| Thursday, 17th September 2020, 1:42 pm

ഇസ്രഈലിനൊപ്പം ചേരുന്ന അടുത്ത അറബ് രാജ്യമേത്?, സൂചനകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈലുമായി യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഔദ്യോഗിക നയതന്ത്ര കരാറില്‍ ഒപ്പു വെച്ചത് പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടയില്‍ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെക്കൂടി ഇസ്രഈലുമായി അടുപ്പിക്കാനുള്ള യു.എസ് നീക്കങ്ങള്‍ തുടരുമെന്നാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങിനു ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. അഞ്ച് രാജ്യങ്ങള്‍ കൂടി ഉടനെ തന്നെ ഇസ്രഈലുമായി സമാധാന ഉടമ്പടിയിലെത്തുമെന്നാണ് ട്രംപ് പറഞ്ഞത്.

നേരത്തെ ആഗസ്റ്റ് 13 ന് ഇസ്രഈല്‍-യു.എ.ഇ സമാധാന ഉടമ്പടിക്ക് പിന്നാലെയും ട്രംപ് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബഹ്‌റിനും കൂടി ഇസ്രഈലുമായി ധാരണയിലായത്.

ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ ഇനി ഏതൊക്കെ രാജ്യങ്ങളാണ് ഇസ്രഈലുമായി ധാരണയിലാവുക എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്.

നിലവില്‍ ഖത്തര്‍, കുവൈറ്റ്, അള്‍ജീരിയ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രഈലുമായി സൗഹൃദത്തിനില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഫലസ്തീന്‍ വിഷയമാണ് ഇവരിതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. ലിബിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്രഈലുമായി ഇവര്‍ അടുത്തൊന്നും അനുനയത്തിലെത്താനുള്ള സാധ്യതയുമില്ല.

പിന്നെ ആരൊക്ക?

ഒമാന്‍

ഇസ്രഈലുമായി ഇനി അടുക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രാജ്യമാണ് ഒമാന്‍. യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളും ഇസ്രഈലുമായി ധാരണയായതിനു പിന്നാലെ ആദ്യം അഭിനന്ദനവുമായി എത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഒമാന്‍.

മാത്രവുമല്ല ഇസ്രഈല്‍-യു.എ.ഇ സമാധാന പദ്ധതിക്കു പിന്നാലെ ഒമാന്‍ വിദേശ കാകര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനസിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേ സമയം ഒമാന്‍ വിദേശകാര്യ മന്ത്രി ഫലസ്തീന്‍ അതോറിറ്റി ഭറണ പാര്‍ട്ടി ഫതയുമായും സംസാരിച്ചിരുന്നു.

ഒമാനും ഇസ്രഈലും തമ്മില്‍ വര്‍ഷങ്ങളായി സമാധാന ചര്‍ച്ചകള്‍ നടന്നു വരികയാണ്. 2018 ല്‍ ഒമാനിലേക്ക് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു അപൂര്‍വ സന്ദര്‍ശനവും നടത്തിയിരുന്നു.

ഉന്തിത്തള്ളി അമേരിക്ക, മടിയോടെ സൗദി

സൗദി അറേബ്യയുമായുള്ള ഔദ്യോഗിക ബന്ധം സാധ്യമായാല്‍ ഇസ്രഈലിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായിരിക്കും. എന്നാല്‍ സൗദി ഇതുവരെ ഇതിന് പരസ്യ സമ്മതം മൂളിയിട്ടില്ല.

ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം കാണമെന്നാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. ട്രംപുമായി ഇതു സംബന്ധിച്ച് നേരിട്ട് സല്‍മാന്‍ രാജാവ് ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്. നേരത്തെ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജരദ് കുഷ്‌നര്‍ സൗദി സന്ദര്‍ശനം നടത്തിയപ്പോഴും ഇത് തന്നെയായിരുന്നു സൗദിയുടെ പ്രതികരണം.

എന്നാല്‍ വിവിധ മേഖലകളില്‍ ഇസ്രഈല്‍ സൗഹൃദം സൗദിക്ക് ആവശ്യവുമാണ്. അനുനയത്തിന്റെ പരോക്ഷ സൂചനകള്‍ സൗദി നല്‍കിയിട്ടുണ്ട്. യു.എ.ഇ- ഇസ്രഈലും തമ്മിലുള്ള വിമാന സര്‍വീസിനായി തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ സൗദി അനുമതി നല്‍കിയിട്ടുണ്ട്.

ഈയടുത്ത് മിഡില്‍ ഈസ്റ്റ് ഐയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നെതന്യാഹുവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിംഗ്ടണില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തായതിനു പിന്നാലെ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഇസ്രഈല്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഇസ്രഈല്‍ വിഷയത്തില്‍ സൗദി രാജാവും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇസ്രഈലുമായി അടുത്താല്‍ പ്രശ്‌നമാവുമെന്ന് സൗദി കണക്കു കൂട്ടുന്നുണ്ട്. തുര്‍ക്കിയാണ് ഇതില്‍ സൗദി കാണുന്ന വെല്ലുവിളി. ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ സ്വീകരിക്കുന്നത്. ഇതിനു പുറമെ ഫലസ്തീന് അറബ് ലീഗിനോടുള്ള അനിഷ്ടവും പ്രകടമാക്കി കഴിഞ്ഞു. അറബ് ലീഗുമായുള്ള ബന്ധം പുനപരിശോധിക്കുമെന്നാണ് ഫലസ്തീന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു നീക്കത്തിന് സൗദി തുനിയാനിടയില്ല.

സുഡാന്‍

ഇസ്രഈലുമായി നയതന്ത്രം ബന്ധം സ്ഥാപിക്കാനിടയുള്ള മറ്റൊരു അറബ് രാജ്യമാണ് സുഡാന്‍. ഇതു സംബന്ധിച്ച് സുഡാന്‍ സര്‍ക്കാരില്‍ തന്നെ തര്‍ക്കങ്ങളുണ്ട്.യു.എ.ഇ-ഇസ്രഈല്‍ സമാധാന കരാറിനെ അഭിനന്ദിച്ച വിദേശ കാര്യ മന്ത്രാലയ വക്താവിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

അതേ സമയം ഇസ്രഈല്‍ ഇന്റലിജന്‍സ് ചീഫായ യോസി കോഹന്‍ സുഡാന്‍ സര്‍ക്കാരമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം സുഡാന്‍ സൈനിക തലവനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അമേരിക്കന്‍ വിലക്കുകള്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്ന സുഡാന്‍ ഇസ്രഈല്‍ അനുനയത്തിലൂടെ ഇതു സാധ്യമാക്കാനിടയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

പിടികൊടുക്കാതെ മൊറോക്കോ

ഇസ്രഈലുമായി അനുനയത്തിനുള്ള ഒരു സൂചനയും മൊറോക്കോ ഇതുവരെ നല്‍കിയിട്ടില്ല. മാത്രവുമല്ല ഇസ്രഈലില്‍ അനുനയത്തിനോട് രൂക്ഷമായ രീതിയിലാണ് മൊറോക്കോ സര്‍ക്കാര്‍ പ്രതികരിച്ചത്.

‘ ഇവ മൊറോക്കോയുടെ ചുവന്ന വരകളില്‍ പെട്ടതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകളും സിയോണിസ്റ്റ് രാജ്യവുമായുള്ള സമാധാന പക്രിയയും ഞങ്ങള്‍ നിരസിക്കുന്നു,’ മൊറോക്കോ പ്രധാനമന്ത്രി സാദ് എദിന്‍ എല്‍ ഒത്താമനി കഴിഞ്ഞ ആഴ്ച പ്രതികരിച്ചതിങ്ങനെയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: arab normalisation with israel, who is next?

We use cookies to give you the best possible experience. Learn more