപ്പിടുന്നതിന് മുമ്പായുള്ള മെഡിക്കൽ ചെക്കപ്പ് നടത്താൻ താരം തയാറെടുക്കുന്നു എന്നും, ക്ലബ്ബിൽ കളിച്ചതിന് ശേഷം പരിശീലകനായും വേണമെങ്കിൽ താരത്തിന് ക്ലബ്ബിൽ തുടരാം എന്ന അഭ്യൂഹങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
എന്നാൽ റൊണാൾഡോയുടെ സൗദി ക്ലബ്ബുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി.
റേഡിയോ ആഞ്ചലോ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെ പറ്റി ആഞ്ചലോട്ടി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.’എക്കാലത്തെയും മികച്ച താരം എന്ന് റൊണാൾഡോയെ വിശേഷിപ്പിച്ച ആഞ്ചലോട്ടി സൗദിയിലേക്ക് പോകുന്നത് റൊണാൾഡോക്ക് ഒട്ടും നല്ലതല്ല എന്നും പ്രസ്താവിച്ചു.
“മെസിയും റൊണാൾഡോയും വലിയ പ്രചോദനം നൽകുന്ന താരങ്ങളാണ്. ഫുട്ബോൾ ലോകത്തിന്റെ നിലവിലെ മുഖങ്ങളാണവർ. നന്നായി കളിക്കാനും സ്കോർ ചെയ്യാനും അവർക്ക് സാധിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
കൂടാതെ റൊണാൾഡോയുടെ അൽ-നാസറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോടും അദ്ദേഹം പ്രതികരിച്ചു.
“റൊണാൾഡോയുടെ ഭാവി എന്താണെന്ന് എനിക്കറിയില്ല. ഇപ്പോഴും ലോകത്തിലെ മികച്ച ലീഗുകളിൽ കളിക്കാൻ ശേഷിയുള്ള താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അറബ് ലോകം അദ്ദേഹത്തിന് പറ്റിയ ഇടമല്ലെന്ന് എനിക്ക് തോന്നുന്നു,’ ആൻസലോട്ടി പറഞ്ഞു.
അതേസമയം തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.